പത്തനംതിട്ട ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് വിവാദം; ജനകീയ പ്രതിഷേധവും കൂട്ടാക്കാതെ അനുമതി; തെക്കൻ മേഖലയിൽ പുതിയ പ്ലാൻറ് സ്ഥാപിക്കണമെന്ന് ഐ.എം.എയുടെ കടുംപിടുത്തം; അനുമതി നിബന്ധനകളോടെ; ജനവാസമേഖലയിൽ പ്ലാന്‍റ് അനുവദിക്കില്ലെന്ന് നാട്ടുകാർ; നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യം

Update: 2025-03-10 13:13 GMT

പത്തനംതിട്ട: അടൂർ ഇളമണ്ണൂർ കിൻഫ്ര ഭക്ഷ്യസംസ്‌കരണ പാർക്കിൽ ആശുപത്രി മാലിന്യപ്ലാന്റിന് ജനകീയ പ്രതിഷേധം മറികടന്നും അനുമതി നൽകിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന പ്ലാന്റിന് പാരിസ്ഥിതിക അനുമതി നൽകിയത് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. 2024 സെപ്റ്റംബർ ഏഴിന് പ്രദേശത്ത് മലിനീകരണ നിയന്ത്രണ ബോർഡ് പൊതുജനാഭിപ്രായം തേടിയിരുന്നു. അന്ന് ജനപ്രതിനിധികളും ഗ്രാമപ്പഞ്ചായത്തും പ്രദേശത്തെ സംഘടനകളും വ്യക്തികളും ഉന്നയിച്ച ആക്ഷേപങ്ങളോ പരാതികളോ അന്വേഷിക്കുകപോലും ചെയ്യാതെയാണ് ഇപ്പോൾ പാരിസ്ഥിതിക അനുമതി നൽകിയിട്ടുള്ളതെന്നും ആക്ഷേപമുണ്ട്. ആശുപത്രി മാലിന്യപ്ലാന്റിന് അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 25ന് ചേർന്ന അതോറിറ്റിയുടെ യോഗത്തിലാണ് മാലിന്യ സംസ്കരണ യൂണിറ്റിന് നിബന്ധനകളോടെ പത്തുവർഷത്തെ പാരിസ്ഥികാനുമതി നൽകിയത്. 44 നിബന്ധനകളോടെയാണ് അനുമതി നൽകിയത്. എന്നാൽ ജനവാസമേഖലയോട് ചേർന്ന് പ്ലാന്‍റ് അനുവദിക്കില്ല എന്നാണ് നാട്ടുകാരുടെ നിലപാട്.

പ്രധാനപ്പെട്ട നിബന്ധനകൾ:

• ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ഗ്രാമപ്പഞ്ചായത്തംഗം ഉൾപ്പടെയുള്ള ഒരു പ്രാദേ ശിക നിരീക്ഷണ സമിതി രൂ വത്കരിച്ച് പദ്ധതിയുടെ പ്രവർത്തനം നിരീക്ഷിക്കണം. വ്യവസായ പാർക്കിന്റെ പ്രതിനിധിയും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥനും കമ്മിറ്റിയിൽ അംഗമായിരിക്കും.

• ഓരോ 80 ചതുരശ്രമീറ്ററിലും ഒരു മരം എന്നനിലയിൽ ഗ്രീൻ ബെൽറ്റ് നിലനിർത്തണം.

• മാലിന്യം പുറത്തേക്ക് ചോർന്ന് പടരുന്നത് തടയുന്നതിന് ദിവസേനയുള്ള നിരീക്ഷണം ഉറപ്പാക്കണം.

• പദ്ധതിപ്രദേശത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കിണറുകളുടെ എണ്ണം കണ്ടെത്തി അവിടുത്തെ ജലത്തിന്റെ ഗുണനിലവാരം ആറുമാസത്തേക്ക് സ്ഥിരമായി പരിശോധിക്കണം.

എന്നാൽ തെക്കൻ മേഖലയിൽ പുതിയ പ്ലാൻറ് വരണമെന്ന പിടിവാശിയിലാണ് ഐ എം എ. നിലവിലെ മാലിന്യ പ്ലാൻറ് പാലക്കാട്ടാണ്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഉടവിടത്തില്‍ നിന്ന് 75 കിലോമീറ്ററിനുളളില്‍, 24 മണിക്കൂറിനകം സംസ്ക്കരിക്കണമെന്നാണ് പുതിയ കേന്ദ്ര നിയമം. മാലിന്യവുമായി പാലക്കാട് വരെ ഇനി പോകാനാവില്ല എന്നതാണ് ഐ എം എയുടെ നിലപാട്. പദ്ധതിക്കെതിരെ എതിർപ്പ് വ്യാപകമായതോടെ വിശദീകരണവുമായി ഐ എം എ രംഗത്തെത്തിയിരുന്നു. വായുവോ മണ്ണോ ജലമോ ഒരു വിധത്തിലും മലിനമാകില്ല. പ്രദേശം രോഗാണു വാഹകമാകുമെന്ന പ്രചാരണത്തിലും അടിസ്ഥാനമില്ലെന്നാണ് ഐ.എം.എയുടെ പ്രധിനിധികൾ പറയുന്നത്.

ഓക്സിജന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ജലകണികകള്‍ ഇവയല്ലാതെ മറ്റൊരു ഖരജലവായു പദാര്‍ഥങ്ങളും അന്തരീക്ഷവുമായി കലരുന്നില്ല. അതു കാരണം പ്ലാന്റ് യാതൊരുവിധ വായു മലിനീകരണത്തിനും കാരണമാകുന്നില്ല. അത്യാധുനിക ഡ്രൈ പ്ലാന്റാണ് ഉപയോഗിക്കുന്നത്. ജലത്തിന്റെ ഉപയോഗം പരിമിതമാണ്. ജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുകയും ചെയ്യുന്നു. അതിനാല്‍ പ്ലാന്റില്‍ നിന്ന് ജലം പുറത്തേക്ക് ഒഴുകില്ല. ചുറ്റുമുള്ള ഒരു ശുദ്ധജലസ്രോതസും മലിനപ്പെടില്ല. മണ്ണ്, മറ്റ് ഖരവസ്തുക്കള്‍ എന്നിവയിലൊന്നും മാലിന്യങ്ങള്‍ കലരുകയോ അശുദ്ധമാക്കുകയോ ചെയ്യുന്നില്ല.

ഇന്‍സിനറേറ്ററിന്റെ പുകക്കുഴല്‍ മതിയായ പൊക്കമുള്ളവയാണ്. ഇതില്‍ നിന്നുയരുന്ന പുക നിരീക്ഷിക്കുന്നതിന് സെന്‍സര്‍ സ്ഥാപിച്ചിട്ടുണ്ട്. അശുദ്ധവായു എത്തിയാല്‍ ആ സമയം ഡല്‍ഹിയിലും തിരുവനന്തപുരത്തുമുള്ള നിരീക്ഷണ കേന്ദ്രങ്ങളില്‍ അറിയാന്‍ കഴിയും. പ്ലാന്റ് നിലവില്‍ വരേണ്ടത് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ആശുപത്രികളുടെ സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമാണ്. ജനങ്ങള്‍ക്ക് ഒരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതെ പ്ലാന്റ് നടത്താനുള്ള ധാര്‍മിക ഉത്തരവാദിത്തം ഐ.എം.എയ്ക്കുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞിരുന്നു.

എന്താണ് ബയോമെഡിക്കൽ മാലിന്യം

ബയോ-മെഡിക്കൽ മാലിന്യം എന്നാൽ "മനുഷ്യരുടെയോ, മൃഗങ്ങളുടെയോ, പക്ഷികളുടെയോ രോഗനിർണയം, ശസ്ത്രക്രിയപോലെ ഉള്ള ചികിത്സാ നടപടികൾ അല്ലെങ്കിൽ വാക്സിനേഷൻ സമയത്ത് ഉൽപ്പാദിപ്പിക്കുന്ന ഏതെങ്കിലും ഖര, ദ്രാവക മാലിന്യങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.

ബയോമെഡിക്കൽ മാലിന്യങ്ങളുടെ ഉറവിടങ്ങൾ

ആശുപത്രികൾ,മെഡിക്കൽ കോളജുകൾ, പക്ഷിമൃഗാദികളെപ്പറ്റി ഗവേഷണം നടത്തുന്ന കേന്ദ്രങ്ങൾ, ബ്ലഡ് ബാങ്കുകൾ, മോർച്ചറികൾ, ഡെന്റൽ ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയാണ് പ്രധാനമായും ബയോ മെഡിക്കല്‍ മാലിന്യങ്ങളുടെ ഉറവിടങ്ങള്‍ .

അപകടകാരികളായ എന്തൊക്കെ മാലിന്യങ്ങൾ ഈ പ്ലാന്റിൽ സംസ്കരിക്കാൻ എത്തപ്പെടും

ആശുപത്രികളിൽ നിന്നും ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റുന്ന ശരീരഭാഗങ്ങൾ, രക്തവും മറ്റ് ശരീര ദ്രാവകങ്ങളും, ഭ്രൂണങ്ങൾ, കാൻസർ തെറാപ്പിയിൽ ഉപയോഗിക്കുന്ന ജനിതക രാസവസ്തുക്കൾ അടങ്ങിയ മാലിന്യങ്ങൾ. കാലഹരണപ്പെട്ടതോ ഇനി ആവശ്യമില്ലാത്തതോ ആയ മരുന്നുകളും, അണുനാശിനികളും ലായകങ്ങളും, റേഡിയേഷൻ മാലിന്യങ്ങൾ, ചികിത്സാ നടപടികൾക്കിടെ ഉണ്ടാകുന്ന ലോഹങ്ങളുടെ ഉയർന്ന ഉള്ളടക്കമുള്ള മാലിന്യങ്ങൾ, ഉപയോഗിച്ച സൂചികൾ, സിറിഞ്ചുകൾ, ഗ്ലൗസുകൾ, ലബോറട്ടറി യിൽ നിന്നും ഗവേഷണകേന്ദ്രങ്ങളിൽ നിന്നുമുള്ള രാസമാലിന്യങ്ങൾ എന്നിവയാണ് പ്ലാന്റിൽ സംസ്കരിക്കാൻ എത്തിക്കുന്നത്. 

Tags:    

Similar News