ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോള്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; പെട്രോളിനും ഡീസലിനും എക്‌സൈസ് തിരുവ രണ്ട് രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; നികുതി കൂട്ടിയെങ്കിലും ചില്ലറ വില്‍പന വിലയില്‍ മാറ്റമില്ലാതെ തുടരും
പെട്രോളിനും ഡീസലിനും എക്‌സൈസ് തിരുവ രണ്ട് രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ചില്ലറ വില്പനയെ വില വര്‍ധന ബാധിക്കില്ല. എക്സൈസ് തീരുവ രണ്ടുരൂപ വീതം ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനമാണ് വന്നിരിക്കുന്നത്. അതേസമയം നികുതി വര്‍ധന സാധാരണക്കാരെ ബാധിക്കില്ല. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ചില്ലറ വില്‍പനവിലയില്‍ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികള്‍ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകര തീരുവ നടപടിക്കു പിന്നാലെ ആഗോള എണ്ണവിലയില്‍ ഇടിവുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ ഇന്ധനവില കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കൂട്ടിയത്. ഇതോടെ, പൊതുജനങ്ങള്‍ക്കു ലഭ്യമാകേണ്ടിയിരുന്ന വിലക്കുറവ് കിട്ടാനിടയില്ല. ക്രൂഡ് വില 4 വര്‍ഷത്തെ താഴ്ചയായ 60 ഡോളറിലേക്കാണ് ഇടഞ്ഞത്. നിലവില്‍ കേരളത്തില്‍ (തിരുവനന്തപുരം) പെട്രോളിനു ലീറ്ററിന് 107.48 രൂപയും ഡീസലിനു ലീറ്ററിനു 96.48 രൂപയുമാണു വില.
ഈ വിലവര്‍ദ്ധനവ്, പണപ്പെരുപ്പ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഉയര്‍ന്ന ഇന്ധന വില ഗാര്‍ഹിക ബജറ്റിനെ കൂടുതല്‍ ഞെരുക്കും. അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സമയത്തെ ഈ തീരുമാനം ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് ഏപ്രില്‍ 8 മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. എന്നാല്‍ വിലവര്‍ധനവ് ചില്ലറ വില്‍പ്പന വിലയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവു വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് വിലകൂട്ടല്‍ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഭൂട്ടാനിലെ വിലകേട്ടാല്‍ ഞെട്ടും
ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതായിട്ട് ഒരു വര്‍ഷത്തോളമായി. കേരളത്തില്‍ ഇന്ന് 105.73 രൂപയാണ് പെട്രോള്‍ വില. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറിയും കുറഞ്ഞും 100 രൂപയ്ക്കടുത്ത് പെട്രോളിന് വിലയുണ്ട്. എന്നാല്‍ അയല്‍രാജ്യമായ ഭൂട്ടാനില്‍ എത്രയാകും പെട്രോള്‍ വില. ഭൂട്ടാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വ്‌ലോഗര്‍ മുഹമ്മദ് അര്‍ബാസ് ഖാന്റെ വിഡിയോയിലാണ് പെട്രോള്‍, ഡീസല്‍ വിലയിലെ വ്യത്യാസം ചൂണ്ടിക്കുന്നത്.
ഭൂട്ടാനില്‍ ഭാരത് പെട്രോളിയത്തിന്റെ പമ്പ് കണ്ട് അല്‍ഭുതത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. 'ഭാരത് പെട്രോളിയത്തിനും ഇന്ത്യന്‍ ഓയിലിനും ഭൂട്ടാനിലും പെട്രോള്‍ പമ്പുകളുണ്ട്. ഇവ ഇന്ത്യന്‍ പെട്രോള്‍ കമ്പനികളാണ്, പക്ഷേ ഇവിടുത്തെ പെട്രോള്‍ വില നിങ്ങള്‍ വിശ്വസിക്കില്ല' എന്നാണ് വിഡിയോയില്‍ പറയുന്നത്.
ശേഷം ഇന്ത്യ ഭൂട്ടാന്‍ ബോര്‍ഡറിലെ പമ്പില്‍ നിന്നുള്ള പെട്രോള്‍ വിലയും വിഡിയോയില്‍ കാണിക്കുന്നുണ്ട്. 63.92 രൂപയാണ് ഒരു ലിറ്റര്‍ പെട്രോള്‍ വിലയായി മെഷിനില്‍ കാണിക്കുന്നത്. ഭൂട്ടാന്‍ കറന്‍സിയും ഇന്ത്യന്‍ രൂപയും മൂല്യത്തില്‍ വലിയ വ്യത്യാസമില്ല. അതായത് ഇന്ത്യയില്‍ ലിറ്ററിന് ഏകദേശം 100 രൂപയ്ക്ക് വില്‍ക്കുന്ന പെട്രോളിന് ഭൂട്ടാനില്‍ വലിയ വില കുറവിലാണ്.
ഇന്ത്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്തിട്ടും ഭൂട്ടാനെങ്ങനെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉയര്‍ന്ന നികുതിയാണ് ഇന്ത്യയുടെ ഉയര്‍ന്ന ഇന്ധനവിലയ്ക്ക് കാരണമെന്ന് മറ്റു ചിലര്‍ കമന്റിടുന്നു. സംസ്ഥാന നികുതി കുറച്ചാല്‍ വില ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് മറ്റു കമന്റുകള്‍. ഏഴ് ആഴ്ച മുന്നെ വ്‌ലോഗര്‍ പങ്കുവച്ച വിഡിയോ 9.8 മില്യണ്‍ പേരാണ് കണ്ടത്.