ഹിമപാതത്തില്‍ തകര്‍ന്നടിഞ്ഞ് കുളു - മണാലി; പാറക്കല്ലുകളും മരങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞ വീണു; വിനോദയാത്രയ്ക്ക് എത്തിയ രണ്ട് കോളജുകളില്‍നിന്നുള്ള മലയാളി വിദ്യാര്‍ഥി സംഘങ്ങള്‍ ഹിമാചലില്‍ കുടുങ്ങി

ചീമേനിയില്‍നിന്നുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഹിമാചലില്‍ കുടുങ്ങി

Update: 2025-03-01 10:57 GMT

മണാലി: ഒഴുകിയെത്തിയ ഹിമപാതത്തില്‍പ്പെട്ട് ഹിമാചല്‍ പ്രദേശിലെ പ്രശസ്ത വിനോദ സഞ്ചര കേന്ദ്രമായ കുളു - മണാലി പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ചയും ഹിമപാതവുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാനത്തെ 583 റോഡുകളും അഞ്ച് ദേശീയ പാതകളും അടച്ചതോടെ ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാര്‍ച്ച് മൂന്നാം തിയതി മറ്റൊരു ഹിമപാത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതിനിടെ രണ്ട് ദിവസമായി പ്രദേശത്ത് സംഭവിച്ച ഹിമപാതത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

അതേ സമയം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്നും കാസര്‍കോട് ചീമേനി എന്‍ജിനീയറിങ് കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികളും അധ്യാപകരും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി. കഴിഞ്ഞ 20 നാണ് ചീമേനിയില്‍ നിന്നും ഇലക്ടോണിക്സ് ബ്രാഞ്ചിലേയും കംപ്യൂട്ടര്‍ ബ്രാഞ്ചിലേയും വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യന്‍ യാത്രയ്ക്ക് പോയത്. കുളു മണാലിയിലെത്തിയ സംഘം മഞ്ഞ് വീഴ്ച കാരണം രണ്ട് ദിവസം പുറത്തിറങ്ങാതെ കഴിഞ്ഞു.

വിനോദയാത്ര ഒഴിവാക്കി ന്യൂഡല്‍ഹിയിലേക്ക് മടങ്ങവേ റോഡിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് സംഘം കുടുങ്ങിയത്. ഇലക്ടോണിക്സ് ബ്രാഞ്ചിലെ വിദ്യാര്‍ഥികള്‍ കടന്നുപോയ ശേഷമാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. 20 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും രണ്ട് അധ്യാപകരും മൂന്ന് ഗൈഡുകളും രണ്ട് ബസ് ജീവനക്കാരും അടക്കം 50 അംഗം സംഘമാണ് റോഡില്‍ കുടുങ്ങിയത്.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പാറക്കല്ലുകളും മരങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞ വീണത്. ഗ്രീന്‍ മണാലി ടോള്‍ പ്ലാസക്ക് സമീപമാണ് മണ്ണിടിഞ്ഞത്. ഞായറാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങുംവിധത്തിലാണ് യാത്ര ക്രമീകരിച്ചത്. മണ്ണ് നീക്കംചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും ആശങ്കപ്പെടെണ്ടതില്ലെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ 119 വിദ്യാര്‍ഥികളും അധ്യാപകരും ഇന്നലെ രാത്രി മുഴുവന്‍ റോഡിലാണ് കഴിഞ്ഞത്. പഠനയാത്ര കഴിഞ്ഞ് ഡല്‍ഹിയിലേക്ക് പോകും വഴി മണാലി ഡല്‍ഹി പാതയിലായിരുന്നു മണ്ണിടിച്ചില്‍. ഇന്നു രാവിലെ തിരികെ ഹോട്ടലില്‍ പോയി മുറിയെടുത്ത് താമസിച്ചു. റോഡിലെ ഗതാഗത തടസം നീക്കി വൈകിട്ടോടെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ കാലാവസ്ഥ അനുകൂലമാണ്.

കനത്ത നാശനഷ്ടം

കുളു, കാന്‍ഗ്ര, ചമ്പ, കിന്നൗര്‍, ലാഹോള്‍-സ്പിതി തുടങ്ങിയ ജില്ലകളിലെല്ലാം തുടര്‍ച്ചയായ മഴയും മഞ്ഞുവീഴ്ചയും കാരണം വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നദികളും അരുവികളിലും ജലനിരപ്പ് ഉയര്‍ന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു.

പഹനല ഖാദിലും കുളുവിനും ഡസന്‍ കണക്കിന് വാഹനങ്ങളാണ് ഒഴുകിപ്പോയത്. കാന്‍ഗ്ര ജില്ലയിലെ ഛോട്ടാ ഭംഗലില്‍ മേഘവിസ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കിന്നൗര്‍, ഭര്‍മോര്‍ പ്രദേശങ്ങളിലും ഹിമപാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചമ്പ ജില്ലയിലെ പാംഗി വാലിയിലെ കുമാര്‍ പഞ്ചായത്തിലുണ്ടായ ഒരു ഹിമപാതത്തില്‍ പ്രദേശം ഒറ്റപ്പെട്ട് പോയി.

വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മണ്ണിടിച്ചിലിലും കൂറ്റന്‍ പാറകള്‍ വീണും റോഡ് ഗതാഗതം തടപ്പെട്ടതോടെ 70- ഓളം സ്വകാര്യ - സര്‍ക്കാര്‍ ബസുകള്‍ സംസ്ഥാനമെമ്പാടുമായി കുടുങ്ങിക്കിടക്കുകയാണ്. മിക്ക പ്രദേശങ്ങളിലെയും ഗതാഗത സംവിധാനങ്ങള്‍ തകര്‍ന്നു. വൈദ്യുതി ഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. 2,263 ട്രാന്‍സ്‌ഫോര്‍മറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ പ്രദേശങ്ങള്‍ ഇരുട്ടിലായി. 279 ജലവിതരണ സംവിധാനങ്ങളെയും ദുരന്തം ബാധിച്ചു. നിരവധി കുടുംബങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Similar News