മണിയാര്‍ വൈദ്യുതി കരാറില്‍ മുഖ്യമന്ത്രിയുടെ അസാധാരണ ഇടപെടല്‍; കമ്പനിക്ക് കെഎസ്ഇബി നോട്ടീസ് നല്‍കിയെന്ന് നിയമസഭയില്‍ കെ. കൃഷ്ണന്‍കുട്ടി; ഉടനെ വൈദ്യുതി മന്ത്രിയെ തിരുത്തി പിണറായി; ബിഒടി കാലാവധി കഴിഞ്ഞ പദ്ധതിയുടെ വൈദ്യുതിക്ക് പണം ഈടാക്കാനുള്ള കെഎസ്ഇബി തീരുമാനം പ്രതിസന്ധിയില്‍

മണിയാര്‍ വൈദ്യുതി കരാറില്‍ മുഖ്യമന്ത്രിയുടെ അസാധാരണ ഇടപെടല്‍

Update: 2025-01-22 08:59 GMT

തിരുവനന്തപുരം: മണിയാര്‍ വൈദ്യുതി പദ്ധതിയുടെ കരാറില്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിന്റെ താല്‍പ്പര്യത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അസാധാരണ ഇടപെടല്‍. മണിയാര്‍ വൈദ്യുത കരാറില്‍ വൈദ്യുതി മന്ത്രിയെ നിയമസഭയില്‍ തിരുത്തിയാണ് പിണറായി ഇന്ന് രംഗത്തുവന്നത്. ബിഒടി കാലാവധി കഴിഞ്ഞ പദ്ധതിയുടെ കരാര്‍ പുതുക്കുന്നതിനെ അനുകൂലിച്ചു കൊണ്ടായിരുന്നു തിരുത്ത്. പദ്ധതി തിരിച്ചെടുക്കാന്‍ കമ്പനിക്ക് കെഎസ്ഇബി നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കെ. കൃഷ്ണന്‍കുട്ടി സഭയെ അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. മണിയാറില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് പണം ഈടാക്കാനുള്ള കെഎസ്ഇബി തീരുമാനവും ഇതോടെ പ്രതിസന്ധിയിലായി.

30 വര്‍ഷത്തെ ബിഒഒടി കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ കാര്‍ബറാണ്ടം കമ്പനിക്കിനി പദ്ധതിയില്‍ അവകാശം ഇല്ലെന്നാണ് വൈദ്യുതി മന്ത്രി യുടെ നിലപാട്. വകുപ്പുതല നിലപാടുകളില്‍ ഭിന്നയുണ്ടെന്നും മന്ത്രി തുറന്ന് പറഞ്ഞു. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കാര്‍ബറാണ്ടത്തില്‍ നിന്ന് പണം ഈടാക്കാനാണ് കെഎസ്ഇബി തീരുമാനം. എന്നാല്‍ വൈദ്യുതി മന്ത്രി പറഞ്ഞ അഭിപ്രായത്തെ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചത്.

അടുത്ത മാസം മുതല്‍ ബില്ല് നല്‍കും. ഇത് നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നയം അതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 12 ഓളം ജല വൈദ്യുത കരാറിനെ ദോഷകരമായി ബാധിക്കുന്ന തല തിരിഞ്ഞ തീരുമാനം ആണെന്ന് സബ്മിഷന്‍ അവതരിപ്പിച്ച രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. മണിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനമാണ് സഭയില്‍ ഉന്നയിച്ചത്. മണിയാര്‍ കരാര്‍ നീട്ടല്‍ തെറ്റായ നയമാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുക്കണം, എന്തിനാണ് വഴിവിട്ട സഹായം? കാലാവധി കഴിഞ്ഞിട്ടും ഏറ്റെടുക്കാന്‍ എന്താണ് തടസമെന്നും ചെന്നിത്തല നിയമസഭയില്‍ ചോദിച്ചു.

നേരത്തെ ഈ വിഷയത്തല്‍ കെഎസ്ഇബി താല്‍പ്പര്യത്തിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമായിരുന്നു. മണിയാര്‍ കരാര്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കെഎസ്ഇബിയുടെ എതിര്‍പ്പ് മറികടന്നെന്ന് രേഖകളാണ് പുരത്തുവന്നത്. സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന നീക്കത്തെ കമ്പനിയുടെ വാദങ്ങളെല്ലാം തള്ളിയാണ് കെഎസ്ഇബി എതിര്‍ത്തത്. കരാര്‍ നീട്ടണമെന്ന കമ്പനിയുടെ വാദങ്ങളില്‍ കഴമ്പില്ലെന്നും പ്രളയകാലത്ത് ഉല്‍പ്പാദന നഷ്ടമെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും കരാര്‍ പുതുക്കുന്നത് സര്‍ക്കാര്‍ താല്‍പര്യത്തിന് വിരുദ്ധമെന്നും കെഎസ്ഇബി നിലപാടെടുത്തിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കെഎസ്ഇബി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.

പ്രളയകാലത്തും മണിയാറില്‍ സാധാരണ ഉല്‍പാദനം ഉണ്ടായെന്നാണ് കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. കാര്‍ബൊറണ്ടം കമ്പനിയുമായി കരാര്‍ നിലവില്‍ വന്നത് 1991 മെയ് 18 നാണ്. 2024 ല്‍ പദ്ധതി തിരിച്ചു സമര്‍പ്പിക്കണമെന്നാണ് കരാര്‍. പദ്ധതിയില്‍ കമ്പനി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ ഒന്നും കെഎസ്ഇബിക്ക് നല്‍കിയില്ല. കെഎസ്ഇബിയുടെ അനുമതി വാങ്ങാതെ പദ്ധതിയില്‍ അധിക നിക്ഷേപം നടത്താന്‍ കരാര്‍ പ്രകാരം സാധിക്കില്ല. അങ്ങനെ ചെയ്താല്‍ അത് കരാര്‍ വ്യവസ്ഥയുടെ ലംഘനമാണ്. ഈ കരാര്‍ നീട്ടി നല്‍കിയാല്‍ ബിഒടി വ്യവസ്ഥയില്‍ നിര്‍മ്മിച്ച മറ്റ് കമ്പനികള്‍ ഇതേ ആവശ്യം ഭാവിയില്‍ ഉന്നയിക്കുമെന്ന് കെഎസ്ഇബി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മണിയാറില്‍ 2018 ലെ പ്രളയത്തില്‍ ഉല്‍പ്പാദന നഷ്ടം ഉണ്ടായിട്ടില്ലെന്നും 2019 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മാത്രം നേരിയ നഷ്ടം ഉണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. കരാര്‍ കാലാവധി കാലത്തെ നഷ്ടത്തിന് സര്‍ക്കാരിന് ബാധ്യതയില്ലെന്നാണ് കെഎസ്ഇബി നിലപാട്. കരാര്‍ അനുസരിച്ച് ഇന്‍ഷുറന്‍സ് സംരക്ഷണമുണ്ട്. നഷ്ടം നികത്താന്‍ സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.

എന്താണ് മണിയാര്‍ പദ്ധതി?

പ്രതിവര്‍ഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കാര്‍ബോറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ് സ്വകാര്യ മേഖലയില്‍ നിര്‍മിച്ച ചെറുകിട ജലവൈദ്യുത പദ്ധതിയാണ് മണിയാര്‍ ചെറുകിട ജലവൈദ്യുതപദ്ധതി. മണിയാറില്‍ ആണ് പദ്ധതിയിലെ പവര്‍ ഹൗസ് നിര്‍മിച്ചിരിക്കുന്നത്. പദ്ധതിയില്‍ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവര്‍ ഹൗസും ഉള്‍പ്പെടുന്നുണ്ട്. കമ്പനിയുടെ കൊച്ചിയിലുള്ള ഫാക്ടറിയിലേക്കുള്ള വൈദ്യുതിയുടെ ആവശ്യാര്‍ഥം ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ നിര്‍മ്മിക്കുന്ന വൈദ്യുതി കെഎസ്ബിയുടെ ലൈനിലൂടെയാണ് കൊച്ചിയിലേക്ക് എത്തിക്കുന്നത്.

Tags:    

Similar News