പഞ്ചാബില്‍ അതിവേഗം വളര്‍ന്ന് ക്രൈസ്തവ വിശ്വാസം; സിഖ് സമൂഹത്തിന്റെ ശോഭായാത്രയെയും വെല്ലുന്ന വിധത്തില്‍ ക്രിസ്തുമസ് റാലി; പാസ്റ്റര്‍മാരുടെ സ്വാധീനത്താല്‍ അതിവേഗം വളരുന്നത് പെന്തകോസ്ത് ക്രിസ്ത്യന്‍ സമൂഹം; കര്‍ഷക ബില്ലിനെയും പിന്തുണക്കുന്ന നിലപാടുകളിലേക്കും മാറ്റം
പഞ്ചാബില്‍ അതിവേഗം വളര്‍ന്ന് ക്രൈസ്തവ വിശ്വാസം
ലുധിയാന: പഞ്ചാബിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തകാലത്തായി പഞ്ചാബിലെ സിഖ് സമൂഹത്തില്‍ നിന്നും കൂട്ടത്തോടെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആളുകള്‍ ചുവടുവെക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് പഞ്ചാബിലെ ക്രിസ്ത്യന്‍ ജനസംഖ്യ 1.5 ശതമാനമായിരുന്നു. എന്നാല്‍ ഇത് അടുത്തകാലത്തായി 15 ശതമാനത്തിലേക്ക് ഉയര്‍ന്നു എന്നാണ് അനൗദ്യോഗിക കണക്കുകള്‍.
അതിവേഗമാണ് ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഉണ്ടായ കുതിപ്പുകള്‍ പഞ്ചാബില്‍ രാഷ്ട്രീയമായും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സിഖ് സമൂഹത്തില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കാണ് ക്രൈസ്തവ ജനസംഖ്യയെ ഉയര്‍ത്തുന്നത് എന്നതാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും ഇവാഞ്ചലിക്കല്‍ വിഭാഗത്തിലാണ് ക്രൈസ്തവരുടെ വളര്‍ച്ച. കോവിഡ് കാലത്തെ പാസ്റ്റര്‍മാരുടെ പ്രവര്‍ത്തങ്ങളാണ് അത്തരമൊരു കുതിച്ചു ചാട്ടത്തിലേക്ക് വഴിവെച്ചത്. കുറച്ചു നാള്‍ മുമ്പ് നടന്ന ക്രിസ്തുസ് റാലിയിലെ ജനസഞ്ചയം കണ്ട് മറ്റുള്ളവര്‍ പോലും ഞെട്ടി. അത്രയ്ക്ക പേര്‍ ആ റാലിയില്‍ പങ്കെടുത്തിരുന്നു. സിഖ് സമൂഹത്തിന്റെ ശോഭായാത്രയെയും വെല്ലുന്ന വിധത്തിലായിരുന്നു അന്ന് റാലി നടന്നത്.
2011ലെ സെന്‍സസ് പ്രകാരം പഞ്ചാബില്‍ 1.5 ശതമാനം ക്രിസ്ത്യാനികളെ ഉണ്ടായിരുന്നുള്ളൂ. അത്രതന്നെയാണ് മുസ്ലിം ജനസംഖ്യയും. ഹിന്ദുക്കള്‍ 36 ശതമാനവും, സിഖുകാര്‍ 60 ശതമാനവും ആണ്. പക്ഷെ കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ ജനസംഖ്യയില്‍ ഏറെ മാറ്റം വന്നിട്ടുണ്ടെന്നാണ് അടുത്തിടെ ഒരു ആം ആദ്മി നേതാവും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ മാറ്റം ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
ഇനി പഞ്ചാബിലെ ഗുരുദാസ് പൂരില്‍ അടക്കം ക്രിസ്ത്യന്‍ പാസ്റ്റര്‍മാരുടെ ഇടപെടലുകള്‍ വലിയ തോതില്‍ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. രാജു രംഗീല എന്ന ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍ ഉണ്ട്. അദ്ദേഹം പഞ്ചാബി ഭാഷയില്‍ സുവിശേഷം പ്രസംഗിക്കുന്ന വ്യക്തിയാണ്. വീടുകളില്‍ തന്നെയാണ് പലപ്പോഴും പ്രഭാഷണങ്ങള്‍ നടത്തുന്നത്. സമാനമായ വിധത്തില്‍ ഡസന്‍കണക്കിന് പള്ളികളും വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
രാജു രംഗില, ബജീന്ദര്‍ സിങ്ങ്, അങ്കുര്‍ നാരുല, ദീപ്തി തുടങ്ങിയവരാണ് പാസ്റ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഇവരുടെ വീഡിയോകള്‍ അവിടുത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കാനും തുടങ്ങി. ഇതോടെ ക്രൈസ്തവ സമൂഹത്തിലേക്ക് ആളുകള്‍ കൂടുതല്‍ എത്തി തുടങ്ങി. പഞ്ചാബില്‍ സിഖ് വിഭാഗത്തില്‍ നിന്നും അമേരിക്കന്‍ ജനത പിന്തുടരുന്ന പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ വിശ്വാസത്തിലേക്കുമാണ് മതംമാറ്റം. വിദേശ ഫണ്ടുകളും ഇവിടേക്ക് എത്തുന്നുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
കോവിഡ് കാലത്ത് രോഗം ബാധിതരെ പരിചരിക്കാന്‍ ഇത്തരം പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ നേരിട്ട് രംഗത്തിറങ്ങി. കൂടാതെ മയക്കുമരുന്നിന് അടിമകളായവരെ രോഗമുക്തരാക്കിയും രംഗത്തുവന്നതോടെ കൂട്ടത്തോടെ ആളുകള്‍ ക്രൈസ്തവ വിശ്വാസത്തിലേക് എത്തി. പഞ്ചാബി പാരമ്പര്യത്തിന്റെ ശൈലികള്‍ തന്നെ പ്രയോഗിക്കുന്നതിനാല്‍ ആളുകള്‍ക്ക് അപരിചിതത്വം തോന്നാത്ത വിധത്തിലാണ് ആരാധനാ ശൈലികള്‍ പോലും.
്അതേസമയം പഞ്ചാബിലെ ഖലിസ്ഥാന്‍ ഭീകരതയെ നേരിടാന്‍ ഈ മതപരിവര്‍ത്തനത്തെ ഏജന്‍സികളും ആയുധമാക്കിയെന്ന വിധത്തിലുള്ള തിയറികളും പുറത്തുവന്നിട്ടുണ്ട്. സുവിശേഷ വഴിയിലേക്ക് എത്തിയവര്‍ പലരും കര്‍ഷക ബില്ലിനെ അടക്കം പിന്തുണക്കുന്ന നിലപാടിലുമാണ്. ഇതെല്ലാം പഞ്ചാബില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇട നല്‍കിയിരിക്കയാണ്. അതിനിടെ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് പഞ്ചാബിലെ ക്രിസ്ത്യന്‍ പുരോഹിതരുടെ വസതികളിലും സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡും ഒന്നര വര്‍ഷം മുമ്പ് നടന്നിരുന്നു.
പാസ്റ്റര്‍മാരായ ജലന്ധര്‍ സ്വദേശി ബജീന്ദര്‍ സിങ്, കപൂര്‍ത്തല സ്വദേശി ഹര്‍പ്രീത് ഡിയോള്‍ എന്നിവരുടെ വസതികളിലാണ് ആദായനികുതി വകുപ്പ് (ഐ.ടി) സംഘം അന്ന് റെയ്ഡ് നടത്തിയത്. പാസ്റ്റര്‍മാര്‍ രോഗശാന്തി ശുശ്രൂഷകളുടെ മറവില്‍ പള്ളികള്‍ നടത്തുന്നുവെന്നും വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസഹായം സ്വീകരിക്കുന്നുവെന്നുമാണ് ഐ.ടി വകുപ്പ് ഉദ്യോഗസ്ഥരുടെ ആരോപണം. ഇതിന് പിന്നാലെയായിരുന്നു റെയ്ഡും.