'ഒരു നിമിഷം മതി സിവില്‍ ഡെത്ത് സംഭവിക്കാന്‍' :ദിവ്യയുടെ ആറ് മിനിറ്റ് പ്രസംഗത്തിന്റെ ആഘാതത്തില്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ കാത്തുനിന്ന ഉറ്റവര്‍ അറിഞ്ഞു പ്രിയപ്പെട്ടവനെ നഷ്ടമായെന്ന്; നവീന്‍ ബാബു മരിച്ച് 15ാം നാള്‍ കീഴടങ്ങല്‍; കായിക താരമായിരുന്ന സിപിഎമ്മിന്റെ തീപ്പൊരി നേതാവിന് വിനയായത് എടുത്തുചാട്ടം
സിപിഎമ്മിന്റെ തീപ്പൊരി നേതാവിന് വിനയായത് എടുത്തുചാട്ടം
കണ്ണൂര്‍ : 'നവീന്‍സാറിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ വെളുപ്പിനെ ഭാര്യയും മകളും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്ക്കുകയായിരുന്നു; അവരറിഞ്ഞില്ല പ്രിയപ്പെട്ടയാള്‍ സ്വയം ജീവനൊടുക്കി കഴിഞ്ഞുവെന്ന്': റവന്യു ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ സജീവ് ആല എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ച് എഴുതിയ കുറിപ്പ് ഒന്നുമാത്രം മതി ഈ വിഷയത്തിലെ പൊതുജന വികാരം എന്താണെന്ന് മനസ്സിലാക്കാന്‍. അത് വലിയൊരു വികാരവേലിയേറ്റമായിരുന്നു. അതില്‍ പിടിച്ചുനില്‍ക്കാന്‍ പി പി ദിവ്യക്കെന്നല്ല, സിപിഎമ്മിന് പോലും കഴിഞ്ഞില്ല.
വിവാദം കൊടുമ്പിരി കൊണ്ടതോടെ നില്‍ക്കക്കള്ളിയില്ലാതെ ദിവ്യയ്ക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നു.
നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പത്തനംതിട്ട-കണ്ണൂര്‍ ജില്ലാഘടകങ്ങള്‍ തമ്മില്‍ അസ്വാരസ്യവും പരസ്പരവിരുദ്ധമായ പ്രസ്താവനകളും ഉണ്ടായതോടെയാണ് ദിവ്യയുടെ പുറത്താകലിന് വഴിയൊരുങ്ങിയത്. ആരോപണ വിധേയയായ ദിവ്യയുടെ രാജിക്കായി കണ്ണൂരിലെ പാര്‍ട്ടിയില്‍ നിന്നും ഒരു വിഭാഗം നേതാക്കള്‍ ശക്തമായി നിലപാട് സ്വീകരിച്ചതോടെ ചില നേതാക്കളുടെ അതീവ വിശ്വസ്തയായിട്ടും പി.പി ദിവ്യയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല.
നന്നായി ബാറ്റ് ചെയ്ത് വരവേ റണ്ണൗട്ടായി
മന്ത്രി മുഹമ്മദ് റിയാസ്, കെ.കെ.രാഗേഷ് തുടങ്ങിയ യുവനേതാക്കള്‍ നേതൃത്വം നല്‍കുന്ന യുവതലമുറയിലെ ഗ്രൂപ്പിന്റെ മുന്നണി പോരാളിയായിരുന്നു ദിവ്യ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ പട്ടികയില്‍ ദിവ്യയാണ് പ്രഥമ പരിഗണനയില്‍ വന്നതെങ്കിലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേതുള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണ നേടാന്‍ കഴിഞ്ഞില്ല. പി.കെ ശ്രീമതി ടീച്ചര്‍ക്കായി ഇ.പി ജയരാജന്‍ ശക്തമായി രംഗത്തു വന്നതോടെ സമവായ സ്ഥാനാര്‍ഥിയായി എം. വി ജയരാജന്‍ രംഗത്തുവരികയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിലുള്ള ചടുലമായ പ്രവര്‍ത്തനങ്ങള്‍ പി.പി ദിവ്യ യ്ക്ക് ഏറെ കൈയ്യടി നേടിക്കൊടുത്തിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല ഫുട്ബോള്‍ ടീമിന്റെ ഗോളിയായും ആകാശവാണിയില്‍ വാര്‍ത്താ മേഖലയില്‍ ജോലി ചെയ്ത പരിചയവും ദിവ്യയ്ക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ സഹായകരമായി. പള്ളിക്കുന്ന് വി.കെ കൃഷ്ണമേനോന്‍ കോളേജിലെ തീപ്പൊരി നേതാവായിരുന്ന പി.പി ദിവ്യ നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ ജില്ലാ നേതാവായും സംസ്ഥാന നേതാവായും പ്രവര്‍ത്തിക്കുമ്പോള്‍ ജലപീരങ്കി പ്രയോഗത്തിനും ലാത്തിചാര്‍ജ്ജിനും വിധേയയായിട്ടുണ്ട്.
ഇന്നോവയ്ക്ക് വേണ്ടി വാശി പിടിച്ചും വിവാദം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച പേരുകളിലൊന്ന് ദിവ്യയുടെതായിരുന്നുവെങ്കിലും അവസാന നിമിഷം തെറിക്കുകയായിരുന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നപ്പോഴും വിവാദങ്ങളില്‍ ദിവ്യ ചെന്നുപ്പെട്ടിരുന്നു. പുതിയ ഇന്നോവ കാര്‍ വേണമെന്ന് ആവശ്യപ്പെട്ടു ദിവ്യ പിണങ്ങി നിന്നുവെന്ന വാര്‍ത്ത പുറത്തുവരികയും ഒടുവില്‍ അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഇടപെടലിലുടെ അനുനയത്തിന്റെ പാതയിലെത്തുകയുമായിരുന്നു.
എന്നാല്‍ രണ്ടാം ടേമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് പി.പി ദിവ്യയുടെ പേര് കൂടുതല്‍ ശോഭിച്ചത്. സംസ്ഥാനത്തെ തന്നെ മികച്ച ജില്ലാപഞ്ചായത്താക്കി കണ്ണൂരിനെ മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു. ഓണത്തിന് ഒരു കൊട്ട പൂ പദ്ധതിയിലൂടെ ഇക്കുറി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുകൃഷി രംഗത്ത് വന്‍ വിപ്ളവം തന്നെ സൃഷ്ടിച്ചു. ഇതുകൂടാതെ വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്താനും അവര്‍ക്ക് കഴിഞ്ഞു. കുട്ടികള്‍ എഴുതിയ 1000 പുസ്തകങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചതും ദിവ്യയുടെ നേതൃത്വത്തിലാണ്.
കണ്ണൂരിലെ ടൂറിസം മേഖലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ വ്യവസായ സംരഭകരുടെ കോണ്‍ക്ളേവ് നടത്തിയതും 1000 കോടിയുടെ പദ്ധതികള്‍ വിഭാവനം ചെയ്തതും മാസങ്ങള്‍ക്ക് മുന്‍പാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ കടലോര ടൂറിസം പദ്ധതികളാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഭരണ നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും ദിവ്യയെ പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അനഭിമതയാക്കി.
പിന്തുടര്‍ന്ന് വിവാദങ്ങള്‍
പാലക്കയം തട്ടില്‍ ബിനാമിഭൂമിയുണ്ടെന്ന ആരോപണം എതിരാളികള്‍ ഉയര്‍ത്തിയെങ്കിലും ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണൂരിലെ ചില യുവ നേതാക്കളുമായി ചേര്‍ന്ന് ബിനാമി ബിസിനസുണ്ടെന്ന ആരോപണം ചിലര്‍ ഉയര്‍ത്തിയെങ്കിലും ഇത്തരം കാര്യങ്ങളൊന്നും തെളിയിക്കപ്പെടാതെ പുകമറയായി മാറുകയായിരുന്നു. ഏറ്റവും ഒടുവിലാണ് എ.ഡി.എം നവീന്‍ ബാബു തടസപ്പെടുത്തിയെന്നു പറയപ്പെടുന്ന ചെങ്ങളായിയിലെ നിര്‍ദ്ദിഷ്ട പെട്രോള്‍ പമ്പില്‍ ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന് വ്യവസായ സംരഭകനായ കെ.വി പ്രശാന്തുമായി ചേര്‍ന്നു പങ്കാളിത്തമുണ്ടെന്ന ആരോപണം.
പാര്‍ട്ടിയിലെ സൈബര്‍ പോരാളികള്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ഈ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നുവെങ്കിലും വസ്തുതാപരമല്ലാത്ത ആരോപണമായിട്ടാണ് പാര്‍ട്ടി വിലയിരുത്തിയത്. ഇങ്ങനെ വിവാദങ്ങളില്‍ നിന്നും പോറലേല്‍ക്കാതെ രക്ഷപെട്ട പി.പി ദിവ്യ എ.ഡി.എം നവീന്‍ ബാബുവിനെതിരെ നടത്തിയ പരസ്യ വിമര്‍ശനം അദ്ദേഹത്തിന്റെ ജീവനെടുത്തതോടെ വാരി കുഴിയില്‍ വീഴുകയായിരുന്നു.
തന്റെ ഭര്‍ത്താവിന്റെ സുഹൃത്തും രണ്ട് സി.പി.എം നേതാക്കളുടെ അടുത്ത ബന്ധുവുമായ പെട്രോള്‍ പമ്പ് സംരഭകന്‍ കെ.വി പ്രശാന്തില്‍ നിന്നും ജീവനൊടുക്കിയ എ.ഡി.എം. നവീന്‍ ബാബു കൈക്കുലി വാങ്ങിയെന്നായിരുന്നു പി.പി ദിവ്യ യാത്രയയപ്പ് സമ്മേളനത്തില്‍ തുറന്നടിച്ചത്. താന്‍ പലവട്ടം ഫോണ്‍ ചെയ്തിട്ടും ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍.ഒ.സി കൊടുക്കാന്‍ നവീന്‍ ബാബു തയ്യാറാകാത്തതിന്റെ ഈര്‍ഷ്യയാണ് ദിവ്യ പരസ്യ വിമര്‍ശനത്തിലൂടെ പ്രകടിപ്പിച്ചത്.
എന്നാല്‍ താന്‍ ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ പ്രമുഖ നേതാക്കള്‍ പറഞ്ഞിട്ടും അനുസരിക്കാത്ത എ.ഡി.എം കണ്ണുരിലെ സി.പി.ഐ നേതൃത്വം പറഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ എന്‍.ഒ.സി കൊടുത്തത് ദിവ്യയെ മാത്രമല്ല സി.പി.എം നേതൃത്വത്തെയും പ്രകോപിപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പെ തന്റെ സ്ഥലം മാറ്റ വിഷയത്തില്‍ സി.പി.എം സഹായിച്ചില്ലെന്നും പാര വെച്ച് അപേക്ഷ തടസപ്പെടുത്തിയെന്നും നവീന്‍ ബാബു അടുപ്പമുള്ളവരോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് സി.പി.ഐ നേതൃത്വമാണ് കാര്യങ്ങള്‍ നടത്തി തന്നതെന്നുള്ള തുറന്ന് പറച്ചിലാണ് ദിവ്യയെയും. സി.പി.എം നേതൃത്വത്തെയും പ്രകോപിപ്പിച്ചത്. ഇക്കാര്യം കണ്ണുരിലെ സി.പി.ഐ നേതാക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ സി.പി.എം രാഷ്ട്രീയ പ്രതിരോധത്തിലാവുകയും ചെയ്തു. നവീന്‍ ബാബു ആത്മഹത്യ ചെയ്തപ്പോള്‍ അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് റവന്യു മന്ത്രി രാജന്‍ തുറന്നു പറഞ്ഞത് നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള സി.പി.എം സൈബര്‍ പോരാളികളുടെ മുനയൊടിക്കുകയും ചെയ്തിരുന്നു.
നവീന്‍ ബാബു മരിച്ച് 15 ാം നാള്‍ കീഴടങ്ങല്‍
ഒക്ടോബര്‍ 14 തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണയിരുന്നു കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ്. ക്ഷണിക്കാത്ത അതിഥിയായി വന്ന് ദിവ്യ നടത്തിയ ആറ് മിനിറ്റ് പ്രസംഗം അന്ന് രാത്രി തന്നെ അഴിമതി ആരോപണ വാര്‍ത്തയായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പിറ്റേന്ന് ഒക്ടോബര്‍ 15 ന് പുലര്‍ച്ചെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
പി പി ദിവ്യയുടെ വിവാദ പ്രസംഗം
'മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി വിജയന്‍ പറഞ്ഞ, എന്റെയൊക്കെ ഹൃദയത്തില്‍ തറച്ച വാചകമുണ്ട്. ഒരു ഫയല്‍ എന്നാല്‍ ഒരു മനുഷ്യന്റെ ജീവിതമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പലപ്പോഴും ഞാന്‍ വിമര്‍ശനമായി പറയുന്നതായിട്ട് കരുതുക, അങ്ങനെ പറഞ്ഞിട്ടുപോലും എന്റെ കൈയിലുള്ള ഫയല്‍ ഒരു മനുഷ്യന്റെ ജീവിതമാണ് എന്ന് എത്രപ്പേര്‍ക്ക് തോന്നിയിട്ടുണ്ടാവും. പത്തുപതിനഞ്ചും പ്രാവശ്യം ഓഫീസില്‍ കയറിയിറങ്ങുന്ന മനുഷ്യന്‍, അവര്‍ അങ്ങനെ വന്നുപോകുമ്പോള്‍, ആ മനുഷ്യന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെന്ന് ഒരു തവണയെങ്കിലും ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. മറ്റൊരു കാര്യം. വളരെ സുതാര്യമായിട്ടുള്ള സംവിധാനങ്ങള്‍ ഉള്ള കാലമാണ്. സുതാര്യം എന്നു പറഞ്ഞാല്‍ ഒരു രഹസ്യവും നമുക്ക് ആര്‍ക്കും ഇല്ല. ഞാന്‍ ഇന്ന്് ഫോണില്‍ സംസാരിക്കുന്നതു പോലും പലര്‍ക്കും കേള്‍ക്കാം. ഞാന്‍ വിചാരിക്കുന്നത്. കലക്ടര്‍ വിളിക്കുമ്പോള്‍ ഞാനും കലക്ടറും മാത്രമേ അറിയൂ എന്നാണ്. ഇതിനപ്പുറം ഒരുപാട് ആളുകള്‍ കേള്‍ക്കുന്നുണ്ട്. നമുക്ക് ചുറ്റും ഒരുപാട് കണ്ണുകള്‍ ഉണ്ട് എന്ന കാര്യം നമ്മള്‍ വിശ്വസിക്കണം.
യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിന് ഞാന്‍ എല്ലാവിധ ആശംസകളും നേരുകയാണ്. അദ്ദേഹം മറ്റൊരു ജില്ലയിലേക്ക് പോകുകയാണ്. മുന്‍ എഡിഎമ്മുകളില്‍ നിന്ന് വ്യത്യസ്തമായി ഇദ്ദേഹത്തെ അധികം വിളിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എന്നാല്‍ ഒരിക്കല്‍ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ്. നിങ്ങള്‍ സൈറ്റ് ഒന്നുപോയി നോക്കണം. ഒരു പ്രാവശ്യം വിളിച്ചു, രണ്ടു പ്രാവശ്യം വിളിച്ചു. അപ്പോള്‍ ഒരു ദിവസം പറഞ്ഞ് സൈറ്റ് പോയി നോക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. ആ സംരംഭകന്‍ എന്റെ മുറിയില്‍ പലതവണ വന്നു. തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു തീരുമാനമാകും. വീണ്ടും വീണ്ടും അദ്ദേഹം എന്റെ അടുത്ത് വന്നു. എഡിഎമ്മിനോട് പറഞ്ഞു. ഇത് എന്തെങ്കിലും നടക്കോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതില്‍ ചില പ്രശ്നങ്ങളുണ്ട്. ഒരു വളവും തിരിവും ഉള്ളതുകൊണ്ട് ഒരു എന്‍ഒസി കൊടുക്കാന്‍ പ്രയാസമാണ് എന്ന് അദ്ദേഹം പറഞ്ഞു.
സംരംഭകന്‍ എന്റെ അടുത്ത് വന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ ഇങ്ങനെ ഇടയ്ക്കിടെ വന്നു കാണേണ്ട ആവശ്യമില്ല. ഞാന്‍ ഒന്നോ രണ്ടോ തവണ അദ്ദേഹത്തോട് പറഞ്ഞുകഴിഞ്ഞു.നിങ്ങളെ സഹായിക്കണം. ഒരു ബുദ്ധിമുട്ടുമില്ലെങ്കില്‍ ഒരു സെക്കന്‍ഡ് വച്ച് സഹായിക്കേണ്ടവരാണ് നമ്മളെല്ലാം എന്ന് പറഞ്ഞു. മാസങ്ങള്‍ കുറച്ചായി.കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എന്‍ഒസി കിട്ടിയെന്ന് പറഞ്ഞു. ഏതായാലും നന്നായി. എന്‍ഒസി എങ്ങനെ കിട്ടി എന്നത് എനിക്ക് അറിയാം. ആ എന്‍ഒസി കൊടുത്തതില്‍ നന്ദി പറയാനാണ് കഷ്ടപ്പെട്ട് ഞാന്‍ ഈ സമയത്ത് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നത്. ഒന്ന് ജീവിതത്തില്‍ സത്യസന്ധത പാലിക്കണം. നിങ്ങള്‍ ഒരു വ്യക്തിയെയും ചിരിച്ച് കൊണ്ടും പാല്‍ പുഞ്ചിരി കൊണ്ടും ലാളിത്യം കൊണ്ടും ജീവിക്കുന്നവരാണ് ഏറ്റവും നല്ല മനുഷ്യര്‍ എന്ന് നിങ്ങള്‍ ആരും ധരിക്കേണ്ട. അങ്ങനെ ആരും ധരിക്കേണ്ട. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് ഒരു നന്ദി പറയുകയാണ്.
കാരണം ഞാന്‍ ഒരു ആവശ്യം അദ്ദേഹത്തോട് ഉന്നയിച്ചപ്പോള്‍ അദ്ദേഹം നടത്തി കൊടുത്തു കുറച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. കൂടുതല്‍ മെച്ചപ്പെടണം.മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. കാരണം നമ്മുടെ ചുറ്റും ആളുകള്‍ ഉണ്ട്. വളരെ കെയര്‍ ചെയ്യണം. ഇത് സര്‍ക്കാര്‍ സര്‍വീസാണ്. ഒരു നിമിഷം മതി സിവില്‍ ഡെത്ത് സംഭവിക്കാന്‍. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് കൊണ്ട് നമ്മള്‍ എല്ലാവരും പേന പിടിക്കണം. ഇത് മാത്രമാണ് ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയുന്നത്. ഒരു രണ്ടു ദിവസം കാത്തിരിക്കണം. ഇത്രമാത്രം പറഞ്ഞു കൊണ്ട് ഞാന്‍ ഇവിടെ നിന്ന് ഇറങ്ങുന്നു. മറ്റൊന്നുമല്ല ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാവരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങള്‍ കൂടി ഉണ്ട്. അത് രണ്ടുദിവസം കൊണ്ട് നിങ്ങളെല്ലാം അറിയും.'
തെളിവുകള്‍ എതിരായി
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയ്‌ക്കെതിരെയുള്ള കോടതി വിധി. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്
എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല.
സംഘാടകരായ സ്റ്റാഫ് കൗണ്‍സിലും ജില്ലാ കലക്ടറും ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിരുന്നു. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാന്‍ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. എഡിഎമ്മിനെ സമ്മര്‍ദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തില്‍ ദിവ്യ പറഞ്ഞവസാനിപ്പിച്ചത്. കളക്ടറേറ്റിലെ യോഗത്തില്‍ ദിവ്യ എഡിഎമ്മിനെതിരെ ആരോപണമുന്നയിക്കാന്‍ ലക്ഷ്യമിട്ട് എത്തിയതെന്ന് ആരും കരുതിയില്ല. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നായിരുന്നു സ്റ്റാഫിന്റെ മൊഴി. ദിവ്യയുടെ ഭീഷണിയും പ്രകോപനം നിറഞ്ഞ പ്രവര്‍ത്തികളാണ് മരണത്തിലേക്ക് എഡിഎമ്മിനെ നയിച്ചതെന്നാണ് കണ്ടെത്തല്‍. ഇത് കോടതിയും ശരിവച്ചു.
ദിവ്യയുടെ പ്രസംഗം എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പ്രേരണയായെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിരീക്ഷിച്ചു. പ്രത്യാഘാതം മനസ്സിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗം. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്നും കോടതി പറഞ്ഞു. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിലാണ് പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങള്‍ ഉള്ളത്. ദിവ്യ ക്ഷണിക്കാതെ വന്നതെന്നും പ്രസംഗം ആസൂത്രിതമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദങ്ങളാണ് കോടതി അംഗീകരിച്ചത്.
അഴിമതിക്കെതിരെ നല്ല ഉദ്ദേശത്തോടുകൂടിയാണ് യാത്രയയപ്പ് യോഗത്തിലെ പ്രസംഗമെന്നും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഒരു വാക്കുപോലുമില്ലെന്നുമായിരുന്നു ദിവ്യയുടെ ജാമ്യഹര്‍ജിയിലെ വാദം. എന്നാല്‍, കണ്ണൂര്‍ വിഷന്‍ ചിത്രീകരിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ താന്‍ എ.ഡി. എമ്മിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസംഗവും അഴിമതി ആരോപണവും അടങ്ങുന്ന ദൃശ്യങ്ങള്‍ ദിവ്യ തന്നെ മറ്റു പ്രമുഖ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അയച്ചു കൊടുത്തതായും തെളിഞ്ഞത് തിരിച്ചടിയായി. ചോദിച്ചു വാങ്ങിയാണ് നവീന്‍ ബാബുവിനെതിരെയുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും വ്യക്തമായിരുന്നു. മാത്രമല്ല കണ്ണൂര്‍ വിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത ദിവ്യ തന്നെ മറ്റു വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പി.ജയരാജന് വേണ്ടി ഹാജരായ അഡ്വ. കെ. വിശ്വന്‍ തന്നെയാണ് ദിവ്യക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ രാഷ്ട്രീയ നിയമനമായിട്ടു കൂടി പ്രൊസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. കെ. അജികുമാര്‍ സി.പി.എം നേതാവായ ദിവ്യയുടെ ജാമ്യ ഹര്‍ജി ശക്തിയുക്തം കോടതിയില്‍ എതിര്‍ത്തത് ശ്രദ്ധേയമായി. സി.പി.എം അഭിഭാഷകനായ കെ.വിശ്വന്‍ രണ്ടു മണിക്കൂര്‍ പത്തുമിനുട്ട് പി.പി ദിവ്യ നിരപരാധിയാണെന്ന് വാദിച്ച് സമര്‍ത്ഥിച്ചപ്പോള്‍ പബ്‌ളിക്ക് പ്രൊസിക്യൂട്ടര്‍ കെ.അജി കുമാറും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി ഹാജരായ ജോണ്‍ എസ് റാല്‍ഫും ചേര്‍ന്ന് ഒന്നര മണിക്കൂറാണ് വാദിച്ചത്. എന്തായാലും കോടതി വിധിയും കീഴടങ്ങലും അറസ്റ്റുമെല്ലാം ദിവ്യയുടെ രാഷ്ട്രീയ ഭാവിയില്‍ വലിയ കരിനിഴല്‍ വീഴ്ത്തും. അതേസമയം, വിവാദത്തിന്റെ പേരില്‍ വലിയ അളവില്‍ വെള്ളം കുടിച്ചെങ്കിലും ദിവ്യയുടെ കീഴടങ്ങല്‍ ഉപതിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ചെറിയ ആശ്വാസമാകും.