കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വികസനത്തില്‍ വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥന്റെ മികവ് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നു; വ്യക്തിപരമായ ദൗര്‍ബല്യത്തിന്റെ പേരില്‍ വലിയ വേട്ടയാടല്‍ നേരിടേണ്ടിവന്നുവെന്ന് പറഞ്ഞുള്ള ആ പരോക്ഷ സൂചന വിരല്‍ ചൂണ്ടിയത് ശിവശങ്കറിലേക്ക്; സ്വര്‍ണ്ണ കടത്ത് പ്രതി ഇപ്പോഴും ആ മനസ്സിലുണ്ട്; സ്റ്റാര്‍ട്ടപ്പിന് പിന്നിലെ ക്രെഡിറ്റ് മുഖ്യമന്ത്രി നല്‍കുന്നത് പഴയ ഐടി സെക്രട്ടറിയ്ക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ പേര് പറയാതെ പരാമര്‍ശം നടത്തി മുഖ്യമന്ത്രി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വികസനത്തില്‍ വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥന്റെ മികവ് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.
പക്ഷേ, വ്യക്തിപരമായ ദൗര്‍ബല്യത്തിന്റെ പേരില്‍ അദ്ദേഹം വലിയ വേട്ടയാടല്‍ നേരിടേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരില്‍ ഐടി സെക്രട്ടറിയായിരുന്നു ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വര്‍ണ്ണ കടത്ത് വിവാദത്തില്‍ പെട്ടാണ് പുറത്തു പോയത്. ഇപ്പോള്‍ ആരും ശിവശങ്കറിനെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. ദീര്‍ഘകാലം ജയില്‍ ജീവിതം അനുഭവിച്ച ശിവശങ്കര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് തന്റെ അതിവിശ്വസ്തനായി ഒരു കാലത്ത് കൊണ്ടു നടന്ന ശിവശങ്കറിനെ ഓര്‍മ്മിപ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 2023-2024 കാലഘട്ടത്തില്‍ കേരളത്തില്‍ 254 ശതമാനം വളര്‍ച്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ദേശീയ ശരാശരി 44 ശതമാനമായിരിക്കെയാണ് കേരളത്തിന്റെ ഈ നേട്ടം. ഇത് ഒരാള്‍ വിളിച്ചുപറഞ്ഞപ്പോള്‍ എന്തൊരു പുകിലാണ് ഉണ്ടായതെന്നും ശശി തരൂരുമായി ബന്ധപ്പെട്ട വിവാദം സൂചിപ്പിച്ചുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ മാറുന്ന മുഖമാണ് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പുതിയ മാറ്റമാണ് മവാസോ കാണിക്കുന്നത്. ശക്തമായ സമരങ്ങള്‍ നടത്തി പാരമ്പര്യമുള്ള ഡിവൈഎഫ്ഐയുടെ വേറിട്ട ഒരു കാഴ്ചയാണ് മവാസോയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ മുന്നേറ്റത്തിന് നിരവധി പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്‌ഐ ഏറ്റെടുത്തു. അഴിമതി നാടിന്റെ ശാപമാണെന്നും അഴിമതിക്കെതിരെ പ്രക്ഷോഭം നടത്താന്‍ ഡിവൈഎഫ്‌ഐക്ക് കഴിഞ്ഞു. വര്‍?ഗീയതയുടെ വിത്ത് നാട്ടില്‍ വളരുന്നു. അതിനെ ചെറുത്തു നിര്‍ത്താന്‍ ഡിവൈഎഫ്‌ഐ ശ്രമിക്കുന്നുണ്ട്. നാട് ആപത്ത് നേരിടുമ്പോള്‍ ഡിവൈഎഫ്‌ഐ നല്ല രീതിയില്‍ പ്രതികരിച്ചു. ഒട്ടനവധി ദുരിതങ്ങള്‍ കേരളം അടുത്തിടെ ഏറ്റുവാങ്ങിയെങ്കിലും അവിടെയെല്ലാം ഡിവൈഎഫ്‌ഐ മാതൃകാപരമായ ഇടപെടലുകള്‍ നടത്തി.
യുവാക്കള്‍ മാറുന്ന ലോകത്തിന്റെ ചലനം വേഗത്തില്‍ മനസ്സിലാക്കുന്നു. കേരളത്തില്‍ അധികവും അഭ്യസ്തവിദ്യരായ യുവത്വമായതിനാല്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാദ്ധ്യത സര്‍ക്കാര്‍ തിരിച്ചറിയുകയും ഒരു സ്റ്റാര്‍ട്ടപ്പ് നയം ആവിഷ്‌കരിക്കുകയുമായിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നയം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ് ഐയുടെ ഈ സമ്മേളനത്തിലേക്ക് ശശി തരൂരിനേയും അവര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ തന്ത്രപരമായി ശശി തരൂര്‍ പരിപാടി ഒഴിവാക്കുകയായിരുന്നു.