ശക്തി തെളിയിക്കാനുള്ള അന്‍വറിന്റെ അവസാന അവസരം; ശരണത്തിനായി കാന്തപുരം വിഭാഗത്തിന്റെ പിന്തുണ തേടും; കാന്തപുരം അണികള്‍ക്ക് അന്‍വറിനോട് പ്രിയമെന്ന് വിലയിരുത്തല്‍; പാണക്കാട് തങ്ങളെയും താമരശേരി ബിഷപ്പിനെയും തൃണമൂല്‍ നേതാക്കള്‍ കാണുമെങ്കിലും ചായ് വ് വ്യക്തം

ശക്തി തെളിയിക്കാനുള്ള അന്‍വറിന്റെ അവസാന അവസരം

Update: 2025-02-21 16:38 GMT

മലപ്പുറം: ശക്തി തെളിയിക്കാനുള്ള അവസാന അവസരത്തില്‍ പിന്തുണ തേടാന്‍ പി.വി.അന്‍വറും സംഘവും കാന്തപുരം വിഭാഗത്തിന്റെ പിന്തുണ തേടും. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം 23ന് മഞ്ചേരിയില്‍ നടക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.വി അന്‍വറും നേതാക്കളും നാളെ കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള മര്‍ക്കസ് നോളേജ് സിറ്റി സന്ദര്‍ശിക്കുന്നത്.

കാന്തപുരം വിഭാഗത്തിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി പരസ്യമായി അടുപ്പമില്ലാത്തതിനാല്‍ തങ്ങളോട് ഒപ്പം കൂടാനുള്ള സാധ്യത കണ്ടാണു ഇത്തരത്തില്‍ നീക്കം നടത്തുന്നത്. ഇതിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും നേതാക്കളും പാണക്കാട് സന്ദര്‍ശിക്കുകയും താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെങ്കിലും അതു പേരില്‍ മാത്രമൊതുക്കാനാണ് ശ്രമം. പാര്‍ട്ടിക്ക് ഗുണമാകുന്നതു കാന്തപുരം വിഭാഗമാകുമെന്നും ഇപ്പോള്‍ തന്നെ കാന്തപുരത്തിന്റെ വലിയൊരു വിഭാഗം അണികളും സോഷ്യല്‍ മീഡിയയില്‍ അന്‍വറിനെ അനൂകൂലിക്കുന്നുണ്ടെന്നും അന്‍വര്‍ അനുകൂലികള്‍ വിലയിരുത്തുന്നു.

തൃണമൂല്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തിയായി മഹുവ മൊയ്ത്ര എം.പിയും ഡെറിക് ഒബ്രയിനും കേരളത്തിലെത്തും. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മാരും നേതാക്കളും പാണക്കാട് സന്ദര്‍ശിക്കുകയും താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് പി.വി അന്‍വര്‍ മലപ്പുറം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേരി പി.വി.ആര്‍ മെട്രോ വില്ലേജില്‍ രാവിലെ പത്തു മുതല്‍ കണ്‍വെന്‍ഷന്‍ നടക്കും. വന്യ ജീവി ആക്രമണവും കേന്ദ്ര -സംസ്ഥാന നയങ്ങളും, സംഘപരിവാറും ഇന്ത്യന്‍ ഭരണഘടനയും എന്നി വിഷയങ്ങളില്‍ നേതാക്കള്‍ സംസാരിക്കും.

നേതാക്കള്‍ കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള മര്‍ക്കസ് നോളേജ് സിറ്റിയും സന്ദര്‍ശിക്കും. പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധനവിനെതിരായും പി.വി. അന്‍വര്‍ പ്രതികരിച്ചു. പി.എസ്.സി ചെയര്‍മാന് ഒരു ദിവസം 17000രൂപയാണ് ശമ്പളം. കൊടും കൊള്ളയാണ് നടക്കുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. പി.എസ്.സി അംഗങ്ങള്‍ക്ക് എന്താണ് ജോലി എന്ന് ചോദിച്ചാല്‍ അവര്‍ക്ക് തന്നെ അറിയില്ല. പൊതുമുതല്‍ കൊള്ളയടിക്കാനുള്ള സ്ഥാപനമായി പി.എസ്.സി മാറി. 42000 ശമ്പളം ഉണ്ടായിരുന്നത് ഒരു ലക്ഷത്തിന് മുകളിലാക്കി.

കെ.വി. തോമസിന്റെ ആറ് ലക്ഷം എന്നത് 11 ലക്ഷമാക്കി ഉയര്‍ത്തുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തില്‍ ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. ആശ വര്‍ക്കര്‍മാര്‍ക്ക് ഒരു ദിവസം ആകെ നല്‍കുന്നത് 230 രൂപയാണ്. അപ്പോഴാണ് പിഎസ്സി ചെയര്‍മാന് ഒരു ദിവസം 17000 രൂപ വേതനമായി നല്‍കുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു.

സിജെ ഉണ്ണി തലക്ക് വെളിവില്ലാത്തവനാണ്. പഴയ തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലെന്ന് ദേശീയ നേതൃത്വം വ്യക്തമായി പറഞ്ഞതാണ്. അങ്ങാടിയിലൂടെ പോകുന്നവര്‍ പ്രധാനമന്ത്രി ആണെന്ന് പറയുന്നത് പോലെയാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്‍വര്‍ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് നീട്ടി വെക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കും.വോട്ടര്‍മാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. മെയ് മാസം രണ്ടാം വാരം മമത ബാനര്‍ജി കേരളത്തിലെത്തും. കോഴിക്കോട് ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News