സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ ഹരജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍; ഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ നേരിട്ട് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍; പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

നരേന്ദ്രന്റെ ഹരജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍;

Update: 2025-03-24 08:48 GMT

മലപ്പുറം: പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം ടെലഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ പോലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യമല്ലാത്തതിനാല്‍ നടപടിയെടുത്തില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം. മലപ്പുറം ഡി.വൈ.എസ്.പി നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതോടെ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു.

ടെലഫോണ്‍ ചോര്‍ത്തലില്‍ പി.വി അന്‍വറിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കൊല്ലത്തെ പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയിട്ടും പി.വി അന്‍വറിനെതിരെ കേസെടുക്കാഞ്ഞതെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. മലപ്പുറം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്തംബര്‍ 1ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.വി അന്‍വര്‍ താന്‍ പല പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍ ചോര്‍ത്തിയിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിക്കാനായി കുറെ പണം ചെലവാക്കിയെന്നും വെളിപ്പെടുത്തിയിരുന്നു.

നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയതിന് പി.വി അന്‍വറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയില്ലാഞ്ഞതോടെയാണ് സി.ബി.ഐ അന്വേഷണം ആശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.

അതേസമയം ഫോണ്‍ ചോര്‍ത്തലില്‍ തോമസ് കെ പീലിയാനിക്കലിന്റെ പരാതിയില്‍ പി.വി അന്‍വറിനെ പ്രതിയാക്കി കോട്ടയം കറുകച്ചാല്‍ പോലീസ് കേസെടുത്തിരുന്നു. സി.ബി.ഐ അന്വേഷണത്തില്‍ നിന്നും അന്‍വറിനെ രക്ഷിക്കാനാണ് മലപ്പുറം പോലീസ് കേസെടുക്കാത്തതെന്ന് ഹരജിക്കാരനായ മുരുഗേഷ് നരേന്ദ്രന്‍ ആരോപിച്ചു. കേസ് വേനലവധിക്കു ശേഷം മെയ് 22ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ അടക്കം നടത്തുന്ന കേരള പോലീസിന്റെ പ്രത്യേക സേനാ വിഭാഗമായ മലപ്പുറം അരീക്കോട്ടെ സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും അന്‍വര്‍ പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ടിരുന്നു. അഞ്ച് സേനാംഗങ്ങളുടെ പേര് വിവരങ്ങളും ഔദ്യോഗിക രേഖകളും രാജ്യത്തിന്റെ പരമാധികാരത്തിനും ദേശ സുരക്ഷക്കും ഭീഷണിയാകുന്നതരത്തില്‍ പോലീസിന്റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നിന്നും ശേഖരിച്ച് സേനാംഗങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പരസ്യപ്പെടുത്തിയെന്ന് എസ്.ഒ.ജി സൂപ്രണ്ട് ഫറാഷ് ഐ.പി.എസ് മലപ്പുറം എസ്.പിക്ക് കഴിഞ്ഞ ഒക്ടോബര്‍ 3ന് പരാതി നല്‍കിയിരുന്നു.

ജാമ്യമില്ലാ വകുപ്പില്‍ ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട് അടക്കം ചുമത്തി പി.വി അന്‍വറിനെതിരെ മഞ്ചേരി പോലീസ്‌ ്രൈകം നമ്പര്‍ 1316/24 ആയി കേസെടുത്തിരുന്നു. ഈ കേസിലും അഞ്ചുമാസമായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.

Tags:    

Similar News