ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി; നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനം; നാല് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചതോടെ കേവലഭൂരിപക്ഷം; സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പങ്കാളിത്തമടക്കം ചര്‍ച്ച

നിയമസഭാ കക്ഷിയോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനം

Update: 2024-10-10 11:32 GMT

ന്യൂഡല്‍ഹി: നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി തീരുമാനിച്ചു. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമായ ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയാവുകയാണ് ഒമര്‍. നാളെ ഗവര്‍ണര്‍ക്ക് ഇതുസംബന്ധിച്ചു കത്തുനല്‍കും.

സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പങ്കാളിത്തം, മന്ത്രിസഭയില്‍ എത്ര മന്ത്രിമാര്‍ ഉണ്ടാകും, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കളാരെങ്കിലും എത്തുമോ തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്. സത്യപ്രതിജ്ഞ എന്നാണെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.

അതിനിടെ, നാലു സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ നാഷനല്‍ കോണ്‍ഫറന്‍സ് കേവലഭൂരിപക്ഷം നേടി. ഇതോടെ കോണ്‍ഗ്രസ് പിന്തുണയില്ലെങ്കിലും ഭരിക്കാവുന്ന നിലയിലാണ് നാഷനല്‍ കോണ്‍ഫറന്‍സ്. ആകെ അംഗബലം 46 ആയി. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ നാമനിര്‍ദേശം ചെയ്ത അഞ്ചുപേര്‍ ഈ പട്ടികയില്‍പ്പെടില്ല. ഇങ്ങനെ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റ് നേടിയ നാഷണല്‍ കോണ്‍ഫറന്‍സ് ആണ് ഏറ്റവും വലിയ ഒറ്റകകക്ഷി. ഇന്ത്യാസഖ്യമായാണ് മത്സരിച്ചത്. കോണ്‍ഗ്രസ് ആറ് സീറ്റുകളും സിപിഎം ഒരു സീറ്റിലും വിജയിച്ചു. ബിജെപിക്ക് 29 സീറ്റുകള്‍ നേടി. സ്വതന്ത്രര്‍ ഏഴിടത്ത് വിജയിച്ചപ്പോള്‍ ജെകെപിഡിപി മൂന്ന് സീറ്റിലും വിജയിച്ചു.

ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി. ജമാ അത്തെ ഇസ്ലാമിയും, എഞ്ചിനിയര്‍ റഷീദിന്റെ പാര്‍ട്ടിയും മത്സരത്തില്‍ തകര്‍ന്നടിഞ്ഞു. രാജ്യം ഉറ്റുനോക്കിയ ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ തൂക്ക് സഭക്ക് സാധ്യതയോ എന്ന ആകാംക്ഷക്കിടെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അനായാസേന ജയിച്ചു കയറിയത്. നാഷണല്‍ കോണ്‍ഫറന്‍സ് നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ക്രെഡിറ്റില്‍ കോണ്‍ഗ്രസിനും ആശ്വസിക്കാം.

കശ്മീര്‍ മേഖലയിലെ 47 സീറ്റില്‍ ഭൂരിപക്ഷവും നാഷണല്‍ കോണ്‍ഫറന്‍സ് തൂത്ത് വാരി. കശ്മീര്‍ താഴ്വരയില്‍ ജനങ്ങള്‍ ഫറൂക്ക് അബ്ദുള്ളയുടെയും ഒമര്‍ അബ്ദുള്ളയുടെയും നേതൃത്വത്തോടാണ് വിശ്വാസം കാട്ടിയത്. മത്സരിച്ച 57ല്‍ 42 സീറ്റുകള്‍ നേടി നാഷണല്‍ കോണ്‍ഫറന്‍സ് തരംഗമായി മാറുകയായിരുന്നു. മത്സരിച്ച രണ്ട് സീറ്റുകളിലും ഒമര്‍ അബ്ദുള്ളയും വിജയിച്ചു.

ഇന്ത്യ സഖ്യത്തില്‍ 32 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയെങ്കില്‍ വിജയിക്കാനായത് 6 ഇടത്ത് മാത്രമാണ്. വിഘടനവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള വടക്കാന്‍ കശ്മീരിലും നാഷണല്‍ കോണ്‍ഫറന്‍സാണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്. പത്ത് കൊല്ലം മുന്‍പ് ജമ്മുകശ്മീര്‍ ഭരിച്ചിരുന്ന പിഡിപി മൂന്ന് സീറ്റിലേക്ക് ചുരുങ്ങി. മുഫ്തി കുടുംബത്തിലെ ഇളമുറക്കാരിയും മെഹബൂബ മുഫ്തിയുടെ മകളുമായ ഇല്‍ത്തിജ മുഫ്തിയുടെ പരാജയവും വന്‍ തിരിച്ചടിയായി. ആരുടെയും സഹായം കൂടാതെ ഇന്ത്യസഖ്യത്തിന് സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് വന്നതോടെ ഒമര്‍ അബ്ദുള്ളയാകും നേതാവെന്ന് ഫറൂക്ക് അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു.

ബിജെപി ഒരിക്കല്‍ കൂടി ജമ്മു മേഖലയില്‍ മാത്രം ഒതുങ്ങി. സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയുടെ തോല്‍വിയും പാര്‍ട്ടിക്ക് ക്ഷീണമായി. ജമ്മുമേഖലയില്‍ നേട്ടമുണ്ടാക്കിയെങ്കിലും ചെറിയ പാര്‍ട്ടികളെ ഉപയോഗിച്ച് ഭരണത്തിലെത്താമെന്ന തന്ത്രം പക്ഷേ കശ്മീര്‍ താഴ്വരയില്‍ പാളി. ബാരാമുള്ളയിലെ എംപി എഞ്ചിനിയര്‍ റഷീദിന്റെ അവാമി ഇത്തിഹാദ് പാര്‍ട്ടിക്ക് ശക്തി കേന്ദ്രങ്ങള്‍ പോലും നഷ്ടമായി. പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ സജാദ് ലോണിന് സ്വന്തം സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. ജമാ അത്തെ ഇസ്ലാമിയുടെ പത്ത് സ്ഥാനാര്‍ത്ഥികളും തോറ്റു. കുല്‍ഗാമില്‍ ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടര്‍ച്ചയായ അഞ്ചാം ജയം നേടി.

Tags:    

Similar News