ചൂടേറിയ ചര്‍ച്ചയ്ക്കിടെ സ്റ്റാഫ് അംഗത്തിന്റെ കയ്യില്‍ കടന്നുപിടിച്ചു; പ്രതിപക്ഷം മുറവിളി കൂട്ടിയതോടെ ന്യൂസിലന്‍ഡ് വാണിജ്യ മന്ത്രി ആന്‍ഡ്രൂ ബെയ്‌ലി രാജിവച്ചു; സഭ്യേതര ഭാഷാ പ്രയോഗത്തിനും അശ്ലീലാംഗ്യ വിക്ഷേപത്തിനും ബെയ്‌ലി മുന്‍പേ വിവാദ നായകന്‍
ന്യൂസിലന്‍ഡ് വാണിജ്യ മന്ത്രി ആന്‍ഡ്രൂ ബെയ്‌ലി രാജിവച്ചു
വെല്ലിങ്ടണ്‍:ന്യൂസിലന്‍ഡ് വാണിജ്യ മന്ത്രി ആന്‍ഡ്രൂ ബെയ്‌ലി രാജിവച്ചു. കഴിഞ്ഞയാഴ്ച ഒരു സ്റ്റാഫ് അംഗത്തിന്റെ കയ്യില്‍ കടന്നുപിടിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് രാജിയില്‍ കലാശിച്ചത്. നിലവിട്ട പെരുമാറ്റം എന്നാണ് അദ്ദേഹം തന്നെ ഇതിനെ വിശേഷിപ്പിച്ചത്. സംഭവത്തില്‍ അഗാധമായി ഖേദിക്കുന്നതായി ബെയ്ലി ഇന്നലെ വ്യക്തമാക്കിയിരുന്നു. 'ജോലി സംബന്ധമായി സ്റ്റാഫംഗവുമായി ചൂടേറിയ ചര്‍ച്ചയുണ്ടായി. അത് ഇത്തിരി കടന്നുപോയി. ഞാന്‍ എന്റെ കൈ അവരുടെ കൈയുടെ മുകള്‍ഭാഗത്ത് വച്ചത് അനുചിതമായി പോയി 'എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ബെയ്ലി പാര്‍ലമെന്റംഗമായി തുടരും. കഴിഞ്ഞ വര്‍ഷം ഒരു വീഞ്ഞ് കമ്പനിയിലെ ജീവനക്കാരനെ അപമാനിച്ച സംഭവത്തിലും അദ്ദേഹം വിവാദ നായകനായിരുന്നു. ജീവനക്കാരനെ പരാജിതന്‍ എന്ന് വിളിച്ച ബെയ്ലി സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചു എന്നും അശ്ലീലാംഗ്യങ്ങള്‍ കാട്ടി എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അദ്ദേഹം പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.
ഈ മാസം 18 നാണ് രണ്ടാമത്തെ വിവാദ സംഭവം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബെയ്ലി രാജി സമര്‍പ്പിച്ച കാര്യം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സനാണ് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടിയാണ് സ്വീകരിച്ചതെന്ന്
പറഞ്ഞ ലക്സന്‍ ബെയ്ലി വീണ്ടും മന്ത്രിയാകാനുള്ള സാധ്യതകള്‍ തളളിക്കളഞ്ഞു.
എന്നാല്‍ ബെയ്ലിക്കെതിരായ നടപടി വളരെ നീണ്ടു പോയെന്ന് ലേബര്‍ പാര്‍ട്ടി നേതാവായ ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. ലക്സന്‍ അവിശ്വസനീയമാം ദുര്‍ബലന്‍ ആണെന്നും ഹിപ്കിന്‍സ് കുറ്റപ്പെടുത്തി. നിലവിലെ ഭരണകക്ഷിയായ നാഷണല്‍ പാര്‍ട്ടിയുടെ എംപിയായി 2014 ല്‍ ബെയ്ലി ആദ്യമായി ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023 അവസാനം വാണിജ്യം ഉപഭോക്തൃ കാര്യം, ചെറുകിട ബിസിനസ്, നിര്‍മ്മാണം സ്റ്റാറ്റിസ്റ്റിക്സ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ഈ വര്‍ഷം ആദ്യം നടന്ന മന്ത്രിസഭാ പുനഃസംഘടനയെത്തുടര്‍ന്ന് ദേശീയ അപകട നഷ്ടപരിഹാര പദ്ധതിയായ എ.സി.സിയുടെ ചുമതലയും അദ്ദേഹത്തിന് നല്‍കി. പ്രധാനമന്ത്രി ലക്സണിന്റെ കീഴില്‍ സ്വന്തം ഇഷ്ടപ്രകാരം രാജിവച്ച ആദ്യ മന്ത്രിയാണ് ബെയ്‌ലി.