2024 ഏപ്രില്‍ 24; പത്തനംതിട്ടയിലെ ഹോട്ടലില്‍ വെച്ച് ആദ്യ ബലാത്സംഗം; ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ ഭ്രൂണാവശിഷ്ടം തെളിവായി സൂക്ഷിച്ചു; വിദേശയാത്രയ്ക്കും ഫ്‌ലാറ്റിനും യുവതിയുടെ പണം; യുകെ യാത്രയ്ക്ക് പിന്നിലെ സാമ്പത്തികവും പരിശോധിക്കും; ശബ്ദരേഖകളും ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഏറെ; കാനഡയില്‍ സംഭവിച്ചത് എന്ത്?

Update: 2026-01-11 06:53 GMT

പത്തനംതിട്ട: ലൈംഗിക പീഡനക്കേസുകളില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മൂന്നാം കേസിലും കുരുക്ക് മുറുകുന്നു. 2024 ഏപ്രില്‍ 24-ന് പത്തനംതിട്ടയിലെ ഒരു ഹോട്ടലില്‍ വെച്ച് രാഹുല്‍ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനൊപ്പം, ഗര്‍ഭച്ഛിദ്രം നടത്തിയതിന്റെ തെളിവായി ഭ്രൂണാവശിഷ്ടം വരെ അതിജീവിത സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ എംഎല്‍എയുടെ അറസ്റ്റ് പോലീസ് വേഗത്തിലാക്കുകയായിരുന്നു.

തിരുവല്ല സ്വദേശിനിയും നിലവില്‍ കാനഡയിലുമുള്ള യുവതി മുഖ്യമന്ത്രിക്ക് അയച്ച പരാതിയാണ് രാഹുലിന് വിനയായത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി എഐജി പൂങ്കുഴലി ഐപിഎസ് മുന്‍പാകെ യുവതി മൊഴി നല്‍കി. ഗര്‍ഭാവസ്ഥയില്‍ ഡോക്ടറെ കണ്ടതിന്റെയും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയയായതിന്റെയും രേഖകള്‍ യുവതി കൈമാറി. അതിലുപരി, അലസിപ്പോയ ഗര്‍ഭത്തിന്റെ ഭ്രൂണാവശിഷ്ടം തെളിവായി തന്റെ പക്കലുണ്ടെന്ന് യുവതി മൊഴി നല്‍കിയത് കേസില്‍ നിര്‍ണ്ണായകമായി. ശബ്ദരേഖകളും ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

പീഡനം മാത്രമല്ല, രാഹുലിന്റെ സാമ്പത്തിക ചൂഷണത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാലക്കാട് എംഎല്‍എ ആയ ശേഷം ഉപതിരഞ്ഞെടുപ്പ് ചെലവുകള്‍ക്കും ഫ്‌ലാറ്റ് വാങ്ങാനുമായി രാഹുല്‍ പണം ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. രാഹുല്‍ നടത്തിയ യുകെ യാത്രയും മറ്റ് വിദേശ സന്ദര്‍ശനങ്ങളും ഈ യുവതിയുടെ ചെലവിലാണോ എന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. രാഹുല്‍ എംഎല്‍എ ആയ ശേഷം രണ്ട് ദിവസത്തെ മിന്നല്‍ യാത്രയായി യുകെയില്‍ പോയത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഡംബര വാച്ചുകള്‍ക്കും വസ്ത്രങ്ങള്‍ക്കും പുറമെ 10,000 രൂപയുടെ ചെരിപ്പിന് വരെ താനാണ് പണം നല്‍കിയതെന്ന് അതിജീവിത വെളിപ്പെടുത്തി.

പരാതി ലഭിച്ചാല്‍ തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്കോ രാഹുല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ രഹസ്യമായാണ് പൂങ്കുഴലി ഐപിഎസ് നീക്കങ്ങള്‍ നടത്തിയത്. അതിജീവിത കാനഡയില്‍ നിന്നും നാട്ടിലെത്തിയാല്‍ രാഹുല്‍ വിവരം മണത്തറിയുമെന്ന് ഭയന്ന്, അറസ്റ്റ് ചെയ്ത ശേഷം നാട്ടിലെത്തിയാല്‍ മതിയെന്ന് പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ചുരുക്കം ചില പോലീസുകാര്‍ മാത്രം അറിഞ്ഞ ഓപ്പറേഷനിലൂടെയാണ് പുലര്‍ച്ചെ 12.30-ഓടെ രാഹുലിനെ കുടുക്കിയത്.

വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട യുവതിയെ ചാറ്റിംഗിലൂടെ സൗഹൃദം സ്ഥാപിച്ച് വലയിലാക്കുക, ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുക, ബന്ധം ഉറപ്പിക്കാന്‍ കുഞ്ഞ് വേണമെന്ന് നിര്‍ബന്ധിക്കുകഗര്‍ഭിണിയായാല്‍ മറ്റൊരാളുടെ ഗര്‍ഭമാണെന്ന് ആരോപിച്ച് ക്രൂരമായി ഉപദ്രവിച്ച് ഗര്‍ഭച്ഛിദ്രത്തിന് ഇരയാക്കുക. ഈ 'ഓപ്പറേഷന്‍ രീതി' രാഹുല്‍ ആവര്‍ത്തിക്കുകയാണെന്ന ചര്‍ച്ചയാണ് സിപിഎം ഉയര്‍ത്തുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയ 'നീലപ്പെട്ടിയും' കെപിഎം ഹോട്ടലും ഇവിടേയും ഉണ്ട്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന കെപിഎം റീജന്‍സി ഹോട്ടലില്‍ അര്‍ദ്ധരാത്രി പോലീസ് നടത്തിയ റെയ്ഡ് വലിയ വിവാദമായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ കൊണ്ടുവന്ന നീല ട്രോളി ബാഗില്‍ കള്ളപ്പണമാണെന്നായിരുന്നു അന്ന് ഉയര്‍ന്നു വന്ന പ്രധാന ആരോപണം. അന്ന് ബാഗുമായി വാര്‍ത്താസമ്മേളനം നടത്തിയും പോലീസ് അന്വേഷണത്തില്‍ പണം കടത്തിയതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടിലൂടെയും രാഹുല്‍ ആ കുരുക്ക് അഴിച്ചിരുന്നു. മാസങ്ങള്‍ക്കിപ്പുറം അതേ ഹോട്ടലിലെ '2002'-ാം നമ്പര്‍ മുറിയില്‍ വെച്ച് രാഹുല്‍ വീണ്ടും പോലീസ് പിടിയിലായി. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ അതീവ രഹസ്യമായാണ് അന്വേഷണ സംഘം ഹോട്ടലിലെത്തിയത്. രാഹുലിന്റെ സഹായിയും ഡ്രൈവറും ഹോട്ടലില്‍ നിന്ന് മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പോലീസ് നീക്കം.

പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പുലര്‍ച്ചെയോടെ പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ എത്തിച്ചു. അവിടെ ഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പത്തനംതിട്ടയിലെ ഹോട്ടലില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും കാണിച്ചു തിരുവല്ല സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ഈ നടപടി. നീലപ്പെട്ടി വിവാദം ഉണ്ടായ അതേ ഹോട്ടലില്‍ വെച്ച് തന്നെ മൂന്നാം പീഡനക്കേസില്‍ രാഹുല്‍ കുടുങ്ങിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Tags:    

Similar News