പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎമ്മിന് ആശ്വാസം! മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാല് സിപിഎം നേതാക്കളുടെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി; അഞ്ച് വര്‍ഷം തടവുശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി വേദനാജനകമായ തീരുമാനമെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ്

പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎമ്മിന് ആശ്വാസം!

Update: 2025-01-08 05:33 GMT

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎമ്മിന് ആശ്വാസം. കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കളുടെ നാല് പ്രതികളുടെ ശിക്ഷ ഹൈ്‌കോടതി സ്റ്റേ ചെയ്തു. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെവി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെവി ഭാസ്‌കരന്‍ എന്നിവര്രെ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരമാന്‍, കെ.മണികണ്ഠന്‍, വെളുത്തോളി രാഘവന്‍, കെ.വിഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇവരുടെ അപ്പീല്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമായിരിക്കും ഹര്‍ജിയില്‍ തുടര്‍വാദം. എന്നാല്‍ ശിക്ഷാവിധി കോടതി സ്റ്റേ ചെയ്തതോടെ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് സിപിഎം നേതാക്കള്‍ക്ക് ഇന്ന് തന്നെ ജയില്‍മോചിതരാകാം.

ഇവര്‍ക്കൊപ്പം കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുള്ള പത്തുപേരുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയുടെ മുന്‍പാകെ എത്തിയിട്ടില്ല. കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്.

കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തവും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

ഇവര്‍ക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരളം ഏറെ ഉറ്റുനോക്കിയ ഇരട്ടക്കൊലക്കേസ് വിധിവന്നത്. 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാല്‍ (24) എന്നിവരെ സി.പി.എം പ്രവര്‍ത്തകരടക്കമുള്ള പ്രതികള്‍ കൊലപ്പെടുത്തിയത്.

പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളില്‍ 10 പേരെ തെളിവുകളുടെ അഭാവത്തില്‍ ഡിസംബര്‍ 28ന് കോടതി വെറുതെ വിട്ടിരുന്നു.

Tags:    

Similar News