കത്ത് വൈകിപ്പിച്ച് തര്‍ക്കം തണുപ്പിക്കാനുള്ള തന്ത്രം ഏറ്റില്ല; എസ് എസ് കെ ഫണ്ടിന്റെ ആദ്യ ഗഡു കേന്ദ്രം അനുവദിച്ചതോടെ സിപിഐ അയയുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി; സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചതിന് പിന്നാലെ പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് കേന്ദ്രത്തിന് കത്ത് നല്‍കി സംസ്ഥാന സര്‍ക്കാര്‍
പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് കേന്ദ്രത്തിന് കത്ത് നല്‍കി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇന്ന് രാവിലെയാണ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്ത് നല്‍കിയത്. തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
രാവിലെ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രി കണ്ടിരുന്നു. കത്ത് വൈകുന്നതില്‍ സിപിഐ മന്ത്രിമാര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി.പദ്ധതിയില്‍ കേരളം ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ നേരിട്ട് കണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ധരിപ്പിച്ചിരുന്നു. ഡഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍, കേരളത്തിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ലെന്നും, സംസ്ഥാനത്തിന്റെ നിലപാട് വാക്കാല്‍ അറിയിച്ചുവെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ധാരണാപത്രം മരവിപ്പിക്കുകയാണെന്ന് അറിയിച്ചെങ്കിലും, കേന്ദ്രം പിന്‍വാങ്ങിയിട്ടില്ല. 96 കോടി രൂപ എസ്.എസ്.കെ. (സമഗ്ര ശിക്ഷാ കേരള) പൊതുഫണ്ടിന്റെ ഭാഗമായി ലഭിച്ചെന്നും, ഇത് സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസുമായി ബന്ധമില്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
ഭാവിയില്‍ കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ലഭ്യമാക്കുന്ന കാര്യത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കാം. പി.എം.ശ്രീ വിഷയത്തില്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഇത് അന്തിമമായ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള 1066.36 കോടി രൂപയുടെ കുടിശ്ശിക ഫണ്ട് ഒറ്റത്തവണയായി ലഭ്യമാക്കണമെന്ന് മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2023-24 മുതല്‍ 2025-26 വരെയുള്ള എസ്.എസ്.കെയുടെ കേന്ദ്രവിഹിതമാണിത്. കൂടാതെ, ഹോസ്റ്റല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട് 6.198 കോടി രൂപയും 3.57 കോടി രൂപയും അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നു. 2026 ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന 'കേരള എജുക്കേഷന്‍ കോണ്‍ക്ലേവ് 2026'-ല്‍ മുഖ്യാതിഥിയായി സംബന്ധിക്കാന്‍ കേന്ദ്രമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.
ദേശീയ വിദ്യാഭ്യാസ നയത്തെ (NEP) സംബന്ധിച്ച പഴയ നിലപാടില്‍ മാറ്റമുണ്ടോ എന്ന ചോദ്യത്തിന്, നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി ഉറപ്പിച്ചു പറയുകയും ചെയ്തു.
