ഇന്ദ്രപ്രസ്ഥാനത്ത് പുതിയ മേയറിന്റെ വരവോടെ ശുഭ പ്രതീക്ഷ; ഇനി ഭാവി കേരളത്തിൽ എങ്ങനെ..താമര വിരിയിപ്പിക്കുമെന്ന തന്ത്രപ്പാടിൽ നേതാക്കന്മാരും; നിർണായക സന്ദർശനത്തിന് അമിത് ഷാ തലസ്ഥാനത്തെത്തി; ഐശ്വര്യമായി പദ്മനാഭ സ്വാമിയെ തൊഴുത് പ്രചാരണ പരിപാടികൾക്ക് തുടക്കമിടും

Update: 2026-01-11 04:37 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണ പരിപാടികൾക്ക് തുടക്കമിടുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന അദ്ദേഹം, ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിലും കോർകമ്മിറ്റി യോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ കേരള സന്ദർശന തീയതിയും അമിത് ഷാ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ രാത്രി 11.15-ഓടെയാണ് അമിത് ഷാ തലസ്ഥാനത്ത് വിമാനമിറങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, കുമ്മനം രാജശേഖരൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ മന്ത്രിക്ക് ഇന്ന് തിരക്കിട്ട പരിപാടികളാണുള്ളത്. രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. വൈകീട്ടോടെ നടക്കുന്ന കോർകമ്മിറ്റി യോഗത്തിലും അമിത് ഷാ അധ്യക്ഷത വഹിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള ബിജെപിയുടെ തന്ത്രങ്ങൾക്കും പ്രചാരണങ്ങൾക്കും ഈ സന്ദർശനം നിർണ്ണായകമായേക്കും.

അതേസമയം, പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധേയരായ താരങ്ങൾ രാഷ്ട്രീയ നിലപാടുകൾ പരസ്യമാക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് ചർച്ചയാകുന്നു. താൻ 'സംഘി' ആണെന്ന് അഭിമാനത്തോടെ പറഞ്ഞിരിക്കുകയാണ് ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്‍റെ ഒപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഡോ. റോബിന്റെ പ്രതികരണം. ഭീഷണികളൊന്നും തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ റോബിൻ, ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജീവ് ചന്ദ്രശേഖരനെയും കെ. സുരേന്ദ്രനെയും തനിക്ക് ഇഷ്ടമാണെന്നും പറഞ്ഞു.

നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടത്, വലത് മുന്നണികളിലെ അഴിമതി ചൂണ്ടിക്കാട്ടിയ റോബിൻ, ബിജെപിയെ പുച്ഛിക്കുന്നവർക്ക് കേരളം ബിജെപി ഭരിക്കുമെന്ന ഭയമുണ്ടെന്നും അഭിപ്രായപ്പെട്ടു.

Tags:    

Similar News