കുറ്റാകൂരിരുട്ടിൽ കുതിച്ചെത്തി ആ സിൽവർ 'ബെൻസ്' കാർ; തട്ടിത്തെറിപ്പിച്ചത് നാല് പാവം ജീവനുകളെ; പിന്നാലെ 24 മണിക്കൂറിനുള്ളില്‍ മുങ്ങിയ ഡ്രൈവറെ പൊക്കി പോലീസ് ബുദ്ധി; വഴിത്തിരിവായത് കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍; അപകട ദൃശ്യങ്ങളും നിർണയകമായി; കേസിന് പിന്നിലെ മാസ്റ്റർബ്രെയിൻ ഇങ്ങനെ!
മുസൂറി: കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച് അമിത വേഗത്തിൽ പാഞ്ഞെത്തിയ ആഡംബര കാർ കാൽനടയാത്രക്കാരെയും ഇരു ചക്രവാഹനത്തേയും ഇടിച്ചു തെറിപ്പിച്ച് വൻ അപകടം ഉണ്ടാക്കിയത്. മുസൂറി റോഡിൽ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. രണ്ട് പേർക്ക് സംഭവത്തിൽ പരിക്കേറ്റു. അപകടത്തിന് പിന്നാലെ ചീറിപ്പാഞ്ഞ് പോയ ബെൻസ് കാർ കിലോമീറ്ററുകൾക്ക് അപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ശേഷം കാർ ഓടിച്ച യുവാവിനെ പിടികൂടുകയും ചെയ്തു. ഇപ്പോഴിതാ, കേസിൽ പ്രതിയെ പിടികൂടിയത് എങ്ങനെയെന്ന് വിവരിച്ചിരിക്കുകയാണ് പോലീസ്.
സംഭവത്തിനുശേഷം ഡല്‍ഹിയിലേക്ക് രക്ഷപ്പെട്ട വന്‍ഷിനെ വളരെ വേഗത്തില്‍ കണ്ടെത്തിയത് എങ്ങനെയാണെ് വിവരിക്കുകയാണ് ദെഹ്‌റാദൂണ്‍ പോലീസ്. ഒന്നിലധികം ടീമുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷനില്‍ (എ.എന്‍.പി.ആര്‍) പതിഞ്ഞ നമ്പര്‍ പ്ലേറ്റില്‍നിന്ന് ഛണ്ഡിഗഡ് രജിസ്‌ട്രേഷനിലുള്ളതാണ് വണ്ടിയെന്ന് ആദ്യം കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറിന്റെ ഭാഗങ്ങളില്‍ നിന്നാണ് മെഴ്‌സിഡസ് ബെന്‍സാണെന്ന് ഉറപ്പിച്ചതെന്നും എസ്.എസ്.പി അജയ് സിങ് പറയുന്നു.
ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ രാജ്പുര്‍ വഴി കടന്നുപോയ ഛണ്ഡിഗഡില്‍ രജിസ്ട്രര്‍ ചെയ്ത മെഴ്‌സിഡസ് കാറുകള്‍ കണ്ടെത്തി. ഒമ്പത് കാറുകളാണുണ്ടായിരുന്നത്. ഇത് അന്വേഷണത്തെ വളരേയധികം സഹായിച്ചെന്നും അജയ് സിങ് പറയുന്നു. പിന്നാലെ നഗരത്തിലെ മെഴ്സിഡസ് ഷോറൂമിലും സര്‍വീസ് സെന്ററിലും പരിശോധന നടത്തിയപ്പോള്‍ നവംബറില്‍ മെഴ്സിഡസ് ബെന്‍സ് ജിഎല്‍എസ് -400 അവിടെ സര്‍വീസ് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. പിന്നാലെയാണ് കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയില്‍ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കാറിന്റെ ഉടമസ്ഥനായ ജതിന്‍ വര്‍മയിലെത്തിയ പോലീസ് അത് കാറോടിച്ചിരുന്ന വന്‍ഷിന്റെ ഭാര്യയുടെ സഹോദരനാണെന്നും മനസിലാക്കി. കഴിഞ്ഞ ജൂലൈയിലാണ് നേരത്തെ ആറ് മാസം ഉപയോഗിച്ച ഈ കാര്‍ ജതിന്‍ വാങ്ങിയത്. ബുധനാഴ്ച ജതിന്റെ 12 വയസുകാരനായ മകനോടൊപ്പമാണ് വന്‍ഷി കാറുമായി പുറത്തിറങ്ങിയത്. റസ്റ്ററന്റില്‍ ഇവര്‍ ഭക്ഷണം കഴിക്കാന്‍ കയറിയിരുന്നു. അവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് ഇത് മനസിലായതെന്നും പോലീസ് കൂട്ടിച്ചേർത്തു.
തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടയിലാണ് മസൂറില്‍വെച്ച് അപകടമുണ്ടായത്. തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച വന്‍ഷി ഒരു ബൈക്ക് സംഘടിപ്പിച്ച് ജതിന്റെ മകനെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. അതിനുശേഷമാണ് ഇയാള്‍ ഡല്‍ഹിയിലേക്ക് മുങ്ങിയത്. ഡല്‍ഹിയില്‍ നിന്ന് തിരിച്ച് വരുംവഴി ദെഹ്‌റാദൂണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വന്‍ഷിയെ പോലീസ് പിടികൂടുകയും ചെയ്തു. തൊഴിലാളികളായ മന്‍ഷാറാം, രഞ്ജിത്, ബല്‍കരന്‍, ദുര്‍ഗേഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാര്‍ ഇടിച്ച ബൈക്കിലെ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അയോധ്യ, ഫൈസാബാദ് സ്വദേശികളാണ് മരിച്ചവര്‍.