വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം; 130 ആണവായുധങ്ങള്‍ പ്രദര്‍ശനത്തിനല്ല; എല്ലാം ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍; രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്; പ്രകോപനമുണ്ടായാല്‍ ആക്രമിക്കും; വീണ്ടും ഭീഷണിയുമായി പാക്ക് മന്ത്രി ഹനീഫ് അബ്ബാസി
വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം, ആണവായുധങ്ങള്‍ പ്രദര്‍ശനത്തിനല്ലെന്ന് ഭീഷണി
ഇസ്ലാമാബാദ്: ആണവായുധങ്ങളുടെ കണക്കുകള്‍ നിരത്തി ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഹനീഫ് അബ്ബാസി. വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്നും ആണവായുധങ്ങള്‍ പ്രദര്‍ശനത്തിനല്ലെന്നുമാണ് ഭീഷണി. 130 ആണവായുധങ്ങള്‍ ഇന്ത്യക്ക് വേണ്ടി മാത്രമുള്ളതാണെന്നും റെയില്‍വേ മന്ത്രി ഹനീഫ് അബ്ബാസി മുന്നറിയിപ്പ് നല്‍കി. ഇന്ത്യയെ നേരിടാന്‍ പാക്കിസ്ഥാന്റെ കൈവശം 130 ആണവായുധങ്ങള്‍ ഉണ്ടെന്നും പാക്ക് മന്ത്രി പറഞ്ഞു. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയാല്‍ ഇന്ത്യ യുദ്ധത്തിനു തയാറായിരിക്കണമെന്നും മന്ത്രി ഭീഷണിപ്പെടുത്തി.
ഘോരി, ഷഹീന്‍, ഗസ്നവി മിസൈലുകളും 130 ആണവ പോര്‍മുനകളും ഉള്‍പ്പെടെയുള്ള പാക്കിസ്ഥാന്റെ ആയുധശേഖരം ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. സിന്ധു നദീജല കരാര്‍ റദ്ദാക്കി പാക്കിസ്ഥാന്റെ ജലവിതരണം നിര്‍ത്താന്‍ ഇന്ത്യ ധൈര്യപ്പെട്ടാല്‍ ഒരു യുദ്ധത്തിനു തയാറായിരിക്കണമെന്നും അബ്ബാസി പറഞ്ഞു. പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല, അവ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്, പ്രകോപനമുണ്ടായാല്‍ ആക്രമിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
''ഇന്ത്യ നമുക്കുള്ള ജലവിതരണം നിര്‍ത്തിയാല്‍, അവര്‍ യുദ്ധത്തിനു തയാറാകണം. ഞങ്ങളുടെ കൈവശമുള്ള സൈനിക ഉപകരണങ്ങള്‍, മിസൈലുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. ഞങ്ങളുടെ ആണവായുധങ്ങള്‍ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകള്‍ എല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്.'' മന്ത്രിയുടെ ഭീഷണി ഇങ്ങനെ.
പാക്കിസ്ഥാനുമായുള്ള ജലവിതരണ, വ്യാപാര ബന്ധങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യ ഇതിനകം മനസ്സിലാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഹനീഫ് അബ്ബാസി പറഞ്ഞു. പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ വന്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വ്യോമനിയന്ത്രണം പത്തു ദിവസം കൂടി തുടര്‍ന്നാല്‍ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ പാപ്പരാകുമെന്നും അബ്ബാസി പറഞ്ഞു.
സ്വന്തം സുരക്ഷാ പരാജയങ്ങള്‍ അംഗീകരിക്കുന്നതിനു പകരം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്റെ പേരിലേക്കു മാറ്റുകയാണെന്നാണ് അബ്ബാസിയുടെ നിലപാട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇതിനോടകം തന്നെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും ഏതു സാമ്പത്തിക നടപടികളെയും നേരിടാന്‍ തയാറാണെന്നും അബ്ബാസി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്‍ യുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് നേരത്തെയും ഹനീഫ് അബ്ബാസി ഭീഷണിമുഴക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യത്തിന് വിട്ടുനല്‍കി. സൈനിക ടാങ്കുകളുടെയും മറ്റും നീക്കത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്നും പാക്ക് റെയില്‍വേ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം എന്നും പാക്ക് പ്രതിരോധമന്ത്രി ഖവാജ ആസിഫും ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അന്താരാഷ്ട്ര തലത്തിലുളള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പാക്ക് പ്രതിരോധമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് കാരണമായേക്കും എന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനു പുറമെ, പാക് പൗരന്മാരുടെ വിസകള്‍ റദ്ദാക്കുകയും ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വ്യോമപാതയും വാഗാ അതിര്‍ത്തിയും അടക്കുകയും ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുകയും ചെയ്താണ് പാക്കിസ്ഥാന്‍ ഇതിനോട് പ്രതികരിച്ചത്. പിന്നാലെയാണ് പാക്ക് മന്ത്രിയുടെ പ്രകോപന പരാമര്‍ശം.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ ചൊല്ലി ഇന്ത്യ-പാക് നയതന്ത്രബന്ധങ്ങള്‍ വഷളാവുന്നതിനിടെ നിര്‍ണായ സാഹചര്യങ്ങളെ നേരിടാന്‍ സൈന്യം സജ്ജമായി. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ വ്യോമസേന വ്യോമാഭ്യാസം സംഘടിപ്പിച്ചിരുന്നു. 'ആക്രമണ്‍' എന്ന് പേരിട്ട വാര്‍ഷിക വ്യോമാഭ്യാസത്തില്‍ റഫാല്‍, സുഖോയ്-30 യുദ്ധവിമാനങ്ങള്‍ പങ്കെടുത്തു.
സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ സേന നടത്തുന്ന കരയാക്രമണം, ഇലക്ട്രോണിക് വാര്‍ഫെയര്‍ തുടങ്ങിയവയിലെ ശേഷികള്‍ വ്യോമാഭ്യാസത്തില്‍ പരിശോധിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മെറ്റിയോര്‍, റാംപേജ് ആന്‍ഡ് റോക്സ് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും വ്യോമാഭ്യാസത്തിന്റെ ഭാഗമായി. കൂടാതെ, ഇന്ത്യന്‍ നാവികസേന കഴിഞ്ഞ ദിവസം അറബിക്കടലില്‍ നിര്‍ണായക മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. നാവികസേനയുടെ ഏറ്റവും പുതിയ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ യുദ്ധക്കപ്പലായ ഐ.എന്‍.എസ് സൂറത്തില്‍നിന്നായിരുന്നു പരീക്ഷണം.
തറയില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മധ്യദൂര ഭൂതല-വ്യോമ മിസൈല്‍ (എം.ആര്‍.എസ്.എ.എം) ആണ് വിജയകരമായി പരീക്ഷിച്ചത്. ഈ മിസൈലിന് 70 കിലോമീറ്റര്‍ ദൂരപരിധിയില്‍ ശത്രുവിമാനങ്ങളെയോ മിസൈലുകളെയോ തകര്‍ക്കാന്‍ ശേഷിയുണ്ട്.