ഖജനാവില്‍ ഉള്ളതെല്ലാം നുള്ളി പെറുക്കി ഹെലികോപ്റ്റര്‍ കമ്പനിക്ക് നല്‍കും; മുഖ്യമന്ത്രിയ്ക്ക് പറക്കാനായി കാത്തു കിടിക്കുന്ന ഹെലികോപ്റ്ററിന് 3.30 കോടി വാടക ഉടന്‍ കിട്ടും; ട്രഷറി നിയന്ത്രണത്തെ മറികടക്കുന്നത് പിണറായി നിര്‍ദ്ദേശത്തില്‍

ജൂണ്‍ 20 മുതല്‍ ഒക്ടോബര്‍ 19 വരെയുള്ള 4 മാസത്തെ ഹെലികോപ്റ്റര്‍ വാടകയാണ് അനുവദിച്ചത്.

Update: 2024-09-28 02:03 GMT

തിരുവനന്തരുകം: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ വാടകക്ക് 3.20 കോടി അനുവദിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ ഹെലികോപ്ടര്‍ പൂര്‍ണ്ണ തോതില്‍ കേരളം ഉപയോഗിക്കുന്നില്ലെന്നതാണ് വസ്തുത.

5 ലക്ഷം രൂപയാണ് ട്രഷറി നിയന്ത്രണം. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചതിനാല്‍ 3.20 കോടിയും ഹെലികോപ്റ്റര്‍ ഉടമകളായ ചിപ്‌സണ്‍ ഏവിയേഷന് ഉടന്‍ ലഭിക്കും. ജൂണ്‍ 20 മുതല്‍ ഒക്ടോബര്‍ 19 വരെയുള്ള 4 മാസത്തെ ഹെലികോപ്റ്റര്‍ വാടകയാണ് അനുവദിച്ചത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. നാല് മാസത്തെ വാടക ആവശ്യപ്പെട്ട് ജൂണ്‍ 20 ന് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പണം നല്‍കാന്‍ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുക ആയിരുന്നു. ഇതനുസരിച്ചാണ് തീരുമാനം.

സാമ്പത്തിക പ്രതിസന്ധിക്കിടെയും മുഖ്യമന്ത്രിക്കായി ഹെലികോപ്ടര്‍ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത് ഏറെ വിവാദമായിരുന്നു. കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം അതിന്റെ കരാര്‍ കഴിഞ്ഞപ്പോള്‍ പിന്നീട് പുതുക്കിയില്ല. പക്ഷെ രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തി.

2023 മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് അന്തിമ കരാറിലെത്തിയത്. ചിപ്‌സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടര്‍ നല്‍കുന്നത്. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. അതില്‍കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം.

മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനെന്നാണ് പറയാറെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും പ്രധാനമായും കോപ്ടര്‍ ഉപയോഗിക്കുക എന്നായിരുന്നു പുറത്തു വന്ന സൂചന. എന്നാല്‍ മുഖ്യമന്ത്രിയും വിമാനം കാര്യമായി ഉപയോഗിച്ചിട്ടില്ലെന്നതാണ് വസ്തുത. നേരത്തെ ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പവന്‍ ഹംസ് കമ്പനിയില്‍ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തിരുന്നു. എന്നാല്‍ ഇതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഹെലികോപ്ടര്‍ എടുത്തതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനം താല്‍ക്കാലം മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും കരാര്‍ നല്‍കുകയായിരുന്നു. ചിപ്‌സണിന്റെ സ്വന്തം ഗ്രൗണ്ടായ ചാലക്കുടിയിലാണ് പാര്‍ക്കിംഗ് നിശ്ചയിച്ചത്.പാര്‍ക്കിംഗ് തിരുവനന്തപുരത്ത് വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍ തിരുവനന്തപുരത്ത് ആണെങ്കില്‍ പാര്‍ക്കിംഗ് തുക കൂടി വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഒടുവില്‍ ചാലക്കുടിയില്‍ പാര്‍ക്ക് ചെയ്യണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിച്ച് കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നു.




 


Tags:    

Similar News