'താത്പര്യങ്ങള്‍ക്ക് അനുയോജ്യമായി വിവേകത്തോടെ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കി; ദൗത്യങ്ങള്‍ ഇപ്പോഴും തുടരുന്നു; അഭ്യൂഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം'; വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കി

Update: 2025-05-11 09:40 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി പാക്കിസ്ഥാനിലെ ഭീകപരിശീലന ക്യാംപുകള്‍ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഇന്ത്യന്‍ വ്യോമസേന. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വിവേകത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതെന്നും വ്യോമസേന സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

മേയ് 9നു രാത്രിയെടുത്ത ആ 'റിസ്‌ക്'; അതോടെ പാക്കിസ്ഥാന് മനസ്സിലായി, ഇന്ത്യ വെറുതെയിരിക്കില്ല, ഇനി വെടിനിര്‍ത്തല്‍ മാത്രം രക്ഷ

''ഇന്ത്യന്‍ വ്യോമസേന കൃത്യതയോടെയും കാര്യക്ഷമതയോടെയുമാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുയോജ്യമായി വിവേകത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയത്. വ്യോമസേനയുടെ ഓപ്പറേഷന്‍ നിലവില്‍ തുടരുന്നതിനാല്‍ വിശദമായ വിവരങ്ങള്‍ പിന്നീട് നല്‍കുന്നതായിരിക്കും. അഭ്യൂഹങ്ങള്‍, തെറ്റായ വിവരങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കണം'' വ്യോമസേന എക്‌സില്‍ കുറിച്ചു.

ദൗത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്സിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെയാണ് സേനയുടെ ഇത്തരത്തിലുള്ള ഒരു പ്രതികരണം. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം നടന്നു വരികയാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, മൂന്ന് സേനാ മേധാവികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

നിയന്ത്രണ രേഖയിലെ (എല്‍ഒസി) സാഹചര്യം സമാധാനപരമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ശനിയാഴ്ച രാത്രി മുഴുവന്‍ നടന്ന സംഭവങ്ങള്‍ യോഗം അവലോകനം ചെയ്തതായാണ് വിവരം. അതിര്‍ത്തിയിലെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യും.

പാകിസ്ഥാന്‍ ഇന്ന് വീണ്ടും പ്രകോപനം ഉണ്ടാക്കിയാല്‍ ശക്തമായി തിരിച്ചടിക്കാനാണ് നിര്‍ദ്ദേശം. വെടിനിറുത്തല്‍ പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് പാകിസ്ഥാന്‍ ഇന്നലെ ഇത് ലംഘിച്ചത്. ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ ഷെല്ലിങ് നടത്തി.

ജമ്മു കശ്മീരിന് പുറമെ പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെയും പല നഗരങ്ങളിലേക്കും പാകിസ്ഥാന്‍ ഡ്രോണുകള്‍ അയച്ചു. ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായോ എന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അമൃത്സര്‍ അടക്കമുള്ള നഗരങ്ങളില്‍ പുലര്‍ച്ച റെഡ് അലര്‍ട്ടുണ്ടായിരുന്നു. തല്‍ക്കാലം ജാഗ്രത തുടരും.

ശക്തമായ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പാകിസ്ഥാന്‍ വെടിനിറുത്തലിന് തയ്യാറായത്. ഇന്നലെ രാവിലെ 9 മണിക്കും പാകിസ്ഥാന്റെ ഡിജിഎംഒ ഇതിന് സന്നദ്ധത അറിയിച്ച് സന്ദേശം നല്കിയിരുന്നു. വൈകിട്ട് നടന്ന ചര്‍ച്ചയോടെ ധാരണയായി. നദീജല കരാര്‍ അടക്കം ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News