'പൗരനാണ് പരമാധികാരി; ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഭരണഘടന സംരക്ഷിക്കാന്‍ അവകാശം; പാര്‍ലമെന്റിന് മുകളില്‍ ഒരധികാരകേന്ദ്രവും ഇല്ല'; സുപ്രീംകോടതിയുടെ അധികാര പരിധിയെ വീണ്ടും ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി

സുപ്രീംകോടതിയുടെ അധികാര പരിധിയെ വീണ്ടും ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി

Update: 2025-04-22 10:34 GMT

ന്യൂഡല്‍ഹി: സുപ്രീം കോടതിക്കെതിരെ പരോക്ഷ വിമര്‍ശനം തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. പാര്‍ലമെന്റിന് മുകളില്‍ ഒരു അധികാര സ്ഥാനവും ഇല്ലെന്നും, ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഭരണഘടന സംരക്ഷിക്കാന്‍ ഉള്ള അവകാശമെന്നും ധന്‍കര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഭരണഘടന എങ്ങനെയാവണം എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. തന്റെ വാക്കുകള്‍ രാജ്യതാല്‍പര്യം സംരക്ഷിക്കാനാണെന്നും ധന്‍കര്‍ ന്യായീകരിച്ചു. ബില്ലുകള്‍ പാസാക്കുന്നതിന് ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി നടപടിക്കെതിരെ നേരത്തെയും ഉപരാഷ്ട്രപതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പാര്‍ലമെന്റ് ആണ് പരമോന്നതമെന്ന് പറഞ്ഞ ധന്‍കര്‍ അതിന് മുകളില്‍ ഒരു അധികാര കേന്ദ്രവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളിലെ സമയപരിധി നിര്‍ദേശിക്കലടക്കമുള്ള സുപ്രീംകോടതിയുടെ സമീപകാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ വിമര്‍ശനങ്ങള്‍. ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ധന്‍കറുടെ പ്രതികരണം. പാര്‍ലമെന്റ് പരമോന്നതമാണ്. അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഭരണഘടന എന്തായിരിക്കണമെന്നതിന്റെ ആത്യന്തിക ചുമതലക്കാര്‍. അതിന് മുകളില്‍ ഒരു അധികാരവും പാടില്ലെന്നും ധന്‍കര്‍ പറയുകയുണ്ടായി. തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രാജ്യത്തെ സംബന്ധിച്ച ഉത്തരവാദിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

'ഒരു പൗരനാണ് പരമാധികാരി, കാരണം ഒരു രാഷ്ട്രവും ജനാധിപത്യവും കെട്ടിപ്പടുക്കുന്നത് പൗരന്മാരാണ്. അവരില്‍ ഓരോരുത്തര്‍ക്കും ഒരു പങ്കുണ്ട്. ജനാധിപത്യത്തിന്റെ ആത്മാവ് കുടികൊള്ളുകയും സ്പന്ദിക്കുകയും ചെയ്യുന്നത് ഓരോ പൗരനിലുമാണ്. ഒരു പൗരന്‍ ജാഗരൂകനാകുമ്പോള്‍, ഒരു പൗരന്‍ സംഭാവന ചെയ്യുമ്പോള്‍ ജനാധിപത്യം പുഷ്‌കലമാകും, അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തപ്പെടും, ഒരു പൗരന്റെ സംഭാവനയ്ക്ക് പകരമായി മറ്റൊന്നില്ല.

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഒരു പ്രധാനമന്ത്രിയോട് 1977-ല്‍ കണക്കു ചോദിക്കപ്പെട്ടു. അതിനാല്‍, ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട - ഭരണഘടന ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്, അതിനെ സംരക്ഷിക്കാനുള്ള ചുമതലയും അവര്‍ക്കാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കണം എന്നതിലെ പരമാധികാരികള്‍ അവരാണ്. പാര്‍ലമെന്റിന് മുകളില്‍ ഒരു അധികാരത്തെയും ഭരണഘടന വിഭാവനം ചെയ്യുന്നില്ല. പാര്‍ലമെന്റാണ് പരമോന്നതം' ധന്‍കര്‍ വ്യക്തമാക്കി.

1975ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഇടപെടാന്‍ സുപ്രീംകോടതി തയാറായില്ല. അടിയന്തരാവസ്ഥകാലത്ത് മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടപ്പോള്‍ ഒമ്പത് ഹൈകോടതികളുടെ വിധി തള്ളി അതിന് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.

ഭരണഘടനയുടെ ആമുഖം സംബന്ധിച്ചും വ്യത്യസ്തമായ വിധികളാണ് കോടതി പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗൊരക്‌നാഥി കേസില്‍ ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. എന്നാല്‍, കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ ഭാഗമാണ് ആമുഖമെന്നാണ് കോടതി വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ജഡ്ജിമാര്‍ നിയമനിര്‍മാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ധന്‍കറിന്റെ വിമര്‍ശനം.

നമ്മള്‍ എവിടേക്കാണ് പോകുന്നത് . ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്. ഈ ദിവസം വരെ ജനാധിപത്യത്തിനു വേണ്ടി ഈ രീതിയില്‍ വിലപേശേണ്ടി വന്നിട്ടില്ലെന്നും ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കിയിരുന്നു. ധന്‍കറിന്റെ കോടതി വിമര്‍ശനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ധന്‍കറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Tags:    

Similar News