'രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്; തല ഭാഗത്തായിരുന്നു ബാഗ് വെച്ചത്; ഉടനെ പരാതി നല്‍കാന്‍ ശ്രമിച്ചു; ചെയിന്‍ വലിച്ചു; ആരും വന്നില്ല'; കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ പി കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; 40,000 രൂപയും ഫോണും ആഭരണങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടു

Update: 2025-12-24 05:39 GMT

പട്ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. സമസ്തി പൂരില്‍ മഹിളാ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോഴായിരുന്നു കവര്‍ച്ച. കൊല്‍ക്കത്തയില്‍ നിന്ന് ബീഹാറിലെ സമസ്തിപൂരിലേക്ക് പോകും വഴിയാണ് മോഷണം നടന്നത്. 40,000 രൂപ, മൊബൈല്‍ ഫോണ്‍, സ്വര്‍ണത്തിന്റെ കമ്മലുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പി കെ ശ്രീമതി പറഞ്ഞു. സഹയാത്രികരുടെ ബാഗും നഷ്ടമായിട്ടുണ്ട്. മഹിളാ അസോസിയേഷന്റെ ബിഹാര്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പി കെ ശ്രീമതി കൊല്‍ക്കത്തയില്‍ നിന്ന് സമസ്ത പൂരിലേക്ക് ട്രെയിന്‍ യാത്ര നടത്തിയത്.

സമസ്തിപൂരിന് സമീപമുള്ള ദര്‍സിംഗ് സരായിലേക്ക് സമ്മേളനത്തിന് പോകുംവഴിയായിരുന്നു സംഭവം. മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളയ്ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത് ചെയ്തിരുന്നത്. ട്രെയിനില്‍ യാതൊരു സുരക്ഷ ഉണ്ടായിരുന്നില്ലെന്നും പരാതി പറഞ്ഞിട്ടും പോലീസുകാര്‍പോലും നിരുത്തരവാദപരമായിട്ടാണ് പെരുമാറിയതെന്നും പി.കെ.ശ്രീമതി ആരോപിച്ചു.

'രണ്ട് ദിവസം കൊല്‍ക്കത്തയിലെ സമ്മേളനം കഴിഞ്ഞ ശേഷം മറിയം ധാവ്ളയോടൊപ്പം സമസ്തിപുറിലേക്ക് വരികയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് കൊല്‍ക്കത്തയില്‍നിന്ന് തിരിച്ചത്. ധര്‍സിങ് സാരായ് എന്ന സ്റ്റേഷനിലാണ് ഞങ്ങളോട് ഇറങ്ങാന്‍ പറഞ്ഞത്. രാത്രി പതിനൊന്ന് മണിക്കാണ് ഉറങ്ങിയത്. ആ സമയമെല്ലാം ബാഗ് ഉണ്ടായിരുന്നു. തല ഭാഗത്തായിരുന്നു ബാഗ് വെച്ചത്. ഉടനെ പരാതി നല്‍കാന്‍ ശ്രമിച്ചു. ചെയിന്‍ വലിച്ചു. ആരും വന്നില്ല. കുറച്ച് സമയം ട്രെയിന്‍ നിര്‍ത്തിയ ശേഷം എടുത്തു. വളരെ നിരുത്തരവാദപരമായിട്ടാണ് പോലീസ് അടക്കം പെരുമാറിയത്. മറ്റു കമ്പാര്‍ട്ട്മെന്റില്‍നിന്നും ആളുകള്‍ വന്ന് ഞങ്ങളുടെ ബാഗും മറ്റും മോഷണം പോയതായി പറഞ്ഞു' പി.കെ.ശ്രീമതി പറഞ്ഞു.

ഇന്നലെ രാത്രി എട്ട് മണിക്കാണ് ശ്രീമതി ട്രെയിനില്‍ കയറിയത്. എസി കോച്ചില്‍ ലോവര്‍ ബര്‍ത്തില്‍ കിടക്കുകയായിരുന്നു. തലയ്ക്ക് തൊട്ടുമുകളിലാണ് ബാഗ് വച്ചിരുന്നത്. എത്ര മണിക്കാണ് മോഷണം പോയതെന്ന് കൃത്യമായി അറിയില്ലെന്നും പുലര്‍ച്ചെ നാല് മണിക്ക് ശേഷമാകാനാണ് സാദ്ധ്യതയെന്നും ശ്രീമതി പറഞ്ഞു. ലക്കിസരായി സ്റ്റേഷന് മുമ്പാണ് മോഷണം പോയെന്ന വിവരം അറിയുന്നത്. ഡിജിപിയെ വിളിച്ച് വിവരം അറിയിച്ചു. ആര്‍പിഎഫിന്റെ ഓഫീസിലും പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയതായി പി കെ ശ്രീമതി പറഞ്ഞു.

വളരെ ഞെട്ടിപ്പിച്ച അനുഭവമായിരുന്നു ഉണ്ടായതെന്നും ഉറങ്ങുമ്പോള്‍ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ ബാഗ് നഷ്ടപ്പെട്ടിരുന്നു. ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്‌സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിന്‍ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. ടിടിയെ നോക്കിയപ്പോഴും കണ്ടില്ല. പിന്നീട് ഒരു പൊലീസുകാരനോട് കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ നിസ്സംഗതയോടെയാണ് പൊലീസുകാരന്‍ പ്രതികരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. ട്രെയിന്‍ ഇറങ്ങിയതിന് ശേഷം പരാതി നല്‍കി എന്നും പി കെ ശ്രീമതി പറഞ്ഞു.

Tags:    

Similar News