യുദ്ധക്കൊതി മൂത്ത് പാക് നേതാക്കളുടെ വീരസ്യം പറച്ചില്‍ അതിരുവിടുന്നു; സിന്ധുനദിയില്‍ ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അതുതകര്‍ക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി; ക്വാജ ആസിഫിന് ഉറക്കം നഷ്ടപ്പെട്ടെന്നും തുടര്‍ച്ചയായി പൊള്ളഭീഷണികള്‍ മുഴക്കുകയാണെന്നും ബിജെപി; ഒരുതുളളി വെള്ളം കൊടുക്കില്ലെന്ന് കേന്ദ്രവും

സിന്ധുനദിയില്‍ ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അതുതകര്‍ക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി

Update: 2025-05-03 13:44 GMT

ന്യൂഡല്‍ഹി: യുദ്ധക്കൊതി മൂത്തുള്ള പാക് നേതാക്കളുടെ പ്രകോപന പ്രസ്താവനകള്‍ തുടരുന്നു. സിന്ധു നദീജലകരാര്‍ പ്രകാരമുള്ള വെള്ളം പങ്കിടുന്നത് വഴിതിരിച്ചുവിടാന്‍ ഡാം കെട്ടിയാല്‍ അതുതകര്‍ക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്. പഹല്‍ഗാം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനിലെ 80 ശതമാനത്തോളം കൃഷിഭൂമിയെ നനയ്ക്കുന്ന സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്.

പാക്കിസ്ഥാന് അര്‍ഹതപ്പെട്ട വെള്ളം വഴിതിരിച്ചുവിട്ടാല്‍ അത് ആക്രമണമായി കണക്കാക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രി ഒരുഅഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കിയത്. സിന്ധുനദിയില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ നീക്കം നടത്തിയാല്‍ എന്തായിരിക്കും പാക് പ്രതികരണം എന്ന ചോദ്യത്തിനാണ് ആസിഫ് മറുപടി നല്‍കിയത്. ' അത് തീര്‍ച്ചയായും പാക്കിസ്ഥാന് എതിരെയുള്ള ആക്രമണം ആയിരിക്കും. ഇന്ത്യ അത്തരമൊര നിര്‍മ്മിതിക്ക് മുതിര്‍ന്നാല്‍ പാക്കിസ്ഥാന്‍ അതുതകര്‍ക്കും'- അദ്ദേഹം പറഞ്ഞു.

അതേസമയം, പാക്കിസ്ഥാനികളുടെ ഭയമാണ് ഈ പൊള്ളയായ ഭീഷണികള്‍ തെളിയിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു. ' ക്വാജ ആസിഫ് ആകെ പരിഭ്രാന്തനാണ്. അദ്ദേഹം പാക് പ്രതിരോധ മന്ത്രി ആണെങ്കിലും അദ്ദേഹത്തിന് അവിടുത്തെ കാര്യങ്ങളില്‍ ഒരു നിയന്ത്രണവും ഇല്ല, അദ്ദേഹം വെറും പ്രസ്താവനാ മന്ത്രി മാത്രമാണ്. തുടര്‍ച്ചയായി പൊള്ളയായ ഭീഷണികള്‍ മുഴക്കുകയാണ്. പാക്കിസ്ഥാനികള്‍ക്കിടയിലെ ഭയം വ്യക്തമാണ്. അവര്‍ക്ക് രാത്രിയില്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു'-ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിന്ധു നദീജല കരാര്‍ പ്രകാരം പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന് ജല്‍ ശക്തി മന്ത്രി സി ആര്‍ പാട്ടീല്‍ ഏതാനും ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. സമീപഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിയമപരവും സാങ്കേതികവുമായ കാര്യങ്ങള്‍ ഇന്ത്യ പരിശോധിച്ചുവരികയാണ്. കരാര്‍ മരവിപ്പിച്ചതോടെ വെള്ളം എന്തുചെയ്യണമെന്ന കാര്യത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാന്‍ ഇന്ത്യക്ക് കഴിയും.

എന്നാല്‍, ഇപ്പോള്‍ മതിയായ സംഭരണ ശേഷി ഇല്ലാത്തത് കാരണം ഇന്ത്യക്ക് വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. നിലവിലുള്ള അണക്കെട്ടുകള്‍ക്ക് അധിക ജലം സംഭരിക്കാനോ, തടയാനോ സാധ്യമല്ല. വെളളം തടയാനുള്ള ഏതുനീക്കവും യുദ്ധപ്രവൃത്തിയായി കണക്കാക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പറഞ്ഞിരുന്നു.

Tags:    

Similar News