ഒരു പാര്‍ട്ടി അംഗം 500 രൂപ നല്‍കണം; 28,000 പേര്‍ 500 രൂപവീതം നല്‍കിയാല്‍ 1.40 കോടിയാകും; പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നല്‍കേണ്ടത് ഒരു ദിവസത്തെ ശമ്പളം; പെരിയാ ഇരട്ടകൊലയിലും കീശ വീര്‍പ്പിക്കാന്‍ സിപിഎം; ഈ മാസം 20ന് കാസര്‍കോട്ടെ പാര്‍ട്ടി കോടീശ്വരനാകും!

Update: 2025-01-15 02:47 GMT

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നിയമപോരാട്ടം നടത്താന്‍ സിപിഎം വീണ്ടും പണം പിരിക്കുന്നു. പാര്‍ട്ടി അംഗങ്ങളില്‍നിന്നു മാത്രമാണ് പിരിവ്. ഒരംഗം കുറഞ്ഞത് 500 രൂപ നല്‍കണം. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണം. പെരിയക്കേസിനു വേണ്ടി രണ്ടാം തവണയാണ് സിപിഎം ഫണ്ട് സമാഹരിക്കുന്നത്. അങ്ങനെ പെരിയാ കൊലക്കേസിലെ എതിര്‍വിധിയും സാമ്പത്തിക നേട്ടമായി സിപിഎമ്മിന് മാറും. രണ്ട് കോടിയാണ് ടാര്‍ഗറ്റ്. എങ്ങനെ കേസ് നടത്തിയാലും ഇത്രയും തുകയാവില്ല. അതുകൊണ്ട് തന്നെ ബാക്കി പാര്‍ട്ടിക്ക് സ്വന്തമാകുകയും ചെയ്യും.

കാസര്‍ഗോഡ് ജില്ലയില്‍ 28,970 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. 28,000 പേര്‍ 500 രൂപവീതം നല്‍കിയാല്‍ത്തന്നെ 1.40 കോടി രൂപ ലഭിക്കും. സഹകരണ ജീവനക്കാരുടെ ശമ്പളം കൂടി ചേരുമ്പോള്‍ 2 കോടിയോളം രൂപ പിരിച്ചെടുക്കാനാകും. ഓരോ ബ്രാഞ്ചിനും ക്വോട്ട നിശ്ചയിച്ചാണ് പിരിവ്. ഈ മാസം 20ന് അകം പണം നല്‍കാനാണ് ഏരിയ കമ്മിറ്റികള്‍ക്ക് ജില്ലാ കമ്മിറ്റി നല്‍കിയ നിര്‍ദേശം. പെരിയാ കേസിനായി 2021 നവംബര്‍-ഡിസംബറില്‍ വലിയതോതില്‍ പണം പിരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫിസിന്റെ അന്തിമ ജോലികള്‍ക്കെന്നു പറഞ്ഞാണ് അന്ന് പിരിച്ചത്. അന്നും പാര്‍ട്ടി അംഗങ്ങളില്‍ നിന്നു മാത്രമായിരുന്നു പിരിവ്.

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികളെ സിബിഐ കോടതി ജീവപര്യന്തം തടവിനും രണ്ടാം പ്രതി സജി സി.ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നു ബലമായി മോചിപ്പിച്ചതിനു മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റി അംഗം കെ.മണികണ്ഠന്‍, ഉദുമ ഏരിയ കമ്മിറ്റി അംഗം കെ.വി.ഭാസ്‌കരന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരെ 5 വര്‍ഷം തടവിനും 10,000 രൂപവീതം പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതോടെ 5 വര്‍ഷം ശിക്ഷ ലഭിച്ച 4 നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. മറ്റ് പ്രതികളും അപ്പീല്‍ നല്‍കും. എല്ലാ ചെലവും സിപിഎം വഹിക്കുകയും ചെയ്യും.

പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചതിനെത്തുടര്‍ന്ന് ജയില്‍മോചിതരായ മുന്‍ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ.മണികണ്ഠന്‍, കെ.വി.ഭാസ്‌കരന്‍ എന്നിവര്‍ക്ക് വരവേല്‍പ്പൊരുക്കി സിപിഎം നയം വ്യക്തമാക്കിയിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍, സംസ്ഥാന സമിതി അംഗങ്ങളായ പി.ജയരാജന്‍, സതീഷ് ചന്ദ്രന്‍, എം.രാജഗോപാലന്‍ എംഎല്‍എ തുടങ്ങിയവര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. രക്തഹാരം അറിയിച്ചാണ് വരവേറ്റത്.

സിപിഎമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണക്കോട്ടയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവോടെ പൊളിഞ്ഞതെന്നു കെ.വി.കുഞ്ഞിരാമന്‍ പറഞ്ഞിരുന്നു. പ്രതിചേര്‍ക്കുമ്പോഴും അര്‍ഹിക്കാത്ത ശിക്ഷ നല്‍കിയപ്പോഴും പ്രതികരിക്കാതിരുന്നത് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ളതുകൊണ്ടാണ്. നേതാക്കളെ ജയിലിലാക്കാന്‍ സിബിഐ കള്ളക്കഥ ചമച്ചെന്നും അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതുകൊണ്ടാണ് നാലാംദിനം പുറത്തിറങ്ങാന്‍ പറ്റിയതെന്നും എം.വി.ജയരാജനും പറഞ്ഞു. ഭരണനേതൃത്വത്തിന്റെ കൂട്ടിലിട്ട തത്ത എന്ന വിശേഷണം സിബിഐക്ക് ചേരുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെന്നു പി.ജയരാജന്‍ വിമര്‍ശിച്ചു.

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി, പള്ളിക്കര, പാലക്കുന്ന്, ഉദുമ, വെളുത്തോളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. കാഞ്ഞങ്ങാട്ട് പ്രകടനത്തിന് പാര്‍ട്ടി തയാറെടുത്തെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല. കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ത്ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്.

Tags:    

Similar News