കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍; വിധി തൃപ്തികരമല്ല, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും; ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകുമെന്ന് നിയമമന്ത്രി പി രാജീവ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍;
കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍. വിചാരണക്കോടതിയുടെ വിധിയിന്മേല്‍ അപ്പീല്‍ പോകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിധി തൃപ്തികരമല്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും. ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി അതിജീവിത നേരത്തെ രംഗത്തുവന്നിരുന്നു. വിധി അദ്ഭുതപ്പെടുത്തുന്നില്ലെന്ന് അതിജീവിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിചാരണക്കോടതിയില്‍ നേരത്തെ വിശ്വാസം നഷ്ടപ്പെട്ടു. നിയമത്തിനുമുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരല്ല എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി. തന്റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിച്ചില്ല. വിചാരണ ഓപ്പണ്‍ കോടതിയില്‍ വേണമെന്ന ആവശ്യം നിരാകരിച്ചുവെന്നും പോസ്റ്റില്‍ അതിജീവിത പറഞ്ഞു.
തന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും നേരത്തെ കോടതിയില്‍ നിന്നും വിശ്വാസം നഷ്ടപ്പെട്ടെന്നും അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.കേസിലെ ഒന്നാം പ്രതി തന്റെ പേഴ്‌സണല്‍ ഡ്രൈവറാണെന്ന് പറയുന്നവരോട്, അത് ശുദ്ധ നുണയാണെന്നും നടി കുറിച്ചു. 'അയാളുമായി യാതൊരു പരിചയവുമില്ല. വിധി പലരെയും നിരാശപ്പെടുത്തിയേക്കാം, എനിക്കതില്‍ അത്ഭുതമില്ല, കുറ്റാരോപിതരില്‍ ഒരാളുടെ നേര്‍ക്ക് അന്വേഷണം വരുമ്പോള്‍ കേസ് വഴിമാറിപോകുന്നുവെന്ന് പ്രോസിക്യൂഷനും മനസിലാക്കിയിരുന്നു.
കേസന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആരോപിച്ച് പലതവണ ഞാന്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. വിധി പറഞ്ഞ ജഡ്ജിയില്‍ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു'- അതിജീവിത പോസ്റ്റില്‍ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്റെ വിധി പറഞ്ഞത്.
പള്‍സര്‍ സുനില്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവാണ് വിചാരണ കോടതി വിധിച്ചതിന്. പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം എന്നിവ കൂടി കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷയായിരുന്നു വിധിച്ചത്. ശിക്ഷ വിധിക്കുമ്പോള്‍ കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ടെന്നും സമൂഹത്തോടും കുറ്റവാളിയോടും നീതി പുലര്‍ത്തുന്ന രീതിയില്‍ സന്തുലിതമായിരിക്കണം എന്നാണ് ജഡ്ജി ഹണി എം.വര്‍ഗീസ് പറഞ്ഞത്.
കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങള്‍ എന്നിവയും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കുന്നു. ശിക്ഷ വിധിക്കുമ്പോള്‍ കോടതി വികാരങ്ങള്‍ക്ക് അടിമപ്പെടാനോ, പക്ഷപാതപരമായി പെരുമാറാനോ പാടില്ലെന്നും വിധിയില്‍ പറയുന്നു. കൂട്ടബലാല്‍സംഗമെന്ന കുറ്റം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി കണക്കിലെടുത്തില്ല.
കേസിലെ എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ടു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ പണമിടപാട് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. സുനിക്ക് നാദിര്‍ഷ പണം നല്‍കിയതിനും തെളിവില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
