ഓസ്‌ക്കാര്‍ അവാര്‍ഡ് നേടിയ ഫലസ്തീന്‍ സംവിധായകന് നേരെ ജൂതകുടിയേറ്റക്കാരുടെ ആക്രമണം; കാറും വീടും നശിപ്പിച്ച ജൂതന്മാര്‍ സംവിധായകനെ മര്‍ദിച്ച് അവശനാക്കി; ഒടുവില്‍ രക്ഷിക്കാനെത്തിയ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ട് പോയി
വെസ്റ്റ് ബാങ്ക്: വെസ്റ്റ്ബാങ്കില്‍ ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ ഫലസ്തീന്‍ സംവിധായകന് നേരേ കൈയ്യേറ്റം. ജൂത കുടിയേറ്റക്കാരാണ് സംവിധായകനായ ഹംദാന്‍ ബല്ലാലിനെ ആക്രമിച്ചത്. ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഇസ്രയേല്‍ സൈന്യം ഹംദാന്‍ ബല്ലാലിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുകയായിരുന്നു. ഈ വര്‍ഷത്തെ ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങളില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌ക്കാരം നേടിയ നോ അദര്‍ലാന്‍ഡിന്റെ സംവിധായകരില്‍ ഒരാളായിരുന്നു ഇദ്ദേഹം.
തെക്കന്‍ ഹെബ്രോണിലുള്ള ഫലസ്തീന്‍ ഗ്രാമമായ സൂസിയയിലേക്ക് നിരവധി ജൂതകുടിയേറ്റക്കാര്‍ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തിലേക്ക് വലിയൊരു സംഘമായി എത്തിയ ജൂതകുടിയേറ്റക്കാര്‍ ശക്തമായ തോതില്‍ കല്ലേറ് നടത്തുകയും വീടുകളുടെ ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും വാഹനങ്ങളുടെ ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു. ഹംദാന്‍ ബല്ലാലിനെ അതിക്രൂരമായിട്ടാണ് ഇവര്‍ മര്‍ദ്ദിച്ചത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
അദ്ദേഹത്തിന്റെ തലയില്‍ നിന്ന് ചോരയൊഴുകുന്നതും കാണാമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഒരു ആംബുലന്‍സില്‍ കയറ്റി പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനിടെയാണ് ഇസ്രയേല്‍ സൈന്യം എത്തി അറസ്റ്റ് ചെയ്തത്. വേറൊരു ഫലസ്തീന്‍ പൗരനേയും സൈന്യം
പിടികൂടിയിട്ടുണ്ട്. പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് സംവിധായകനെ ആക്രമിച്ചതെന്നാണ് ആരോപണം. ഹംദാന്റെ വീടിന് സമീപത്തുണ്ടായിരുന്ന വാട്ടര്‍ടാങ്കും അക്രമികള്‍ നശിപ്പിച്ചു. ഹംദാന്റെ കാറും തല്ലിത്തകര്‍ത്തവര്‍ അതിന്റെ ടയറുകളും കുത്തിക്കീറി നശിപ്പിച്ചു. ഇസ്രയേല്‍ സൈനികര്‍ക്കൊപ്പം സൈനിക വേഷത്തില്‍ എത്തിയവരാണ് അക്രമം അഴിച്ചുവിട്ടത്.
അക്രമികളാണ് ഹംദാനെ പിടികൂടി സൈന്യത്തിന് കൈമാറിയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ മൂടിക്കെട്ടിയതിന് ശേഷമാണ് സൈന്യം പിടിച്ചു കൊണ്ട് പോയത്. വലിയ കല്ലുകള്‍ ഉപയോഗിച്ചാണ് അക്രമികള്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തത്. വൈകുന്നേരം ആറ് മണിയോടെയാണ് മുഖംമൂടി അണിഞ്ഞ ഒരു സംഘം ആളുകള്‍ ഹംദാന്റെ വീട്ടിലേക്ക് ഇരച്ചു കയറിയത്. പലരുടേയും കൈകളില്‍
വടികളും കത്തികളും ഉണ്ടായിരുന്നു. ഒരാളിന്റെ കൈയ്യില്‍ തോക്കും ഉണ്ടായിരുന്നു. എന്നാല്‍ ഫലസ്തീന്‍കാര്‍ ഇവിടെ താമസിക്കുന്ന ഇസ്രയേലുകാരുടെ വീടുകളിലേക്ക് കല്ലേറ് നടത്തിയതിന് തിരിച്ചടി ആയിട്ടാണ് ഈ സംഭവം ഉണ്ടായതെന്നാണ് വിശദീകരിച്ചത്.
ഇതേ തുടര്‍ന്ന്ാണ് പരസ്പരം കല്ലേറുണ്ടായത്. സംഭവസ്ഥലത്തേക്ക് എത്തിയ ഇസ്രയേല്‍ സുരക്ഷാ സൈനികര്‍ക്ക് നേരേയും കല്ലേറുണ്ടായതായും അവര്‍ വിശദീകരിച്ചു. തൊണ്ണൂറ്റിഏഴാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തിലാണ് 'നോ അദര്‍ ലാന്‍ഡ്' പുരസ്‌കാരം നേടിയത്. പുരസ്‌കാരം ലഭിക്കുന്നത് അമേരിക്കയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ വിതരണക്കാരെ ലഭിച്ചിരുന്നില്ല. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റം മൂലം ജന്മനാടായ മസാഫര്‍ യാട്ടയുടെ തകര്‍ച്ചയാണ് 'നോ അദര്‍ ലാന്‍ഡി'ലൂടെ ലോകത്തിന് മുന്നിലെത്തിച്ചത്.
വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാനുള്ള ഇസ്രായേല്‍ നീക്കമാണ് ചിത്രത്തിന്റെ ഉള്ളടക്കം. നേരത്തേയും 'നോ അദര്‍ ലാന്‍ഡ്' അന്താരാഷ്ട്രവേദികളില്‍ തിളങ്ങിയിരുന്നു. 2024ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷകപിന്തുണയുള്ള ചിത്രമായും മികച്ച ഡോക്യുമെന്ററി ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രമല്ല, ബെസ്റ്റ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരവും 'നോ അദര്‍ ലാന്‍ഡ്' നേടിയിരുന്നു.