സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വെടിയൊച്ച; അള്ളാഹു അക്ബര്‍ എന്ന് തുടര്‍ച്ചയായി പറഞ്ഞ് സിപ്പ് ലൈന്‍ ഓപ്പറേറ്റര്‍; പഹല്‍ഗാമിലെ ഭീകരാക്രമണം മുസമ്മിലിന് നേരത്തെ അറിയാമായിരുന്നു എന്ന് സംശയം; തെളിവായി ഗുജറാത്തില്‍ നിന്നുള്ള വിനോദസഞ്ചാരി പങ്കുവെച്ച ദൃശ്യങ്ങള്‍; സിപ്പ് ലൈന്‍ ഓപ്പറേറ്ററെ ചോദ്യം ചെയ്ത് എന്‍ഐഎ

പഹല്‍ഗാം ആക്രമണത്തില്‍ സിപ്‌ലൈന്‍ ഓപ്പറേറ്റര്‍ക്ക് പങ്ക്? ചോദ്യം ചെയ്ത് എന്‍ഐഎ

Update: 2025-04-29 09:56 GMT

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ബൈസരണ്‍വാലിയിലെ സിപ് ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മിലിനും പങ്കുണ്ടെന്ന് സൂചന. ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ ദൃക്‌സാക്ഷി ഋഷി ഭട്ട് ദേശീയ മാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തലോടെയാണ് സിപ് ലൈന്‍ ഓപ്പറേറ്റര്‍ സംശയത്തിന്റെ നിഴലിലായത്. ഇതിനുപിന്നാലെ സിപ് ലൈന്‍ ഓപ്പറേറ്റര്‍മാരെ എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടക്കുന്ന സമയത്തും സിപ്പ് ലൈനില്‍ ആളെ അയച്ചു. സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് മുസമ്മില്‍ തുടര്‍ച്ചയായി പറഞ്ഞുവെന്നും ഋഷി ഭട്ട് പറഞ്ഞിരുന്നു. ഗുജറാത്തില്‍ നിന്നുള്ള വിനോദസഞ്ചാരി പങ്കുവെച്ച ദൃശ്യങ്ങളാണ് ചോദ്യം ചെയ്യലിന് ആധാരം. മുസമ്മിലിന് ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നാണ് സംശയം. ഋഷി ഭട്ട് എന്ന സഞ്ചാരി റെക്കോര്‍ഡുചെയ്ത ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സിപ്ലൈന്‍ ഓപ്പറേറ്റര്‍ അള്ളാഹു അക്ബറെന്ന് ഉറക്കെ വിളിച്ചുപറയുന്നതും പിന്നാലെ ഭീകരര്‍ വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപ്ലൈന്‍ ഓപ്പറേറ്ററെയും എന്‍ഐഎ വിളിച്ച് വരുത്തിയിരിക്കുന്നത്. നേരത്തെ ആക്രമണത്തിന് ശേഷം, സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഭാര്യക്കും മകനും മറ്റ് നാലുപേര്‍ക്കുമൊപ്പമാണ് ഋഷി ഭട്ട് പഹല്‍ഗാമിലെത്തിയത്. ഇവരെല്ലാം സിപ്ലൈനില്‍ കയറിയിരുന്നു.

എന്നാല്‍ താന്‍ സിപ്ലൈനിലായിരിക്കുമ്പോള്‍ ഓപ്പറേറ്റര്‍ അള്ളാഹു അക്ബറെന്ന് മൂന്ന് തവണ ഉറക്കെ വിളിച്ചുപറഞ്ഞതായി ഋഷി ഭട്ട് പറയുന്നു. ഇതേ സമയത്താണ് വെടിയൊച്ചകളും മുഴങ്ങിക്കേട്ടത്. വെടിയൊച്ച കേട്ട് ഏകദേശം 15 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി, ഭാര്യയെയും മകനെയും കൂട്ടി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഋഷി ഭട്ട് വെളിപ്പെടുത്തിയിരുന്നു.


പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍, തന്റെ സന്തോഷനിമിഷങ്ങള്‍ക്കൊപ്പം ഒരുപറ്റം ആളുകളുടെ ജീവനുവേണ്ടിയുള്ള നിലവിളികളും തന്റെ ക്യാമറയില്‍ പതിയുന്ന കാര്യമറിയാതെ ഋഷി ഭട്ട് അവധിയോഘോഷത്തില്‍ മുഴുകിയത്. ആ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അഹമ്മദാബാദ് സ്വദേശിയായ ഋഷി ഭട്ട് തന്റെ വിനോദയാത്ര ആസ്വദിക്കുന്നതിന്റെ വീഡിയോദൃശ്യത്തിലാണ് ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പതിഞ്ഞത്. ചിരിയോടെ തന്റെ സിപ് ലൈന്‍ റൈഡ് ആസ്വദിക്കുകയാണ് ഋഷി ഭട്ട്. താഴെ നിരവധി വിനോദസഞ്ചാരികള്‍ അവിടവിടെയായി ഒറ്റയ്ക്കും സംഘമായും കാണപ്പെടുന്നുണ്ട്. പെട്ടെന്ന് ആളുകള്‍ പരിഭ്രമിച്ച് ഓടുന്നതും താഴെ വീഴുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ഭീകരാക്രമണം നടക്കുന്നിടത്ത് ഉയരത്തിലുള്ള ആകാശയാത്രയ്ക്കിടെ റിഷിയാകട്ടെ താഴെയുള്ള ബഹളങ്ങളോ പരക്കം പാച്ചിലോ അറിയാത്ത മട്ടിലാണ്.

ഋഷിയുടെ സിപ്‌ലൈന്‍ യാത്ര തുടങ്ങുമ്പോള്‍ തന്നെ വെടിയൊച്ച ഉയരുന്നുണ്ട്. ആദ്യം ഇത് ആക്രമണമാണെന്ന് ഋഷി തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ സിപ് ലൈന്‍ ഓപ്പറേറ്റര്‍ക്കും സഹായിക്കും ഭീകരാക്രമണത്തെ കുറിച്ച് അറിവുണ്ടെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

'ഞാന്‍ എന്റെ ഭാര്യയേയും മകനേയും കൂട്ടി ഓടാനാരംഭിച്ചു. ഒരു ഭാഗത്ത് ഒരു കുഴിപോലുള്ള ഭാഗം കണ്ടു, അക്രമികള്‍ക്ക് അത് കണ്ടെത്താനാകുമായിരുന്നില്ല. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുറച്ചുപേര്‍ അവിടെ ഒളിച്ചു, ഞങ്ങളും. എട്ടുപത്ത് മിനിറ്റിനുശേഷം വെടിവെപ്പ് അവസാനിച്ചതായി തോന്നിയതോടെ ഞങ്ങള്‍ പ്രധാന ഗേറ്റിലേക്ക് ഓടി. വെടിവെപ്പ് വീണ്ടും തുടങ്ങി. നാലഞ്ചുപേര്‍ വെടിയേറ്റുവീണു. ഏതാണ്ട് 15-16 പേര്‍ക്ക് ഞങ്ങള്‍ക്കുമുന്നില്‍ വെടി കൊണ്ടു. ഗേറ്റിലെത്തിയതോടെ ഒരു കുതിരസവാരിക്കാരന്‍ ഞങ്ങളെ അവിടെനിന്ന് രക്ഷപ്പെടാന്‍ സഹായിച്ചു', വീഡിയോയേയും അവിടെനിന്ന് രക്ഷപ്പെട്ടതിനേയും കുറിച്ച് ഋഷി എഎന്‍ഐയോട് പ്രതികരിച്ചു.

അതേ സമയം പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ 87 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 48 എണ്ണവും താല്‍ക്കാലികമായി അടയ്ക്കുകയാണ്. അനന്ദ്‌നാഗിലെ സൂര്യക്ഷേത്രം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളും അടച്ചിടുന്ന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടും. ഭീകരര്‍ക്കായുള്ള തിരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്ഥലങ്ങളിലും നടക്കുന്നതിനാല്‍ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കശ്മീര്‍ സര്‍ക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരര്‍ മറയാക്കുന്നെന്ന സംശയവും ശക്തമാണ്.

Tags:    

Similar News