കിലയിലെ താല്‍ക്കാലിക ജീവനക്കാരിയുടെ പരാതി; സിപിഎം അടൂര്‍ ഏരിയാ കമ്മറ്റി അംഗത്തിനെതിരേ പാര്‍ട്ടി അന്വേഷണം; പരാതിയില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി മടങ്ങുമ്പോള്‍ വഴിയില്‍ വച്ച് അടി; അത് അന്വേഷിക്കാന്‍ വേറെയും കമ്മിഷന്‍; പത്തനംതിട്ട ജില്ലാ സെക്രട്ടറി മാറിയതോടെ സിപിഎമ്മിലെ അടൂര്‍ ലോബി പ്രതിസന്ധിയില്‍
സിപിഎം അടൂര്‍ ഏരിയാ കമ്മറ്റി അംഗത്തിനെതിരേ പാര്‍ട്ടി അന്വേഷണം
പത്തനംതിട്ട: കിലയിലെ താല്‍ക്കാലിക ജീവനക്കാരിയുടെ പരാതിയില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗത്തിനെതിരേ അന്വേഷണം. നേതാവിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരില്‍ ജീവനക്കാരിയെ സ്ഥലം മാറ്റുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഏരിയാ കമ്മറ്റി അംഗത്തിനെതിരേ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അന്വേഷണം പ്രഖ്യാപിച്ചത്. ജില്ലാ കമ്മറ്റി അംഗം പി.ആര്‍. പ്രസാദ്, ഏരിയാ കമ്മറ്റി അംഗം അഡ്വ. ഉദയന്‍ എന്നിവരാണ് അന്വേഷണ കമ്മിഷന്‍.
ജില്ലയില്‍ കിലയുടെ ചുമതലയുള്ള കടമ്പനാട്ട് നിന്നുള്ള നേതാവാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരിയോട് ഫോണ്‍ മുഖേനെ അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും അതിന് വഴങ്ങാതെ വന്നപ്പോള്‍ സ്ഥലംമാറ്റവും ഭീഷണിയും ഉണ്ടായി എന്നുമാണ് പരാതി. സിപിഐയുടെ ജനപ്രതിനിധി നിയമിച്ച ജീവനക്കാരിയെ ആണ് ഏരിയാ കമ്മറ്റി അംഗം ദുരുദ്ദേശത്തോടെ സമീപിച്ചത്.
വാട്സാപ്പ് മെസേജുകള്‍ അതിരു കടന്നപ്പോള്‍ യുവതി എതിര്‍ത്തു. സ്ഥലം മാറ്റ ഉത്തരവ് അടിച്ച് കൈയില്‍ കൊടുത്തായിരുന്നു നേതാവിന്റെ പ്രതികാരം. എന്നാല്‍, സിപിഐ ജനപ്രതിനിധി ഇടപെട്ട് ഉത്തരവ് റദ്ദാക്കി. നേതാവിന്റെ വാട്സാപ്പ് സന്ദേശങ്ങള്‍ അടക്കം പരാതിയായി യുവതി സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കി. അന്നത്തെ സെക്രട്ടറി കെ.പി. ഉദയഭാനു സംഭവം അന്വേഷിക്കാന്‍ അടൂര്‍ ഏരിയ കമ്മറ്റിക്ക് കൈമാറി. ഏരിയാ സെക്രട്ടറിയുടെ സ്വന്തക്കാരനാണ് പ്രതി എന്നതിനാല്‍ അത് ചവിട്ടി വച്ചു. ജില്ലാ സെക്രട്ടറി മാറിയതോടെ കഥ മാറി. വിഷയം ചര്‍ച്ചയായി. അങ്ങനെയാണ് അന്വേഷണ കമ്മിഷനായി പി.ആര്‍. പ്രസാദും അഡ്വ. ഉദയനുമെത്തുന്നത്.
ഇതിന് ശേഷം ഈ പരാതി ഒത്തു തീര്‍പ്പാക്കുന്നതിന് ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് നെല്ലിമൂട്ടില്‍പ്പടിക്ക് സമീപം വച്ച് വാഹനത്തില്‍ വന്നവരുമായി ആരോപണ വിധേയനും സുഹൃത്തും വഴക്കും കൈയാങ്കളിയും നടന്നത്. ഇതിന് വേറെ പരാതി പാര്‍ട്ടിക്ക് ലഭിച്ചു. ഈ സംഭവം അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം കര്‍ശന നിര്‍ദേശം നല്‍കിയതോടെ ഏരിയാ സെക്രട്ടറി വെട്ടിലായി. ഒടുവില്‍ ആരോപണ വിധേയന്റെ അടുത്ത സുഹൃത്തായ ഏരിയാ കമ്മറ്റി അംഗം റോയ് ഫിലിപ്പിനെയും അഡ്വ. ഉദയനെയും കമ്മിഷനായി നിയോഗിച്ചു.
ഉദയഭാനു മാറി രാജു ഏബ്രഹാം ജില്ലാ സെക്രട്ടറിയായതോടെ അടൂര്‍ ലോബിക്ക് തിരിച്ചടിയാണ്. ഇവിടുത്തെ രണ്ട് നേതാക്കളുടെ ചൊല്‍പ്പടിക്ക് സഞ്ചരിച്ചിരുന്നയാളായിരുന്നു ഉദയഭാനു. അതു കൊണ്ടു തന്നെ ഇവരായിരുന്നു പാര്‍ട്ടിയില്‍ എന്തും നടപ്പാക്കിയിരുന്നത്. രാജു ഏബ്രഹാം ജില്ലാ സെക്രട്ടറിയായതോടെ ഇവരുടെ അപ്രമാദിത്വം നിലച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇവര്‍ക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചു. ഇതിന്‍ മേല്‍ അന്വേഷണം നടന്നു വരികയാണ്.