തീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്നത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്‍പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്; ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവര്‍ക്കു പ്രത്യേക അജണ്ടയുണ്ടാവാം; യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്ന് ഉപനിഷത്തുകള്‍ നിര്‍വചിച്ചു കൊണ്ട് പിണറായി വിജയന്‍

തീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്നത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്‍പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്

Update: 2025-09-20 06:36 GMT

പമ്പ: അയ്യപ്പഭക്തര്‍ക്ക് വേണ്ടത് എന്താണോ അത് അവരില്‍ നിന്ന് തന്നെ അറിഞ്ഞ് നടപ്പാക്കാന്‍ വേണ്ടിയാണ് അയ്യപ്പഭക്തസംഗമം സംഘടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭക്്തികേവലം പരിവേഷമായി അണിയുന്നവര്‍ക്ക പ്രത്യേക അജണ്ടയുണ്ടാകും. .യഥാര്‍ഥ ഭക്തരെ തിരിച്ചറിയാനുള്ള വഴി ഉപനിഷത്തുകള്‍ നിര്‍വചിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

അയ്യപ്പഭക്തന്മാര്‍ ഇന്ന് ലോകത്തെമ്പാടുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മഹാസംഗമത്തിന് ഒരു ആഗോളസ്വഭാവം കൈവരുന്നത്. നേരത്തെ കേരളത്തില്‍ നിന്നുമാത്രമുള്ള തീര്‍ത്ഥാടകരായിരുന്നു ശബരിമലയില്‍ എത്തിക്കൊണ്ടിരുന്നത്. അയല്‍സംസ്ഥാനക്കാരും. പിന്നീടു പിന്നീട് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി തീര്‍ത്ഥാടകപ്രവാഹം. ക്ഷേത്രത്തിന്റെ സാര്‍വലൗകിക സ്വഭാവം മുന്‍നിര്‍ത്തിയാവണം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഇന്ന് ശബരിമലയിലേക്ക് ആളുകള്‍ എത്തുന്നുണ്ട്.

പലപ്പോഴും ഭക്തജനസാഗരം എന്നു വിശേഷിപ്പിക്കേണ്ട തരത്തിലുള്ള സാന്നിധ്യമാണുണ്ടാവുന്നത്. ഇത്രയേറെ ആളുകള്‍ എത്തുമ്പോള്‍ ക്ഷേത്ര പ്രവേശനം സുഗമമാക്കാനും തീര്‍ത്ഥാടനം ആയാസരഹിതമാക്കാനും വലിയ തോതിലുള്ള ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്.

തീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്നത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്‍പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളില്‍ നിന്നുതന്നെ മനസ്സിലാക്കി വേണ്ടതു ചെയ്യുകയാണു ആവശ്യം. അതിനുകൂടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഈ ഭക്തജനസംഗമം.

ഇതിനോട് ഭക്തജനങ്ങള്‍, പ്രത്യേകിച്ച് അയ്യപ്പഭക്തര്‍ സര്‍വാത്മനാ സഹകരിക്കുന്നു എന്നുകാണുന്നത് സന്തോഷകരമാണ്. യഥാര്‍ത്ഥ ഭക്തര്‍ക്ക് ഇങ്ങനെയേ ചെയ്യാനാകൂ. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവര്‍ക്കു പ്രത്യേക അജണ്ടയുണ്ടാവാം; താല്‍പര്യങ്ങളുണ്ടാവാം. അവ മുന്‍നിര്‍ത്തി അവര്‍ ഭക്തജനസംഗമം തടയാന്‍ എല്ലാവിധ പരിശ്രമങ്ങളും നടത്തിനോക്കി. അത് നമുക്ക് ബാധകമല്ല. ആ വഴിക്കുള്ള ശ്രമങ്ങളെ ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ വിലക്കി എന്നത് നമുക്കാകെ ആശ്വാസകരവുമാണ്.

യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ല. ഭഗവത്ഗീത തന്നെ യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം എന്താണെന്നുള്ളത് വ്യക്തമാക്കിയിട്ടുണ്ട്. ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ 12ാം അധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായാണുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, 'അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര കരുണ എവ ച' എന്നു തുടങ്ങുന്ന ഭാഗമാണ്.

ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും ആയിരിക്കും ഭക്തന്‍ എന്നതാണ് ആ ഗീതാനിര്‍വചനം. അതിന് നിരക്കുന്ന തരത്തിലുള്ള ഭക്തിയുള്ളവരുടെ സംഗമമാണ് സത്യത്തില്‍ ഇത്. ഗീതയിലെ ഭക്തസങ്കല്പം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ സംഗമം.

തീര്‍ത്തും മതനിരപേക്ഷ മൂല്യങ്ങളുടെ വിശുദ്ധിയില്‍ തിളങ്ങുന്നതാണ് ശബരിമല അയ്യപ്പക്ഷേത്രം എന്നു നമുക്കറിയാം. ഓരോ മതവും വിശ്വാസപ്രമാണവും തങ്ങളുടേതായ ആരാധനാലയങ്ങളും അനുബന്ധ രീതികളും പിന്തുടരുമ്പോള്‍, എല്ലാ ജാതിമത ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം, എല്ലാവരും ഒരുമിച്ചൊന്നായി എത്തിച്ചേരുന്ന ഇടമാണ് ശബരിമല.

'കല്ലും മുള്ളും കാലുക്കുമെത്ത' എന്ന് ശരണം വിളിച്ചുകൊണ്ട് കഷ്ടപ്പെട്ട് കാനന പാതകള്‍ താണ്ടി, പതിനെട്ടാം പടി കയറി അവിടെ എത്തുന്ന ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നത് 'തത്വമസി' എന്ന ഉപനിഷദ് വചനമാണ്. ഛാന്ദോക്യോപനിഷത്തിലെ ഈ വചനത്തിന്റെ പൊരുള്‍ 'അതു നീ തന്നെ' എന്നതാണെന്നു നമുക്കറിയാം.

ഞാനും നീയും ഒന്നാകുന്നു എന്നു പറയുമ്പോള്‍ അന്യരില്ല എന്നുകൂടിയാണ് അര്‍ത്ഥം. അഥവാ, അന്യരിലേക്കു കൂടി ഞാന്‍ എന്ന സങ്കല്‍പം ചേര്‍ന്നുനില്‍ക്കുകയാണ്. ഇങ്ങനെ അന്യരെക്കൂടി ഉള്‍ക്കൊള്ളുകയും, അന്യനോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുമ്പോള്‍ അന്യത എന്നത് ഇല്ലാതാവുകയാണ്. അപരന്‍ എന്നൊരാള്‍ ഇല്ലാതാവുകയാണ്. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുകയാണ്. അതു തെളിയിക്കുക എന്നതാണ് ശബരിമലയുടെ സന്ദേശം.

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും രമണ മഹര്‍ഷിയുമൊക്കെ നമുക്കു തെളിയിച്ചുതന്ന തത്വമാണിത്. ഇതിന്റെ പ്രഘോഷണം നടത്തുന്ന ലോകത്തെ തന്നെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. അവിടെ അയ്യപ്പന് നിത്യവും ഉറക്കുപാട്ടാകുന്നത് 'ഹരിവരാസനം' ആണെന്ന് എല്ലാവര്‍ക്കുമറിയാം. ആ കൃതി ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്ററാണ്. അത് ആലപിച്ചതാകട്ടെ ജന്മംകൊണ്ട് ക്രൈസ്തവനായ യേശുദാസാണ്.

സന്നിധാനത്തിലേക്കുള്ള യാത്രാമദ്ധ്യേ അയ്യപ്പഭക്തന്മാര്‍ തൊഴുതുനീങ്ങുന്നത് വാവര്‍ നടയിലൂടെയാണ്. വാവര്‍ ആകട്ടെ ഇസ്ലാമാണ്. മധ്യകേരളത്തില്‍ നിന്ന് മല ചവിട്ടാന്‍ പോകുന്ന അയ്യപ്പഭക്തര്‍ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളിയിലും കാണിക്കയിടുന്നു. ഇങ്ങനെ സര്‍വധര്‍മ സമഭാവനയുടെ പ്രതീകമായിനില്‍ക്കുന്ന എത്ര ദേവാലയങ്ങളുണ്ട് ലോകത്തില്‍? അങ്ങനെ ആലോചിക്കുമ്പോഴാണ് ശബരിമലയ്ക്കുള്ള പ്രത്യേകത കൂടുതല്‍ കൂടുതല്‍ വ്യക്തമാവുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News