ദാവൂദ് ഇബ്രാഹീമിനും കനത്ത സുരക്ഷ; മസൂദ് അസര്‍ അണ്ടര്‍ഗ്രൗണ്ടില്‍; ഹാഫിസ് സയീദിനെ കൊല്ലാന്‍ മോദി ഗൂഢാലോചന നടത്തിയെന്ന് മകന്‍; ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിനൊപ്പം 'അജ്ഞാത' കൊലയാളിയും ഭീതിയുയര്‍ത്തുന്നു; ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ഭീതിയില്‍ പാക് ഭീകരര്‍
ദാവൂദ് ഇബ്രാഹീമിനും കനത്ത സുരക്ഷ
പഹല്‍ഗാമിനുശേഷം ഇന്ത്യ നടത്തിയ അതിശക്തമായ തിരിച്ചടിയില്‍ ഓരോ പാക് ഭീകരനും മരണഭീതിയിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യയെ അതിശക്തമായി വെല്ലുവിളിച്ചവരൊക്കെ ഇപ്പോള്‍ മാളത്തിലൊളിച്ച മട്ടാണ്. ഇന്ത്യയുടെ സര്‍ജിക്കന്‍ സ്ട്രൈക്ക് മാത്രമല്ല, നേരത്തെ ഒരു വിഭാഗം അജ്ഞാതര്‍ പാക്കിസ്ഥാനില്‍ കയറി ഇന്ത്യാ വിരുദ്ധ ശക്തികളെ കൊന്ന് തള്ളിയിരുന്നു. പാക്കിസ്ഥാനിലും, കാനഡിയിലും, അഫ്ഗാനിയുമൊക്കെ പോയി അവര്‍ ഇന്ത്യവിരുദ്ധ ശക്തികളെ കൊന്നിരുന്നു.
ഇത് ഇന്ത്യയുടെ ചാര സംഘടനയായ റിസേര്‍ച്ച് ആന്‍ഡ് അനാലിസസ് വിങ്ങ് എന്ന റോയുടെ പദ്ധതിയാണെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നുണ്ട്. പക്ഷേ ഇന്ത്യ ഇക്കാര്യം അംഗീകരിച്ചിട്ടില്ല.ഇനി സൈനിക നടപടിക്കൊപ്പം 'അജ്ഞാതരുടെ' കൊലകളും വര്‍ധിക്കുമെന്ന ഭീതിയിലാണ് പാക്കിസ്ഥാന്‍. അതുകൊണ്ടുതന്നെ ഹാഫിസ് സെയ്ദും, മസൂദ് അസറിനെപ്പോലുള്ള ഭീകരരുടെ സുരക്ഷ വര്‍ധിപ്പിച്ച് അവരെ അജ്ഞാത താവളങ്ങളിലേക്ക് അവര്‍ മാറ്റിയിരിക്കയാണെന്നാണ്, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹാഫിസ് ജനവാസ കേന്ദ്രത്തില്‍
ഇന്ത്യ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന നേതാവാണ് ലഷ്‌ക്കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദ്. നിലവില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പണം സ്വരൂപിച്ച കേസില്‍ പാക് ജയിലില്‍ 33 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയല്‍ ചെയ്തത്. ജയില്‍ ശിക്ഷ എന്നൊക്കെ പുറമെ പറയുകയാണ്. ഹാഫീസ് വീട്ടുതടങ്കലിലാണ് എന്ന് പറയാം. സത്യത്തില്‍ ഇന്ത്യന്‍ തിരിച്ചടികളില്‍നിന്ന് അയാളെ രക്ഷിക്കാന്‍ സംരക്ഷണം കൊടുക്കയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്.
ഒരു തീവ്രവാദ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നതുപോലെയല്ല ഹാഫിസ് സയീദ് താമസിക്കുന്ന സ്ഥലം. തിരക്കേറിയ ഒരു നഗരത്തിന്റെ നടുവില്‍ സാധാരണക്കാരുടെ ഇടയിലാണ് അയാള്‍ താമസിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തിരയുന്ന ഭീകരന്‍ എങ്ങനെ ഒളിച്ചിരിക്കുന്നുവെന്ന് കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളും ലഭിച്ചതായി ഇന്ത്യാ ടുഡേ അവകാശപ്പെട്ടിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ സുരക്ഷയില്‍ ആ ഭീകരന്‍ സുഖകരമായ ജീവിതം നയിക്കുകയാണെന്നാണ് കരുതുന്നത്.കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ അടുത്ത സഹായി അബു ഖത്തല്‍ കൊല്ലപ്പെട്ടു. പക്ഷേ ഖത്തലിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഐഎസ്ഐ അദ്ദേഹത്തെ തടഞ്ഞു.
അബുഖത്തലിനെ കൊന്നത് അജ്ഞാതരാണ്. ഇതോടെ ഹാഫിസ് സയീദിന്റെ ദിനങ്ങളും അടുത്തുവെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. അബു ഖത്തലിന്റെ അതേ വിധിയാകും മുംബൈ 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനുമുണ്ടാകുക എന്ന് വിദേശകാര്യവിദഗ്ധന്‍ റോബിന്ദര്‍ സച്ച്‌ദേവ പറഞ്ഞിരുന്നു. 'ഹാഫിസ് സയീദിന്റെ അടുത്തയാള്‍ കൊല്ലപ്പെട്ടു. ഹാഫിസ് സയീദിനെ ലക്ഷ്യമിട്ട് പിന്തുടരുന്നവര്‍ അയാളുടെ തൊട്ടരികിലെത്തി എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. വാളെടുത്തവന്‍ വാളാല്‍ എന്ന് പറയുന്നത് പോലെ, സമാനമായ വിധിയാണ് ഹാഫിസ് സയീദിനെയും കാത്തിരിക്കുന്നത്. കാശ്മീരിലേയും രജൗരിയിലേയും പൂഞ്ചിലേയും പാക് അധീന കാശ്മീരിലേയും നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളായിരുന്നു അബു ഖത്തല്‍.' -റോബിന്ദര്‍ സച്ച്‌ദേവ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പഹഹല്‍ ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹാഫിസ് സയീദിനെ കൊല്ലാന്‍, നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്ന് മകന്‍ തല്‍ഹ സയീദ്.പറഞ്ഞതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഹാഫീസിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിരിക്കയാണ്.
മസൂദ് അസര്‍ ടീമിനും ഭീതി
ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഏറ്റവം കൂടുതല്‍ പരിക്ക് പറ്റിയത്, ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവന്‍ മസൂദ് അസറിനാണ്. ബഹവല്‍പൂരിലെ, ജെയ്ഷെ ആസ്ഥാനമായ മസൂദിന്റെ മര്‍കസ് സുബ്ഹാന്‍ അല്ലാഹ് പൂര്‍ണ്ണമായും തകര്‍ന്നു. അര്‍ദ്ധരാത്രി നടന്ന സൈനിക നടപടിയില്‍ മസൂദ് അസറിന്റെ സഹോദരി ഉള്‍പ്പെടെ 10 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായി മിസൈലുകള്‍ അയച്ചാണ് ഇന്ത്യന്‍ സൈന്യം കെട്ടിടം നിലംപരിശാക്കിയത്. മസൂദ് അസറും കുടുംബവും വര്‍ഷങ്ങളോളം താമസിച്ചിരുന്ന കൂറ്റന്‍ കെട്ടിടമാണ് സൈന്യത്തിന്റെ ശക്തമായ മറുപടിയില്‍ തകര്‍ന്നടിഞ്ഞത്. ഇതോടെ മസൂദിനെ ഒളിത്താവളത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016ലെ പഠാന്‍കോട്ട് ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം തുടങ്ങി ഇന്ത്യയില്‍ നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ഗൂഢാലോചനയില്‍ പങ്കാളിയാണിയാള്‍. 1968-ല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുരില്‍ ജനനം. 2019ല്‍ യുഎന്‍ രക്ഷാസമിതി അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ മസൂദ് അസറിനെ ഉള്‍പ്പെടുത്തി. 1993ല്‍ ഹര്‍കത് ഉല്‍ അന്‍സാര്‍ സ്ഥാപിച്ചു. 1998ല്‍ യുഎസിന്റെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടുപ്രകാരം സംഘടന 1994 -1998 കാലത്ത് 13പേരെ തട്ടിക്കൊണ്ടുപോയതായി പറയുന്നു. 1994 ഫെബ്രുവരിയില്‍ അനന്ത്‌നാഗിനടുത്തുള്ള ഖാനബാലില്‍നിന്ന് ഇന്ത്യ ഇയാളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു.
അസറിന്റെ മോചനത്തിന് 1995ല്‍ കശ്മീരില്‍ നിന്ന് ആറ് വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയി. 1999ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിക്ക് വരികയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം 155 യാത്രക്കാരുമായി തട്ടിക്കൊണ്ടുപോയി. എ ബി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ അസറിനെ വിട്ടുകൊടുത്താണ് യാത്രക്കാരെ മോചിപ്പിച്ചത്.മോചനശേഷം ഹര്‍കത് ഉല്‍ അന്‍സാറിനെ അമേരിക്ക നിരോധിച്ച് നിരോധിത ഭീകരസംഘടനകളുടെ പട്ടികയില്‍ ചേര്‍ത്തു. ഇതിനുശേഷമാണ് ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്. 2002ല്‍ പാകിസ്ഥാന്‍ സംഘടനയെ നിരോധിച്ചു. ഇപ്പോള്‍ മസൂദും ഏത് സമയവും കൊല്ലപ്പെടാമെന്ന ഭീതിയിലാണ്.
ദാവൂദിനും കനത്ത സുരക്ഷ
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹീമിനും പാക്കിസ്ഥാന്‍ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഐഎസ്ഐ ആണ് ദാവൂദിന്റെ സംരക്ഷകര്‍ എന്നത് പരസ്യമായ രഹസ്യമാണ്. ദാവൂദ് പാക്കിസ്ഥാനിലില്ലെന്ന് അവിടത്തെ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സംസാരിക്കുന്ന തെളിവുകള്‍ ഇന്ത്യന്‍ ഏജന്‍സികളും രാജ്യാന്തര ഏജന്‍സികളും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അയാളെ തൊടാന്‍ പോലും പാക്കിസ്ഥാന്‍ അനുവദിച്ചിട്ടില്ല. ഇപ്പോള്‍ കറാച്ചിയിലാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം.
പാക്കിസ്ഥാനില്‍ ദാവൂദിനും കുടുംബത്തിനും ഇക്കാലമത്രയും വലിയ സ്വാതന്ത്ര്യമാണ് ലഭിച്ചത്. മുംബൈ സ്ഫോടന പരമ്പകള്‍ക്കുശേഷം രാജ്യം വിട്ട ദാവൂദ് ഇത്രയും കാലം ജീവിച്ചത് പാക്കിസ്ഥാന്റെ ബലത്തിലാണ്. പിന്നീട് ഇന്ത്യയിലേക്കോ യുഎഇലേക്കോ ദാവൂദ് മടങ്ങിയെത്തിയില്ലെന്നാണ് കരുതുന്നത്. സാമ്രാജ്യം പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് മാറ്റിയെന്നാണ് വിവരം. അല്‍ ഖ്വയ്ദ, ലഷ്‌കറെ തയിബ എന്നീ ഭീകരസംഘടനകളുമായി ദാവൂദിന് അടുത്തബന്ധമുണ്ടെന്ന് യുഎസ് ആരോപിച്ചിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണക്കേസിലും ദാവൂദിന്റെ പേര് പരാമര്‍ശിക്കപ്പെട്ടു. 2003 ല്‍ യുഎസ് ദാവൂദിനെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. യുഎസ് കമ്പനികള്‍ ദാവൂദുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് വിലക്കി. 2008ലെ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിലും ദാവൂദിന് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു.
2005ല്‍ ക്രിക്കറ്റ് ഇതിഹാസം ജാവേദ് മിയാന്‍ദാദിന്റെ മകനും ദാവൂദ് ഇബ്രാഹിമിന്റെ മകളുമായുള്ള വിവാഹം നടന്നു. ദാവൂദിന്റെ തിരിച്ചുവരവിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ വിവാഹമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ദാവൂദിന് പഴയ പ്രതാപത്തിലേക്കെത്താന്‍ കഴിഞ്ഞില്ല. 2010ല്‍ ലോകത്തെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയില്‍ ദാവൂദിന്റെ പേര് ഇടംപിടിച്ചു. ഇന്ത്യ എത്രയേറെ സമ്മര്‍ദം ചെലുത്തിയിട്ടും ദാവൂദിനെക്കുറിച്ച് ഒരുവിവരവും നല്‍കാന്‍ പാക്കിസ്ഥാന്‍ തയാറാകാത്തത് ഐഎസ്ഐ അയാള്‍ക്ക് എത്രമാത്രം വിലകല്‍പ്പിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ്.
അധോലോക കുറ്റവാളികളില്‍ ഏറ്റവും ധനാഢ്യനായി ദാവൂദ് ഇപ്പോഴും വിലസുന്നു. ഏകദേശം 670 കോടി ഡോളറിന് തുല്യമായ ആസ്തികളും സമ്പാദ്യവും ദാവൂദിനുണ്ടെന്നാണ് കണക്ക്. ഒടുവിലാണ് മദ്യത്തില്‍ ആഴ്സനിക് കലര്‍ത്തി ദാവൂദിനെ വകവരുത്താന്‍ നോക്കിയെന്ന വാര്‍ത്തകള്‍ വീണ്ടും അയാളെ മാധ്യമശ്രദ്ധയിലും ലോകശ്രദ്ധയിലും എത്തിച്ചു. പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന ഛോട്ടാ ഷക്കീല്‍ അത് നിഷേധിച്ചെങ്കിലും വസ്തുതകള്‍ പുകമറയില്‍ തന്നെയാണ്. ഇപ്പോള്‍ ഡി കമ്പനി തകര്‍ന്നിരിക്കയാണ്. ദാവൂദാവട്ടെ അനാരോഗ്യത്തില്‍ വലയുന്നു. ഈ സമയത്ത് ഒസാമ ബില്‍ലാദനെ അമേരിക്ക തീര്‍ത്തപോലെ, ഇന്ത്യയുടെ അജ്ഞാതന്റെ ഓപ്പറേഷന്‍ ദാവൂദിന് നേരെയുണ്ടാവുമോ എന്നാണ് പാക്കിസ്ഥാന്റെ ഭയം.