വെടിനിര്‍ത്തലിനായി വാലും ചുരുട്ടി നായയെപ്പോലെ പാകിസ്താന്‍ പരക്കം പാഞ്ഞു; ഭീകരരുടെ താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാനും പാക്കിസ്ഥാന്റെ സൈനിക നടപടികളുടെ മുനയൊടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു; നയതന്ത്രപരമായും സൈനികപരമായും ഇന്ത്യ വിജയം നേടിയെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍
വെടിനിര്‍ത്തലിനായി വാലും ചുരുട്ടി നായയെപ്പോലെ പാകിസ്താന്‍ പരക്കം പാഞ്ഞു
വാഷിങ്ടണ്‍: ഇന്ത്യയോട് ഏറ്റുമുട്ടിയ പാക്കിസ്ഥാന്‍ അമ്പേ പരാജയപ്പെട്ടെന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതം ഇന്ത്യ കാര്യങ്ങള്‍ ലോകത്തിന് മുന്നില്‍ വിശദീകരിച്ചതോടെയാണ് പാക്കിസ്ഥാന്റെ നുണപ്രചരങ്ങളെല്ലാം തകര്‍ന്നടിയുന്നത്. ഇന്ത്യയുടെ വിജയം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമാക്കി മുന്‍ യുഎസ് പ്രതിരോധ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്തുവന്നു.
ഭീകരരുടെ താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാനും പാകിസ്താന്റെ സൈനിക നടപടികളുടെ മുനയൊടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചതായി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ റൂബിന്‍ വെളിപ്പെടുത്തി. ഇന്ത്യയുടെ നടപടികളില്‍ ഭയന്നുവിറച്ച് കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിര്‍ത്തലിനായി പാകിസ്താന്‍ പരക്കം പായുകയായിരുന്നു എന്നുമാണ് അദ്ദേഹം പരിസഹിച്ചത്.
തങ്ങളുടെ പരാജയം പരിതാപകരമായിരുന്നു എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് പാക് സേനയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ലെന്നും മൈക്കല്‍ റൂബിന്‍ കൂട്ടിച്ചേര്‍ത്തു. നയതന്ത്രപരമായും സൈനികപരമായും ഇന്ത്യ വിജയം നേടിയതായും ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ നല്‍കി വരുന്ന സ്പോണ്‍സര്‍ഷിപ്പില്‍ ഇപ്പോള്‍ ലോകത്തിന്റെ പ്രത്യേകശ്രദ്ധ എത്തിയതായും എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഉദ്ദേശിച്ച സന്ദേശം പങ്കുവെക്കാന്‍ മേയ് ഏഴിന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് സാധിച്ചതായും മൈക്കല്‍ റൂബിന്‍ വ്യക്തമാക്കി.
ഭീകരനായാലും ഐഎസ്ഐ അംഗമായാലും പാക് സേനാംഗമായാലും തങ്ങള്‍ക്ക് വ്യത്യാസമില്ല എന്ന യാഥാര്‍ഥ്യമാണ് പാക് ഉദ്യോഗസ്ഥര്‍ യൂണിഫോമണിഞ്ഞ് ഭീകരരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തത് വ്യക്തമാക്കുന്നത്. സ്വന്തം സംവിധാനത്തില്‍നിന്ന് ജീര്‍ണിച്ച ഭാഗത്തെ പുറന്തള്ളാന്‍ പാകിസ്താനോട് ലോകം ആവശ്യപ്പെടാനൊരുങ്ങുകയാണ്. അതുകൊണ്ടാണ് ചര്‍ച്ചയെ സൈനിക നടപടിയിലേക്ക് ഇന്ത്യ വ്യത്യാസപ്പെടുത്തിയതും.
അതില്‍ പാകിസ്താന്‍ നടുങ്ങുകയും ചെയ്തു. ഇന്ത്യയുമായുള്ള ഓരോ യുദ്ധവും പാകിസ്താനാണ് തുടങ്ങിവെച്ചതെന്ന് ഉറപ്പിച്ച് പറയാനാകും. എന്നിട്ട് ഓരോതവണയും തങ്ങള്‍ എങ്ങനെയോ വിജയിച്ചതായി പാകിസ്താന്‍ സ്വയം ബോധ്യപ്പെടുത്തും. എന്നാല്‍, ഇത്തവണ അവര്‍ക്ക് അങ്ങനെയൊരു സ്വയം ബോധ്യപ്പെടുത്തല്‍ പോലും അസാധ്യമാകും. കാരണം ഏറ്റവും കൃത്യമായാണ് ഭീകരതാവളങ്ങളേയും ഭീകരപ്രവര്‍ത്തന പരിശീലനകേന്ദ്രങ്ങളേയും ഇന്ത്യ നശിപ്പിച്ചത്.- റൂബിന്‍ പറഞ്ഞു.
നേരത്തെ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ വ്യക്തമായ മേല്‍ക്കൈ ഇന്ത്യക്ക് നേടാനായെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ടട് ചെയ്തിരുന്നു. നാല് ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിന്റെ ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളുമടക്കം ലക്ഷ്യമിട്ടതില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഇന്ത്യന്‍ ആക്രമണങ്ങളില്‍ പാകിസ്ഥാന്റെ സൈനിക വ്യോമതാവളങ്ങള്‍ക്ക് വ്യക്തമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നീണ്ടുന്ന നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടല്‍ രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മിലുള്ള അരനൂറ്റാണ്ടിലെ ഏറ്റവും വിപുലമായ പോരാട്ടമായിരുന്നു. ഇരുപക്ഷവും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പരസ്പരം വ്യോമ പ്രതിരോധം പരീക്ഷിക്കുകയും സൈനിക സൗകര്യങ്ങള്‍ ആക്രമിക്കുകയും ചെയ്തപ്പോള്‍, അങ്ങോട്ടുമിങ്ങോട്ടും ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയതായി അവകാശപ്പെട്ടു. ആക്രമണങ്ങള്‍ വ്യാപകമായിരുന്നെങ്കിലും, അവകാശപ്പെട്ടതിനേക്കാള്‍ വളരെയധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത് പാകിസ്ഥാനെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാന് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 'ഹൈടെക് യുദ്ധത്തിന്റെ പുതിയ യുഗത്തില്‍, ഇരുവശത്തുമുള്ള ആക്രമണങ്ങള്‍, ഇമേജറി പരിശോധിച്ചുറപ്പിച്ചതനുസരിച്ച്, ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത്. പാകിസ്ഥാന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിടുന്നതിലാണ് ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.