തീരാവേദനായായി പീച്ചി ഡാം റിസര്‍വോയര്‍ അപകടം; കളി ചിരികളുമായി പെരുന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയവരില്‍ പെട്ടത് വലിയ ദുരന്തത്തില്‍; ഉറ്റചങ്ങാതിമാരില്‍ രണ്ടു പേരുടെ ജീവന്‍പോയതിന്റെ നടുക്കത്തില്‍ സുഹൃത്തുക്കള്‍; അലീനയും ആനും ഒരുമിച്ച് യാത്രയാകുമ്പോള്‍ എങ്ങും കണ്ണീരൂം വിലാപവും

Update: 2025-01-13 09:25 GMT

തൃശൂർ: ഇന്നലെയാണ് നാടിനെ തന്നെ നടുക്കി സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ അകടപ്പെട്ടു പോയത്. ഇതോടെ പെരുന്നാൾ സന്തോഷത്തിലായിരുന്ന ഒരു നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തി. പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളെയും നാട്ടുകാര്‍ ഉടനെ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ശേഷം ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തൃശൂർ പട്ടിക്കാട് സ്വദേശി അലീന പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങി.

ഇപ്പോഴിതാ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ പെട്ടവരുടെ മരണം രണ്ടായി ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്.

പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

അപകടത്തിൽപ്പെട്ട കുട്ടികളെല്ലാം തൃശൂർ‌ സെന്റ് ക്ലയേഴ്സ് കോൺവന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. നിമ ഏഴാം ക്ലാസ് വിദ്യാർത്ഥിയും മറ്റ് മൂന്ന് പേർ പ്ലസ് വൺ വിദ്യാർത്ഥികളുമാണ്.

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികൾ. ഡാമിലെ ജലസംഭരണി കാണാൻ ഹിമയുടെ സഹോദരി ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് പ്രധാന കാരണമായത്.

അപകടം നടന്നപ്പോൾ തന്നെ നാലു കുട്ടികളെയും വെള്ളത്തില്‍നിന്നു പുറത്തെടുത്ത് മെജോയ് കുര്യന്‍ സി.പി.ആര്‍. നല്‍കി. ഇതിനിടെ ഒരു കുട്ടിക്ക് ബോധം തിരിച്ചുകിട്ടി മെജോയ്യുടെ കൈയില്‍ കടിച്ചു. റിസര്‍വോയറില്‍നിന്ന് പ്രധാന റോഡിലേക്ക് 150 മീറ്ററോളം കുത്തനെയുള്ള കയറ്റമാണ്. ഈ കയറ്റത്തിലേക്ക് കുട്ടികളെ തോളില്‍വെച്ച് ഓടിക്കയറിയാണു മുകളിലെത്തിച്ചത്.

ആദ്യം പുറത്തെടുത്ത കുട്ടിയെ നാട്ടുകാരിലൊരാളുടെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ആംബുലന്‍സും എത്തി. 18 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് 15 മിനിറ്റുകൊണ്ട് ആംബുലന്‍സുകള്‍ ഓടിയെത്തി. അങ്ങനെ അതിവേഗം ആശുപത്രിയില്‍ കുട്ടികളെ എത്തിച്ചു. എന്നിട്ടും അലീനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബാക്കിയുള്ളവര്‍ക്കായി പ്രാര്‍ത്ഥന തുടരുകയാണ്. മൂന്ന് കുട്ടികളേയും അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ റിജോ പറഞ്ഞു.

ഒരുകിലോമീറ്റര്‍ ഇപ്പുറത്ത് തന്നെ തങ്ങള്‍ ഉണ്ടായിരുന്നു. പതിനഞ്ചുമിനിറ്റിനുള്ളില്‍ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞു. വലിയ ആഴമുള്ള സ്ഥലത്താണ് അപകടമുണ്ടായത്. ഫയര്‍ ഫോഴ്സ് വന്നാല്‍ പോലും തിരച്ചില്‍ ദുഷ്‌കരമാകുന്ന സ്ഥലമാണത്. ഒരുനിമിഷം പോലും പാഴാക്കാതെയാണ് നാട്ടുകാര്‍ ഉള്‍പ്പെടെ എല്ലാവരും രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News