പി വി അന്‍വര്‍ ഇനി ബംഗാളി പഠിക്കും; നിലമ്പൂര്‍ എം എല്‍ എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; അംഗത്വം സ്വീകരിച്ചത് അഭിഷേക് ബാനര്‍ജിയില്‍ നിന്ന്; തൃണമൂലില്‍ സംസ്ഥാന കോഡിനേറ്റര്‍ സ്ഥാനത്ത് ഷൈന്‍ ചെയ്യാന്‍ ഒരുങ്ങുന്ന അന്‍വര്‍ പുതുവഴി തേടിയത് ഡി എം കെ വാതില്‍ കൊട്ടിയടിച്ചതോടെ; വഴി തടഞ്ഞത് പിണറായി എന്നും ആരോപണം
പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനമാണ് ലഭിച്ചിരിക്കുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു.
പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡല്‍ഹി സന്ദര്‍ശനത്തിനിടെ പി.വി.അന്‍വര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇടതുമുന്നണി വിട്ടശേഷം തമിഴ്നാട്ടിലെ ഡിഎംകെയുമായി അടുക്കാന്‍ അന്‍വര്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. മഞ്ചേരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ) എന്ന സാമൂഹിക സംഘടനയും പ്രഖ്യാപിച്ചിരുന്നു. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യമെന്നും അന്‍വര്‍ പറഞ്ഞു.
എന്നാല്‍ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലായിരുന്നു ഡിഎംകെ നേതൃത്വം. കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പ്രതികരിച്ചിരുന്നു.
ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തിയതിന്റ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓപ്പറേഷനാണ് ഡിഎംകെ പ്രവേശനം തടഞ്ഞതെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. 'തൃണമൂല്‍ ആന്റി കമ്മ്യൂണിസ്റ്റാണ്. ആന്റി ഫാസിസ്റ്റിനെയാണ് നമ്മള്‍ നേടിയത്. പിണറായിയുടെ ഇടപെടലില്‍ ആന്റി കമ്മ്യൂണിസ്റ്റിനെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അത് എന്റെ കുഴപ്പമല്ല. ഡിഎംകെ ചാപ്റ്റര്‍ ക്ലോസ്ഡ്', എന്നായിരുന്നു കഴിഞ്ഞ ദിവസം അന്‍വറിന്റെ പ്രതികരണം.
ഭാവി രാഷ്ട്രീയത്തിന് നമുക്ക് 'ഗോഡ് ഫാദര്‍' ആവശ്യമാണെന്നതിനാലും 25 ലക്ഷം മലയാളികള്‍ തമിഴ് നാട്ടിലുണ്ടെന്നതും ഡിഎംകെയുമായി ചര്‍ച്ച നടത്തുന്നതിന് കാരണമായി. എന്നാല്‍ അതിന് മുഖ്യമന്ത്രി നേരിട്ട് തടയിട്ടുവെന്ന് പി വി അന്‍വര്‍ പറഞ്ഞു. ബംഗാളി അറിയോ എന്ന തമാശ രൂപേണയുള്ള ചോദ്യത്തിന് അന്‍വറും ആ തരത്തില്‍ തന്നെ മറുപടി നല്‍കിയിരുന്നു. 'പഠിച്ചുകൊണ്ടിരിക്കുകയാണ്. തമിഴാണെങ്കില്‍ കുഴപ്പമില്ല. പത്ത് മിനിറ്റ് പ്രസംഗിക്കാമായിരുന്നു', എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.