ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍; 15 ദിവസത്തെ പരോളിലാണ് പുറത്തിറങ്ങിയത് മുഹമ്മദ് ഷാഫിയും ഷിനോജും; വര്‍ഷന്ത്യത്തിലുള്ള സ്വാഭാവിക പരോളെന്ന് ജയില്‍ അധികൃതരുടെ വിശദീകരണം; ടി പി കേസ് പ്രതികള്‍ക്ക് തോന്നുംപോലെ പരോള്‍ ലഭിക്കുന്നത് തുടരുന്നു

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍

Update: 2025-12-22 07:02 GMT

കണ്ണൂര്‍: ടി പി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ ലഭിക്കുന്നത് തുടരുന്നു. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കാണ് ഇക്കുറി പരോള്‍ ലഭിച്ചിരിക്കുന്നത്. 15 ദിവസത്തെ പരോളിലാണ് രണ്ട് പ്രതികളും പുറത്തിറങ്ങിയത്. വര്‍ഷാവസാനത്തിലുള്ള സ്വഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ടി.പി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി. ചൊക്ലി പറമ്പത്ത് വീട്ടില്‍ കെ.കെ.മുഹമ്മദ് ഷാഫിക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു

കേസിലെ നാലാം പ്രതി ടി.കെ രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍ ഡിഐജി കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയൊരാള്‍ക്കു കൂടി പരോള്‍ ലഭിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രജീഷിന് 3 മാസത്തിനിടെ കിട്ടുന്ന രണ്ടാമത്തെ പരോളാണ്. ടി.പി കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെചുള്ളവര്‍ക്ക് പരോള്‍ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിഐജി എം.കെ വിനോദ് കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ രജീഷിന്റെ പരോളില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

30 മാസത്തെ പരോള്‍ കഴിഞ്ഞ് സെപ്റ്റംബറില്‍ ജയിലിലെത്തിയ രജീഷ് ഒന്നരമാസമായി ആയുര്‍വേദ ചികിത്സയിലായിരുന്നു. അത് കഴിയുമ്പോഴേക്കും പുതിയ പരോളും ലഭിച്ചു. കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസമാണ് പരോള്‍ ലഭിച്ചത്. അതിനിടെ ടി.പി. വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണംവാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പരോള്‍ അനുവദിക്കാന്‍ പലരില്‍നിന്ന് പണം വാങ്ങിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ജയില്‍ ഡിഐജിയുടെപേരില്‍ വിജിലന്‍സ് കേസ് എടുത്തെങ്കിലും തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.

ജയില്‍ ആസ്ഥാനത്തെ ഡിഐജി എം.കെ. വിനോദ്കുമാറിന്റെ പേരിലാണ് കേസ്. വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല. രഹസ്യവിവരത്തെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടുത്തദിവസംതന്നെ വിജിലന്‍സ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ പ്രതികള്‍ക്ക് ജയിലില്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് വിനോദ്കുമാര്‍ തടവുകാരുടെ ബന്ധുക്കളില്‍നിന്ന് പണം കൈപ്പറ്റിയതായി കണ്ടെത്തി. മയക്കുമരുന്നു കേസുകളിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ ഇത്തരത്തില്‍ പണംവാങ്ങി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. തടവുകാരുടെ ബന്ധുക്കളില്‍നിന്ന് പണം വാങ്ങിയശേഷം അനുകൂല റിപ്പോര്‍ട്ടുകളുണ്ടാക്കി പരോള്‍ അനുവദിച്ചെന്നും പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു.

വിയ്യൂര്‍ ജയിലില്‍നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ ഇടനിലക്കാരനായാണ് വിനോദ്കുമാര്‍ പണംവാങ്ങിയതെന്നും കണ്ടെത്തി. ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചു. അനധികൃത സ്വത്തു സമ്പാദനത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News