'ഒരു പാകിസ്ഥാനിയോട് നിങ്ങള്‍ തോറ്റോ അതോ ജയിച്ചോ എന്ന് ചോദിച്ചാല്‍....; അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചത് മാത്രമാണ് അവിടുത്തെ ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യം; ഒരു ചെസ് കളി പോലെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന് ഇന്ത്യ ചെക്ക് മേറ്റ് ചെയ്തു വിജയം ഉറപ്പാക്കി; വിജയിച്ചതായി ചിത്രീകരിക്കാന്‍ പാകിസ്ഥാന്റെ വിഫലശ്രമമെന്നും കരസേനാ മേധാവി

വിജയിച്ചതായി ചിത്രീകരിക്കാന്‍ പാകിസ്ഥാന്റെ വിഫലശ്രമമെന്നും കരസേനാ മേധാവി

Update: 2025-08-10 05:59 GMT

ന്യൂഡല്‍ഹി: ഇന്ത്യാ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ പാക്ക് ഭരണകൂടവും പാക്കിസ്ഥാന്‍ സൈന്യവും നടത്തുന്ന അവകാശവാദങ്ങളെ പരിഹസിച്ച് ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. യുദ്ധത്തില്‍ ജയിച്ചോ തോറ്റോ എന്ന് പാക്കിസ്ഥാന് പോലും ഉറപ്പില്ലെന്നും പാക് മേധാവിക്ക് ഫീല്‍ഡ് മാര്‍ഷല്‍ മേധാവി പദം ലഭിച്ചത് മാത്രമാണ് അവിടുത്തെ ജനങ്ങള്‍ക്ക് അറിയാവുന്ന ഏക വിവരമെന്നും ദ്വിവേദി പരിഹസിച്ചു. പാക്ക് ജനതയുടെ കണ്ണില്‍ പൊടിയിടാനുള്ള പാക്ക് ഭരണകൂടത്തിന്റെ ഒരു നീക്കം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പാക്കിസ്ഥാനിയോട് നിങ്ങള്‍ തോറ്റോ അതോ ജയിച്ചോ എന്ന് ചോദിച്ചാല്‍, ഞങ്ങളുടെ മേധാവി ഫീല്‍ഡ് മാര്‍ഷലായി, ഞങ്ങള്‍ ജയിച്ചിട്ടുണ്ടാകണമെന്ന് പറയും എന്നായിരുന്നു കരസേനാ മേധാവിയുടെ വാക്കുകള്‍. യുദ്ധത്തില്‍ ജയിച്ചോ തോറ്റോ എന്ന് പാക്കിസ്ഥാന് പോലും ഉറപ്പില്ല. പാകിസ്ഥാന്‍ കരസേനാ മേധാവി അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിച്ചതിനെ സൂചിപ്പിച്ചുകൊണ്ട് കരസേനാ മേധാവി പരിഹസിച്ചു.

പരമ്പരാഗതമായ ദൗത്യങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സിന്ദൂര്‍ ഓപ്പറേഷനെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ശത്രുക്കളുടെ അടുത്ത നീക്കത്തെക്കുറിച്ച് സൈന്യത്തിന് ഉറപ്പില്ലാത്തതിനാല്‍ അത് ഒരു ചതുരംഗക്കളി പോലെയായിരുന്നുവെന്നും ഒടുവില്‍ ചെക്ക്മേറ്റ് നല്‍കി പാക്കിസ്ഥാനെതിരേ ഇന്ത്യ വിജയം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജീവന്‍ നഷ്ടപ്പെടുമെന്ന ഭീഷണിക്കിടയിലും നമ്മള്‍ ശത്രുക്കളെ കൊല്ലാന്‍ ഇറങ്ങുകയായിരുന്നുവെന്നും അതാണ് ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

ചെസിനോടാണ് കരസേനാ മേധാവി ഇന്ത്യ - പാക് സംഘര്‍ഷത്തെ ഉപമിച്ചത്. 'ഒരു ചെസ് കളി പോലെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. അതില്‍ പാക്കിസ്ഥാന് ഇന്ത്യ ചെക്ക് മേറ്റ് ചെയ്തു. ശത്രുവിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അതുപോലെ ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് അവര്‍ക്കുമറിയില്ലായിരുന്നു. ഇതിനെയാണ് 'ഗ്രേ സോണ്‍' എന്ന് വിളിക്കുന്നത്. ഗ്രേ സോണ്‍ എന്നാല്‍ പരമ്പരാഗതമായ യുദ്ധമുറകളല്ല ഞങ്ങള്‍ ഉപയോഗിച്ചത് എന്നര്‍ത്ഥം. പരമ്പരാഗത യുദ്ധത്തിന് തൊട്ടുമുന്നിലുള്ള നീക്കങ്ങളാണ് ഞങ്ങള്‍ നടത്തിയത്. ഞങ്ങള്‍ ചെസ്സ് കളത്തിലെ നീക്കങ്ങള്‍ നടത്തി, ശത്രുവും അത് തന്നെ ചെയ്തു. ഒരിടത്ത് ഞങ്ങള്‍ അവരെ ചെക്ക്മേറ്റ് ചെയ്യുകയും മറ്റൊരിടത്ത് ഞങ്ങളുടെ സ്വന്തം ജീവന്‍ പണയം വെച്ച് അവരെ ഇല്ലാതാക്കുകയും ചെയ്തുവെന്നും കരസേനാ മേധാവി കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂറിനായി രാഷ്ട്രീയ നേതൃത്വത്തില്‍നിന്ന് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്ത് ചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിക്കൂവെന്നാണ് രാഷ്ട്രീയ നേതൃത്വം തങ്ങളോട് പറഞ്ഞതെന്നും ഉപേന്ദ്ര ദ്വിവേദി ചൂണ്ടിക്കാട്ടി. വ്യോമസേന മേധാവി എപി സിങിന്റെ പ്രസ്താവനയോട് യോജിച്ചാണ് കരസേന മേധാവിയുടെ പ്രതികരണം.

പഹല്‍ഗാമില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 22-ന് 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ സൈനിക മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ക്കുകയും നൂറിലേറെ തീവ്രവാദികളെ വധിക്കുകയും ചെയ്തു. മേയ് ഏഴിന് അര്‍ധരാത്രിയില്‍ തുടങ്ങിയ സൈനിക നടപടി നാല് ദിവസത്തോളം നീണ്ടുനിന്നു.

Tags:    

Similar News