ലോറി ദൈവം മറിച്ചതല്ല... കുഴിയില്‍ വീണ ശേഷമാണ് മറിഞ്ഞതെന്ന ചോദ്യം നിര്‍ണ്ണായകമായി; ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്താന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോളെന്ന ചോദ്യം പ്രസക്തമാക്കി അന്തിമ വിധി; പാലിയേക്കരയില്‍ നാലാഴ്ച ടോള്‍ പരിവില്ല; ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടിയായി സുപ്രീംകോടതി തീരുമാനം

Update: 2025-08-19 15:00 GMT

ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍പ്ലാസയില്‍ നാലാഴ്ചത്തേക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരായ ദേശീയപാത അതോറിറ്റിയുടെ (എന്‍എച്ച്എഐ) ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ ടോള്‍ പിരിക്കാന്‍ നാലാഴ്ചത്തേക്ക് അതോറിറ്റിയ്ക്ക് കഴിയില്ല. ടോള്‍ പിരിക്കാന്‍ ഉപകരാര്‍ എടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെയും വാദം കേട്ട ശേഷമാണ് കോടതി തീരുമാനം. നേരത്തെ റോഡിന്റെ മോശം സ്ഥിതിയെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, എന്‍ വി അഞ്ജരിയ എന്നിവരുടെ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

12 മണിക്കൂറാണ് കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കുണ്ടായതെന്ന് പത്രവാര്‍ത്ത ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ദൈവത്തിന്റെ പ്രവൃത്തിയാണ് അതെന്നും ലോറി മറിഞ്ഞതാണ് കുരുക്കിന് കാരണമെന്നുമായിരുന്നു എന്‍എച്ച്എഐക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വിചിത്രവാദം. ലോറി ദൈവം മറിച്ചതല്ല, കുഴിയില്‍ വീണശേഷമാണ് മറിഞ്ഞതെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ തിരിച്ചടിച്ചു. യാത്രക്കാരുടെ ക്ഷമയ്ക്കും ഇന്ധനനഷ്ടത്തിനും നഷ്ടപരിഹാരം നല്‍കുകയാണ് വേണ്ടത്. റോഡിന്റെ അവസ്ഥ ശോചനീയമാണ്ജസ്റ്റിസ് ചന്ദ്രന്‍ പറഞ്ഞു. ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്താന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോളെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത് തന്നെയാണ് അന്തിമ വിധിയിലും നിറയുന്നത്.

മഴക്കാലമായതിനാലാണ് പണികള്‍ വൈകുന്നതെന്ന ന്യായീകരണം ബെഞ്ച് അംഗീകരിച്ചില്ല. തങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡ് നന്നായി പരിപാലിക്കുന്നുണ്ടെന്നും വരുമാനം തടയാനാകില്ലെന്നുമായിരുന്നു ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ വാദം. നഷ്ടം നികത്താന്‍ എന്‍എച്ച്എഐക്ക് ഹൈക്കോടതി നിര്‍ദേശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മണ്ണുത്തി ഇടപ്പള്ളി ദേശീയപാത 544ല്‍ ഗതാഗതക്കുരുക്കും നീണ്ടനിരയുമുണ്ടായിരുന്നത് അല്‍പ്പം കുറഞ്ഞെങ്കിലും വണ്ടികള്‍ നീങ്ങുന്നത് ഇഴഞ്ഞു തന്നെയാണ്. ശക്തമായ മഴ തുടരുന്നതിനാല്‍ സര്‍വീസ് റോഡുകളില്‍ കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞതും യാത്രാദുരിതം ഇരട്ടിയാക്കുന്നു.

സര്‍വീസ് റോഡ് ബലപ്പെടുത്താതെയും സമാന്തരപാത ഒരുക്കാതെയും ഒരേ സമയം അഞ്ചിടത്ത് അടിപ്പാതയും ഒരിടത്ത് മേല്‍പ്പാലവും നിര്‍മാണം ആരംഭിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സമയബന്ധിതമായി പണി തീര്‍ക്കാതെ കരാര്‍ കമ്പനി വീഴ്ച വരുത്തി. നടപടി സ്വീകരിക്കാതെ കേന്ദ്രസര്‍ക്കാരും ദേശീയപാത അതോറിറ്റി അധികൃതരും അനാസ്ഥ തുടരുകയാണ്. തൃശൂരില്‍നിന്ന് രണ്ടു മണിക്കൂര്‍കൊണ്ട് മുമ്പ് ഇടപ്പള്ളിയില്‍ എത്താമായിരുന്നെങ്കില്‍ ഇപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ എടുക്കും. ചെറുവണ്ടികള്‍ ദേശീയപാതയ്ക്ക് സമീപത്തെ ചെറുവഴികളെ ആശ്രയിക്കുന്നതോടെ ഇവയും തകര്‍ന്നു. ആകെ പ്രതിസന്ധിയാണ് ഇതിന് കാരണം.

റോഡ് സഞ്ചാര യോഗ്യമല്ലാതിരിക്കുമ്പോള്‍ എങ്ങനെ ടോള്‍ പിരിക്കാനാകുമെന്ന ചോദ്യമാണ് സുപ്രീംകോടതി വിധിയിലൂടെ ഉയര്‍ത്തുന്നത്. ഈ പാതയില്‍ 12 മണിക്കൂറിലധികം നീണ്ടുനിന്ന വലിയ ഗതാഗതക്കുരുക്ക് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ടോള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായി ദേശീയ പാത അതോറിറ്റിയും ടോള്‍ കമ്പനിയും നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വാദം കേട്ടപ്പോഴും കോടതി സമാനമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. 12 മണിക്കൂര്‍ ഗതാഗത കുരുക്കുണ്ടായ പത്രവാര്‍ത്ത ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ദേശീയ പാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി ഇങ്ങനെയായിരുന്നു. അതൊരു ദൈവഹിതമാണ്. ഒരു ലോറി മറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

അടിപ്പാതകളുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ ബദല്‍ മാര്‍ഗങ്ങളായി സര്‍വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും എന്നാല്‍ കാലവര്‍ഷം കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങളെ അത് ബാധിച്ചുവെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍, 65 കിലോമീറ്റര്‍ ദൂരത്തിന് ടോള്‍ നിരക്ക് എത്രയാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ചോദിച്ചിരുന്നു. 150 രൂപയാണെന്ന് മറുപടി ലഭിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് വീണ്ടും ചോദ്യമുയര്‍ത്തി. 'റോഡിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താന്‍ 12 മണിക്കൂര്‍ എടുക്കുന്നുവെങ്കില്‍ എന്തിനാണ് ഒരാള്‍ 150 രൂപ നല്‍കുന്നത്?. ഒരു മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കേണ്ട ഒരു റോഡില്‍, 11 മണിക്കൂര്‍ അധികമെടുക്കുന്നു, എന്നിട്ട് ടോള്‍ നല്‍കുകയും വേണം' ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ടോള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് പകരം ആനുപാതികമായ കുറവ് വരുത്തണമെന്ന് പറയുന്ന ഒരു വിധി നിലവിലുണ്ടെന്ന് ഈ സമയത്ത് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. പക്ഷേ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ ടോള്‍ പരിവ് ഒരു മാസത്തേക്ക് വേണ്ടെന്ന നിലപാട് എടുക്കുകയാണ് സുപ്രീംകോടതി.

Tags:    

Similar News