കാത്തിരിപ്പ് തുടങ്ങിയത് പുലര്‍ച്ചെ നാലുമുതല്‍; ഫാം ഹൗസില്‍ നിന്ന് ഇറങ്ങിയ പാടേ ബോബി ചെമ്മണ്ണൂരിന്റെ വാഹനത്തിന് കുറുകെ വാഹനമിട്ട് വിളിച്ചിറക്കി; കസ്റ്റഡിയില്‍ എടുത്തത് തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള റോഡില്‍ വച്ച്; പൊലീസ് വളഞ്ഞിട്ട് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്; അറസ്റ്റ് ഉടനെന്ന് കൊച്ചി ഡിസിപി
ബോബി ചെമ്മണ്ണൂരിനെ പിടികൂടിയത് വാഹനം വളഞ്ഞിട്ട്
കല്‍പ്പറ്റ: ബോബി ചെമ്മണ്ണൂരിനെ പൊലീസ് പിടികൂടിയത് വയനാട്ടിലെ ഫാം ഹൗസിന് മുന്നില്‍ തേയിലത്തോട്ടത്തില്‍ വച്ച്. ബോബി ഒളിവില്‍ പോകാതിരിക്കാനായി എറണാകുളം സെന്‍ട്രല്‍ പോലീസ് പുലര്‍ച്ചെ നാലുമണിമുതല്‍ കാത്തുനില്‍ക്കുകയായിരുന്നു. ഫാം ഹൗസിന് പുറത്തേക്ക് പോകാന്‍ ബോബി ചെമ്മണ്ണൂര്‍ കാറില്‍ വരുമ്പോള്‍ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള റോഡില്‍ വെച്ചാണ് പോലീസ് സംഘം ബോബിയെ കസ്റ്റഡിയിലെടുത്തത്. നടി ഹണി റോസിന്റെ പരാതിയിലാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിയുടെ വാഹനത്തിന് കുറുകെ വാഹനമിട്ട് വാഹനത്തില്‍ നിന്ന് വിളിച്ചിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിനിടെയാണ് ബോബിയെ കസ്റ്റഡിയില്‍ എടുത്തത്. കോയമ്പത്തൂരില്‍ ജ്വല്ലറിയുടെ ഉദ്ഘാടനം ബോബിയും നടി ഹന്‍സികയും ചേര്‍ന്ന് നടത്താനിരിക്കെയാണ് പിടി വീണത്.
ബോബി കസ്റ്റഡിയിലായിട്ടും കോയമ്പത്തൂരില്‍ ജ്വല്ലറി ഉദ്ഘാടനം നടന്നു. സ്വന്തം വാഹനത്തില്‍ വരാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അത് സമ്മതിച്ചില്ല. കൊച്ചി പൊലീസിന്റെ വാഹനത്തില്‍ തന്നെയാണ് പ്രതിയെ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത്. എട്ട് മണിക്ക് മുമ്പേ എത്തിച്ചേരുമെന്നാണ് വിവരം. വിശദമായി ചോദ്യം ചെയ്യും. ഹണി റോസിന്റെ രഹസ്യ മൊഴി കൂടി രേഖപ്പെടുത്തും.
ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി അറിയിച്ചു. ബോബിക്കെതിരെ മറ്റ് പരാതികള്‍ ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. കൊച്ചിയിലെ അഭിഭാഷകരുമായി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെക്കുറിച്ച് ബോബി ചെമ്മണ്ണൂര്‍ ആലോചന നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഖേദപ്രകടനം നടത്താനായിരുന്നു നീക്കം.
എ.ആര്‍.ക്യാമ്പിലെത്തിച്ചശേഷം ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരാതിക്കൊപ്പം ഡിജിറ്റല്‍ തെളിവുകളും ഹണി റോസ് ഹാജരാക്കിയിരുന്നു. ഹണി റോസിന്റെ പരാതിയില്‍ മതിയായ തെളിവുകളുണ്ടെന്ന് എറണാകുളം ഡി.സി.പി അശ്വതി ജിജി വ്യക്തമാക്കിയിരുന്നു.
'ഇതൊരു നേട്ടം തന്നെയാണ്. എറണാകുളം സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതി ലഭിച്ചതിനുപിന്നാലെ ബോബി ചെമ്മണ്ണൂരിനെ നിരീക്ഷിച്ച് വരികയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കുള്ള പാഠമാണിത്. ഹണി റോസിനെതിരായി മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തവരെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കുകയാണ്.' എറണാകുളം ഡി.സി.പി വ്യക്തമാക്കി.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇവിടെനിന്നുള്ള ഡാന്‍സാഫ് സ്‌ക്വാഡ് (ലഹരി വിരുദ്ധ സ്‌ക്വാഡ്) അംഗങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തിനുണ്ടായിരുന്നത്. മേപ്പാടി, ചൂരല്‍മല ഭാഗത്തേക്കുപോകുന്ന വഴിയിലാണ് ബോബിയുടെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. തേയില എസ്റ്റേറ്റാണിത്. രണ്ടുവര്‍ഷം മുന്‍പ് അദ്ദേഹം വാങ്ങിയ ഇവിടെ ടൂറിസം പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.