വ്യവസ്ഥകളില്‍ ഒരു സംസ്ഥാനത്തിനു മാത്രമായി ഇളവു നല്‍കാനാകില്ല; പദ്ധതി ഏതുവിധത്തില്‍ നടപ്പാക്കണമെന്നത് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്രം; പിഎം ശ്രീയിലെ മന്ത്രിസഭാ ഉപസമിതി പരിശോധന കേന്ദ്രം അംഗീകരിക്കില്ല; കേരളത്തില്‍ നിന്നും കത്തു കിട്ടിയാല്‍ ഉടന്‍ പ്രതികരിക്കും; തമിഴ്‌നാടിന്റെ മാതൃക പഠിച്ച് പിണറായി സര്‍ക്കാരും; ഫണ്ടുകള്‍ തടയാന്‍ സാധ്യത

Update: 2025-10-31 03:08 GMT

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ മന്ത്രിസഭാ ഉപസമിതി പുനഃപരിശോധന നടത്തുമെന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലെ ധാരണ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കില്ല. പദ്ധതി മരവിപ്പിക്കുന്നത് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ചീഫ് സെക്രട്ടറി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ തയ്യാറാക്കിയ കത്ത് തന്നെ കേന്ദ്രത്തിന് അയക്കണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി പരിശോധിച്ചശേഷമായിരിക്കും കത്ത് അയക്കുക. കത്ത് കിട്ടിയാല്‍ ഉടന്‍ കേന്ദ്രം നിലപാട് അറിയിക്കും. അടുത്ത അധ്യന വര്‍ഷത്തില്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രം ഉറച്ചു നില്‍ക്കും.

പിഎംശ്രീ കേരളം മരവിപ്പിച്ചതായി അറിയില്ലെന്നും ഇക്കാര്യത്തില്‍ രേഖാമൂലം കേരളത്തിന്റെ അറിയിപ്പ് കിട്ടിയാല്‍ നിലപാട് അറിയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. ധാരണാപത്രപ്രകാരം പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. തടസ്സം നിലവിലില്ല. വ്യവസ്ഥകളില്‍ ഒരു സംസ്ഥാനത്തിനുമാത്രമായി ഇളവുനല്‍കാനാകുമെന്ന് കരുതുന്നില്ല. പദ്ധതി ഏതുവിധത്തില്‍ നടപ്പാക്കണമെന്നത് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും ഔദ്യോഗികവൃത്തങ്ങള്‍ പ്രതികരിച്ചു.

ഈ അധ്യയനവര്‍ഷം കരാര്‍ നടക്കില്ല. അടുത്ത വര്‍ഷം പിഎംശ്രീയിലേക്കുള്ള സ്‌കൂള്‍ തിരഞ്ഞെടുപ്പുണ്ടാകണമെന്നാണ് കേന്ദ്ര ആവശ്യം. പദ്ധതി മരവിപ്പിക്കണമെന്ന കത്ത്, സര്‍ക്കാര്‍ നേരിട്ടാണോ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേനയാണോ അയക്കുകയെന്നു വ്യക്തമല്ല. എങ്ങനെ പോയാലും കേന്ദ്രം അഗീകരിക്കില്ല. മൂന്നു മാസത്തിലൊരിക്കല്‍ സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാനുള്ള പോര്‍ട്ടല്‍ തുറക്കുമെന്നാണ് പിഎംശ്രീ മാര്‍ഗരേഖ. ജനുവരിയില്‍ പോര്‍ട്ടല്‍ തുറക്കും. അതിനുള്ളില്‍ ഉപസമിതി തീരുമാനമെടുത്തെങ്കിലേ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാനാകൂ. തദ്ദേശതിരഞ്ഞെടുപ്പിനുശേഷം പൊതുതിരഞ്ഞെടുപ്പിലേക്കു പ്രവേശിക്കുന്നതിനാല്‍ പിഎംശ്രീയില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ടൊരു നടപടിയെടുക്കില്ല.

ആദ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ധാരണാപത്രം ഒപ്പിടും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ യുഡൈസ് പ്ലസ് പോര്‍ട്ടലിലെ വിവരമനുസരിച്ച് യോഗ്യതയുള്ള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കും. മാനദണ്ഡങ്ങളനുസരിച്ച് മത്സരാടിസ്ഥാനത്തില്‍ സ്‌കൂളുകളെ തിരഞ്ഞെടുക്കും. മാനദണ്ഡം പാലിച്ചെന്ന് സംസ്ഥാനസര്‍ക്കാര്‍ നേരിട്ടു പരിശോധിച്ച് ഉറപ്പാക്കും. പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവാദം ചൂടുപിടിക്കുമ്പോഴും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് തമിഴ്നാട്. എന്‍ഇപി അംഗീകരിക്കില്ലെന്ന് പറഞ്ഞ തമിഴ്നാട് സര്‍ക്കാര്‍ സ്വന്തം വിദ്യാഭ്യാസനയം പ്രഖ്യാപിച്ച് കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം തുടരുകയാണ്. സമഗ്രശിക്ഷാ പദ്ധതിക്ക് കീഴില്‍ കുടിശികയുള്ള ഫണ്ട് നല്‍കണമെങ്കില്‍ സംസ്ഥാനം എന്‍ഇപി പൂര്‍ണമായും അംഗീകരിക്കണമന്ന നിലപാട് കേന്ദ്രം എടുത്തിട്ടും തമിഴ്നാട് കുലുങ്ങിയിട്ടില്ല.

എന്‍ഇപിയുടെ പ്രധാന നിബന്ധനകളോടുള്ള എതിര്‍പ്പ് തുടരുന്ന തമിഴ്നാട് കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചാണ് പല ഫണ്ടുകളും നേടിയെടുത്ത്. ദേശീയ നയത്തിലെ ത്രിഭാഷാ നയമാണ് എതിര്‍ക്കുന്ന പ്രധാന വിഷയം. സമഗ്രശിക്ഷ അഭിയാനില്‍ തമിഴ്നാടിന് കിട്ടേണ്ട 2,151 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചത്. ആര്‍ടിഇ ഫണ്ട് പോലും സുപ്രീംകോടതിയെ സമീപിച്ചാണ് തമിഴ്നാട് നേടിയെടുത്തത്. അധ്യാപക ശമ്പളം, വിദ്യാര്‍ഥികളുടെ വിവധ ക്ഷേമ- വിദ്യാഭ്യാസ പരിപാടികള്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി സ്വന്തം പണമാണ് നിലവില്‍ തമിഴ്നാട് ചെലവഴിക്കുന്നത്. എതിര്‍പ്പ് തുടര്‍ന്നാല്‍ ഈ മാതൃക കേരളവും സ്വീകരിക്കേണ്ട അവസ്ഥ വന്നേക്കും.

Tags:    

Similar News