'കടുത്ത ശിക്ഷ നല്‍കണം, 'നീതി കിട്ടിയെന്ന് തോന്നുന്നു, ഒന്നും പറയാന്‍ കഴിയുന്നില്ല'; വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍; സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു; കടുത്ത ശിക്ഷ തന്നെ ഇവര്‍ക്ക് ലഭിക്കണം, കോടതിയില്‍ വിശ്വാസമെന്നും അമ്മമാര്‍
വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ വിധിയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അമ്മമാര്‍ പ്രതികരിച്ചത് പൊട്ടിക്കരഞ്ഞ് കൊണ്ട്. നീതി കിട്ടിയെന്ന് തോന്നുന്നതായും ഒന്നും പറയാന്‍ കഴിയുന്നില്ലയെന്നുമായിരുന്നു കൊല്ലപ്പെട്ട കൃപേഷിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. കടുത്ത ശിക്ഷ വേണമെന്നാണ് ആഗ്രഹമെന്നും, സര്‍ക്കാര്‍ കേസിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതായും കൃപേഷിന്റെ അമ്മ ബാലാമണിയമ്മ പറഞ്ഞു. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടാമെന്നും, കടുത്ത ശിക്ഷ തന്നെ ഇവര്‍ക്ക് ലഭിക്കണമെന്നും ശരത് ലാലിന്റെ അമ്മ പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ടെന്നും പ്രതികരിച്ചു
കൊച്ചി സി.ബി.ഐ കോടതിയാണ് കേസിലെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മ ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവര്‍ പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടു പ്രതികളില്‍ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ ആറു പേര്‍ സി.പി.എമ്മിന്റെ പ്രധാന പ്രവര്‍ത്തകരാണ്. സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീലുമായി സുപ്രീംകോടതി വരെ പോയി നടത്തിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി വന്നത്. 2019 ഫെബ്രുവരി 17ന് രാത്രി 7.36ഓടെയാണ് കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്.
പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായാണ് കൊലയാളിസംഘം നടുറോഡിലിട്ട് വെട്ടിനുറുക്കിയത്. കല്യോട്ട് കൂരാങ്കര റോഡില്‍ ബൈക്കിലെത്തിയ കൃപേഷിനെയും ശരത്ത് ലാലിനെയും അക്രമിസംഘം തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
മാരകമായി വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണത്തിന് കീഴടങ്ങി. കല്യോട്ട് നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം ആണെന്നും സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു.
കേസിലെ 24 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉള്‍പ്പടെ 24 പ്രതികളാണുള്ളത്. എല്ലാവരും പാര്‍ട്ടിക്കാരാണ്.