'നിയമം മനുഷ്യര്‍ക്കു വേണ്ടി, ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒന്നും ചെയ്യില്ല'; വനം നിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; കര്‍ഷകരുടെയും മലയോര മേഖലയില്‍ ഉള്ളവരുടെയും ന്യായമായ താത്പര്യങ്ങള്‍ക്കെതിരെ ഒരു നിയമവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ലെന്ന് മുഖ്യമന്ത്രി; പ്രതിഷേധം ശക്തമാകവേ സര്‍ക്കാര്‍ പിന്നോട്ട്
'നിയമം മനുഷ്യര്‍ക്കു വേണ്ടി, ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒന്നും ചെയ്യില്ല'
തിരുവനന്തപുരം: വനനിയമ ഭേദഗതി ബില്‍ ഉപേക്ഷിച്ചു സംസ്ഥാന സര്‍ക്കാര്‍. ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാകണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു. 'നിലവില്‍ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയിലാക്കുന്നതോ ആയ ഒരു ഭേദഗതിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു' മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് 2013-ലാണ്. അന്ന് യുഡിഎഫ് സര്‍ക്കാരായിരുന്നു ഭരണത്തില്‍. മനഃപൂര്‍വ്വം കടന്നുകയറുക എന്ന ഉദ്ദേശത്തോടെ വനത്തില്‍ കയറുക, വനത്തിനുള്ളില്‍ വാഹനം നിറുത്തുക ഇതെല്ലാം കുറ്റമാക്കുക എന്നതാണ് ആ ഭേദഗതി. അതിന്റെ തുടര്‍നടപടികളാണ് പിന്നീടുണ്ടായത്. ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുകയാണ്.
കര്‍ഷകരുടെയും പ്രത്യേകിച്ച് മലയോര മേഖലയില്‍ ഉള്ളവരുടെയും ന്യായമായ താത്പര്യങ്ങള്‍ക്കെതിരെ ഒരുനിയമവും ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല. സര്‍ക്കാരിന്റെ നിലപാട് ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് എന്നാണ്. മനുഷ്യരുടെ നിലനില്‍പ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ സൂക്ഷ്മതലത്തിലും സമഗ്രതലത്തിലും കൈക്കൊള്ളണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വനസംരക്ഷ നിയമത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ നിയമങ്ങളും മനുഷ്യര്‍ക്ക് വേണ്ടിയാണ്. മനുഷ്യന്റെ നിലനില്‍പ്പിനും പുരോഗതിയ്ക്കും അതിലൂടെ പ്രകൃതി സംരക്ഷണത്തിനു പര്യാപ്തമായ നിലപാട് കൈക്കൊള്ളണമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിന്റെ ജനസാന്ദ്രത നോക്കിയാല്‍ 860 ആണ്. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ് ഇത്. ഈ ജനസാന്ദ്രതയും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ജീവിത രീതികളും കണക്കിലെടുക്കുന്നതാകണം വനനിയമങ്ങളെന്നാണ് ഇടുതപക്ഷ സര്‍ക്കാരിന്റെ നിലപാട്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കണം. പ്രകൃതി സംരക്ഷണം പ്രവര്‍ത്തനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്. '' മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ജനസാന്ദ്രതയും ജീവിതരരീതിയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കണക്കിലെടുക്കുന്നതാവാണം വനനിയമങ്ങള്‍. വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിനൊപ്പം വനവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് തടയണം. വന്യജീവി ആക്രമണം തടയുന്നതില്‍ പ്രധാന തടസം കേന്ദ്രനിയമമാണ്. അക്രമകാരികളായ മൃഗങ്ങളെ കൊല്ലുന്നതിനു പോലും പരിമിതിയുണ്ട്. പുലി നാട്ടില്‍ ഇറങ്ങിയാല്‍ ആദ്യം ആറംഗസമിതി രൂപീകരിക്കണമെന്നതാണ് നിയമം. ആറംഗസമിതി ഇരുന്നു ചര്‍ച്ച ചെയ്യുന്നതു വരെ പുലി അവിടെത്തന്നെ നില്‍ക്കുമെന്നു കരുതാന്‍ പറ്റില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
''നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരുന്നതു കൊണ്ടാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിടാന്‍ കാലതാമസം നേരിടുന്നത്. ക്ഷുദ്ര ജീവികളെ വെടിവച്ചു കൊല്ലാനുള്ള അനുമതിയ്ക്കായി നിരവധി തവണ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. കേന്ദ്രവന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നും കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാഹചര്യം നോക്കി നടപടി എടുക്കണം. ഇതിന് പാര്‍ലമെന്റ് അംഗങ്ങള്‍ മുന്‍കയ്യെടുക്കണം.'' മുഖ്യമന്ത്രി പറഞ്ഞു.