ഗുഗിള്‍ പേ ഇടപാട് ആയതിനാല്‍ കൈക്കൂലിക്കാര്‍ നിഷേധിക്കാന്‍ കഴിയാത്ത ഡിജിറ്റല്‍ തെളിവ് ശക്തം; ആര്‍ടിഒ ഓഫീസിലെ അഴിമതിക്കാരെ കൈയ്യോടെ പിടിച്ചിട്ടും നടപടികള്‍ മാത്രമില്ല; തൃശൂരിലെ രണ്ടു മാസം മുമ്പുണ്ടായ അട്ടിമറി വീണ്ടും ആവര്‍ത്തിക്കുമോ എന്ന് ആശങ്ക ശക്തം; ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ് വെറുതെയാകുമോ?
തിരുവനന്തപുരം: ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ് എന്ന പേരില്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിനു കീഴിലെ 17 റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട്, 64 സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡ് വെറുതെയാകുമോ? കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ കഴിയാത്തത് വിജിലന്‍സിനെ പോലും ഞെട്ടിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ അടക്കമുള്ള യുപിഐയിലൂടെ പണം വാങ്ങിയെന്നു കണ്ടെത്തിയതു കൊണ്ടു തന്നെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശക്തമാണ്. എന്നിട്ടും നടപടിയില്ല. അതിനിടെ കുറ്റക്കാര്‍ക്കെതിരേ അടിയന്തരനടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. ആര്‍ടി ഓഫീസുകളിലെ ക്ലാര്‍ക്കുമാര്‍മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍വരെ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റും പണം വാങ്ങുന്നെന്നു കണ്ടെത്തി.
മറ്റൊരു വിജിലന്‍സ് ഇടപെടലില്‍ കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടു രണ്ടര മാസം കഴിഞ്ഞിട്ടും തൃശൂരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയില്ലെന്നതാണ് വസ്തുത. ഏപ്രില്‍ 30ന് അയ്യന്തോളില്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ തൃശൂര്‍ ആര്‍ടി ഓഫീസിലെ എംവിഐമാരായ എ.പി. കൃഷ്ണകുമാര്‍, കെ.ജി. അനീഷ് എന്നിവരില്‍നിന്നായി 72,000 രൂപ പിടികൂടിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനനടപടി ശിപാര്‍ശ ചെയ്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി ഗതാഗത വകുപ്പിനു ജൂണ്‍ 26നു കത്തു നല്‍കിയെങ്കിലും അവര്‍ സര്‍വീസില്‍ തുടരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ടി.എസ്. സംഗീതയാണു കത്തു നല്‍കിയത്. ഫയല്‍ കിട്ടിയില്ലെന്ന ന്യായമാണ് പറയുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് അടക്കമുള്ള സേവനങ്ങള്‍ വേഗത്തിലാക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കുവേണ്ടി ഏജന്റ് പിരിച്ചുനല്‍കിയ പണമാണ് ഉദ്യോഗസ്ഥരില്‍നിന്നു പിടിച്ചെടുത്തത്. ഇടക്കാല റിപ്പോര്‍ട്ടും സോഴ്‌സ് റിപ്പോര്‍ട്ടും വിജിലന്‍സ് ഡയറക്ടര്‍ മേയ് ഒന്പതിനു സര്‍ക്കാരിനു നല്‍കിയിരുന്നു. ഇത്തരത്തിലെ ഇടപെടല്‍ ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ് എന്ന ഇടപെടലിനേയും അട്ടിമറിക്കുമെന്ന സംശയം ശക്തമാണ്.
19നു വൈകുന്നേരം നാലരമുതല്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ 11 ഏജന്റുമാര്‍, 21 ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നു ലക്ഷങ്ങളാണു പിടിച്ചെടുത്തത്. 1.40 ലക്ഷം രൂപയുമായി 11 ഏജന്റുമാരെയും പിടികൂടി. നിമ്പൂപൂര്‍ സബ് ആര്‍ടി ഓഫീസ് പരിസരത്തുനിന്ന് ഉദ്യോഗസ്ഥര്‍ ജനലിലൂടെ വലിച്ചെറിഞ്ഞ 49,300 രൂപയും പിടിച്ചെടുത്തു. വിവിധ ഓഫീസുകളിലെ 21 ഉദ്യോഗസ്ഥര്‍ യുപിഐ ഇടപാടുവഴി ഏജന്റുമാരില്‍നിന്ന് കൈപ്പറ്റിയത് 7.85 ലക്ഷം രൂപയാണ്. ഏജന്റുമാര്‍വഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു, ജനങ്ങള്‍ ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ കാലതാമസം വരുത്തുന്നു, നിസാരകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിക്കുന്നു, ഏജന്റുമാര്‍ മുഖേന ലഭിക്കുന്ന അപേക്ഷകളില്‍ സീനിയോറിറ്റി മറികടന്നു വേഗം തീരുമാനമെടുക്കുന്നു എന്നിങ്ങനെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെയാണ് ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സ് എന്ന പേരില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വലിയ തോതിലാണ് ഇടപാടുകള്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്തെ ഉദ്യോഗസ്ഥന്‍ ഗൂഗിള്‍പേ വഴി 16,400 രൂപയും വര്‍ക്കല എസ്ആര്‍ടി ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ 82,203 രൂപയും കൈപ്പറ്റി. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, ഇടുന്പന്‍ചോല, എറണാകുളം, ഗുരുവായൂര്‍, മലപ്പുറം, തിരൂരങ്ങാടി എന്നിവിടങ്ങളിലും യുപിഐവഴി ഉദ്യോഗസ്ഥര്‍ ആയിരങ്ങള്‍ കൈക്കൂലി വാങ്ങി. കൊടുവള്ളിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഏജന്റുമാര്‍ 2.15 ലക്ഷം നല്‍കിയെന്നും കണ്ടെത്തി. വടകര, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കാസര്‍ഗോഡ്, വെള്ളരിക്കുണ്ട് ആര്‍ടി ഓഫീസുകളിലും വന്‍ കൈക്കൂലി കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകിട്ട് 4.30 മുതലായിരുന്നു പരിശോധന .കൈക്കൂലി ലഭിക്കാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ ചെറിയ അപാകതകള്‍ ചൂണ്ടിക്കാട്ടി നിരസിക്കുകയും മനഃപൂര്‍വം കാലതാമസം വരുത്തുകയും ചെയ്യുന്നു.
ഏജന്റുമാര്‍ മുഖേന ലഭിക്കുന്ന അപേക്ഷകളില്‍ സീനിയോറിറ്റി മറി കടന്ന് വേഗത്തില്‍ തീരുമാനമെടുക്കുന്നുവെന്നും കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാക്കുന്നതിനും പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ അനുവദിക്കുന്നതിനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും വാഹന ഷോറൂമുകളിലെ ഏജന്റുമാരും വഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടത്ര പരിശോധനകള്‍ നടത്താതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് അനുവദിക്കുന്നത്.