'ഫോണ്‍ റെക്കോര്‍ഡ് ചെയ്ത ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ ചെറ്റത്തരം; ഉപദേശകര്‍ മുഖ്യമന്ത്രിയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിച്ചു'; സുജിത് ദാസിനെതിരായ ഫോണ്‍ കോള്‍ തനിക്ക് തന്നത് പടച്ചോനാണ്; അന്‍വറിന്റെ വാര്‍ത്താസമ്മേളനം

'ഫോണ്‍ റെക്കോര്‍ഡ് ചെയ്ത ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ ചെറ്റത്തരം

Update: 2024-09-21 12:37 GMT

മലപ്പുറം: താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉപദേശകര്‍ മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു പി വി അന്‍വര്‍ എംഎല്‍എ. ആ തെറ്റിദ്ധാരണ മാറുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരുമെന്ന് അന്‍വര്‍ പറഞ്ഞു. സത്യങ്ങള്‍ മുഴുവന്‍ മറച്ചുവച്ച് പൊലീസിന്റെ മനോവീര്യം തകര്‍ക്കലാണെന്നാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹം പുനഃപരിശോധന നടത്തണമെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അന്‍വര്‍.

'പൊലീസിന്റെ മനോവീര്യം തകര്‍ക്കലാണെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അത് അദ്ദേഹം പുനഃപരിശോധിക്കണം. മനോവീര്യം തകരുക നാലോ അഞ്ചോ പേരുടെത് മാത്രമായിരിക്കും. രണ്ടാമത്തെ കാര്യം സുജിത് ദാസിന്റെ കോള്‍ റെക്കോര്‍ഡ് ചെയ്തെന്ന കാര്യമാണ്. അത് താന്‍ നേരത്തെ തന്നെ അഡ്മിറ്റ് ചെയതതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ ചെറ്റത്തരമാണെന്ന് താന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് പുറത്തുവിടുകയല്ലാതെ മറ്റ് രക്ഷയുണ്ടായിരുന്നില്ല. ഒരു എംഎല്‍എയുടെ കാല് പിടിക്കുന്നതെന്തിനാണ്.

ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം താന്‍ പുറത്തുവിട്ടിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. അത് തനിക്ക് പടച്ചോന്‍ തന്നതാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഉത്തരം പറഞ്ഞപോലെ എസ് പി ഉത്തരം പറഞ്ഞുകൊണ്ടേയിരുന്നു. ഫോണ്‍ റെക്കോര്‍ഡ് പുറത്തുവിട്ടതുകൊണ്ടാണ് ഇത്രയെങ്കിലും എത്തിയത്' - അന്‍വര്‍ പറഞ്ഞു.

അതേസമയം, പിവി അന്‍വറിനെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പിശശിയെ സംരക്ഷിച്ചുമാണ് മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഒരു തരത്തിലുള്ള തെറ്റും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ആരുപറഞ്ഞാലും അത് അവജ്ഞയോടെ തള്ളിക്കളയുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഒരു പരിശോധനയും ശശിയുടെ കാര്യത്തില്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്‍വറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് അദ്ദേഹം ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശിയല്ല മറ്റാര്‍ക്കും ആ ഓഫീസില്‍ ഇരിക്കാനാകില്ല. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല. അത് ചെയ്യാത്തതിലുള്ള വിരോധംവെച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അത്തരം ആളുകളെ മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അന്‍വര്‍ തുടര്‍ച്ചയായി പത്രസമ്മേളനം വിളിച്ചതിനെയും ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് പരസ്യമാക്കിയതിനെയും രൂക്ഷമായഭാഷയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. അന്‍വറിന്റെ പശ്ചാത്തലം ഇടത് പശ്ചാത്തലമല്ലെന്നും അന്‍വര്‍ വന്നവഴി കോണ്‍ഗ്രസിന്റേതാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News