മുട്ടില്‍ ഇഴഞ്ഞും കല്ലുപ്പില്‍ മുട്ടുകുത്തി നിന്നും ഭിക്ഷയാചിച്ചും സഹനസമരം നടത്തിയ വനിത സിപിഒ ഉദ്യോഗാര്‍ഥികള്‍ കണ്ണീരോടെ മടങ്ങിയത് കഴിഞ്ഞ ദിവസം; രാജ്യത്ത് ഏറ്റവും അധികം പിഎസ് സി നിയമനം കേരളത്തിലെന്ന് ഭരണനേട്ട ലഘുലേഖ; 9 വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ബുക്ക്‌ലെറ്റും

രാജ്യത്ത് ഏറ്റവും അധികം പിഎസ് സി നിയമനം കേരളത്തിലെന്ന് ഭരണനേട്ട ലഘുലേഖ

Update: 2025-04-20 12:41 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടില്‍ ഇഴഞ്ഞും കല്ലുപ്പില്‍ മുട്ടുക്കുത്തി നിന്നും ശയനപ്രദക്ഷിണവും പാട്ടകുലുക്കി ഭിക്ഷയാചിച്ചും സമരം നടത്തിയ വനിത സിപിഒ ഉദ്യോഗാര്‍ഥികള്‍ റാങ്ക് ലിസ്റ്റ് കാലാവധി തീര്‍ന്നതോടെ കണ്ണീരോടെ വീടുകളിലേക്ക് മടങ്ങിയത് കഴിഞ്ഞ ദിവസമാണ്. രണ്ടാഴ്ച സഹനസമരം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. എന്നാല്‍, രാജ്യത്തെ ഏറ്റവുമധികം പിഎസ്സി നിയമനങ്ങള്‍ നല്‍കിയത് കേരളമാണെന്ന് ഭരണനേട്ടമായി ചൂണ്ടിക്കാണിക്കുന്ന ലഘുലേഖയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതാണ് ലഘുലേഖ. നാളെ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ലഘുലേഖ പുറത്തിറക്കിയത്. ഭരണത്തില്‍ മാതൃകാപരമായ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടുപേജുള്ള ലഘുലേഖയ്ക്ക് പുറമെ 108 പേജുള്ള വിശദമായ വിവരണങ്ങളുമായൊരു ബുക്ക്ലെറ്റും തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളില്‍ 66 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്ന് ലഘുലേഖയില്‍ അവകാശപ്പെടുന്നു. ഇതുവരെ ഒരുലക്ഷത്തിലേറെ നിയമന ശുപാര്‍ശകള്‍ നല്‍കി. പതിനായിരത്തിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. നോര്‍ക്ക, എല്ലാവര്‍ക്കും ഭൂമി, ഇ- സേവനങ്ങള്‍, അതിദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ലഘുലേഖയില്‍ അക്കമിട്ട് നിരത്തുന്നത്. കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പി.ആര്‍.ഡി. ഇത് പുറത്തിറക്കിയത്.

108 പേജുള്ള ബുക്ക്ലെറ്റില്‍ സര്‍ക്കാരിന്റെ വികസനനേട്ടമായി എടുത്ത് കാണിക്കുന്നത് വിഴിഞ്ഞം തുറമുഖമാണ്. വ്യവസായ സൗഹൃദത്തിനായി സ്വീകരിച്ച നടപടികള്‍, ദേശീയ ശ്രദ്ധ നേടിയ സംരംഭകത്വ വര്‍ഷം, സുസ്ഥിര വികസനത്തില്‍ ഒന്നാമത് തുടങ്ങി കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ബുക്ക്ലെറ്റില്‍ വിശദീകരിക്കുന്നത്.

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും ലഘുലേഖയില്‍ പറയുന്നു. വേഗമേറുന്ന ദേശീയപാത വികസനം, പരാതികളില്ലാതെ ശബരിമല തീര്‍ത്ഥാടനം എന്നിവ ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ മന്ത്രിമാരുടെയും ചിത്രങ്ങള്‍ വെച്ചാണ് ലഘുലേഖ.

നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി എല്ലാ ജില്ലകളിലും പ്രമുഖരുമായി ആശയവിനിമയം നടത്തും. ആഘോഷിക്കാന്‍ ഒന്നുമില്ലെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് ഭരണനേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനുള്ള ലഘുലേഖ. മലയാളത്തിന് പുറമെ ഇംഗ്ലീഷിനും ബുക്ക്ലറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിക്കുന്നുണ്ട് .

ഭരണത്തിന്റ എല്ലാമേഖലകളിലും മാതൃകാപരമായ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ലഘുലേഖകളുടെ ആമുഖത്തില്‍ പറഞ്ഞു. ഒറ്റക്കെട്ടായി നവകേരളത്തിനായി മുന്നേറാമെന്നും നാലാം വാര്‍ഷികം ഒന്നിച്ച് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലും കുറിപ്പിട്ടു


Tags:    

Similar News