'ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് നവീന്‍ ബാബുവിനെ പരസ്യമായി അവഹേളിക്കാന്‍ വേണ്ടി; മൊഴികളും ആത്മഹത്യാ പ്രേരണക്കുറ്റം ഉറപ്പിക്കും വിധം'; പോലീസ് റിപ്പോര്‍ട്ടും ദിവ്യക്കെതിര്; എന്നിട്ടും ഒളിച്ചു കളിക്കുന്നത് രക്ഷാകവചം ഒരുക്കാന്‍; സിപിഎം നേരിടുന്നത് 'ഉപതിരഞ്ഞെടുപ്പ്' പ്രതിസന്ധി

'ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് നവീന്‍ ബാബുവിനെ പരസ്യമായി അവഹേളിക്കാന്‍ വേണ്ടി;

Update: 2024-10-24 00:48 GMT

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയെക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും പി.പി.ദിവ്യയ്ക്ക് എതിരാണ്. എന്നിട്ടും പി പി ദിവ്യയെ പിടികൂടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് കാര്യങ്ങള്‍ വൈകിപ്പിക്കുകയാണ്. നവീന്‍ ബാബുവിനെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്രയയപ്പ് യോഗത്തിലേക്കു ദിവ്യ എത്തിയത് എന്ന വിധത്തിലാണ് പൊലീസ് റിപ്പോര്‍ട്ട്. പൊലീസിനു ലഭിച്ച മൊഴികളും ആത്മഹത്യാ പ്രേരണക്കുറ്റം ഉറപ്പിക്കും വിധമാണ്. ഇക്കാര്യത്തില്‍ കോടതിയില്‍ ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അവസരം ഒരുക്കുകയാണ് പോലിസ് എന്നതാണ് ആക്ഷേപം.

പോലീസ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കയാണ്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു 11ന് പരിഗണിക്കും. നേരത്തെ എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഡിവൈഎഫ്‌ഐയുടെ അടക്കം സമ്മര്‍ദ്ധം ശക്തമായതു കൊണ്ട് ദിവ്യയെ കൈവിടാനും സര്‍ക്കാറിന് കഴിയുന്നില്ല. ഉപതിരഞ്ഞെടുപ്പു കാലം ആയതിനാല്‍ രണ്ട് നടപടി എടുത്താലും അതെല്ലാം തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ഇലയ്ക്കു മുള്ളിനും കേടില്ലാതെ പ്രശ്‌നം എങ്ങനെ തീര്‍ക്കുമെന്ന ആലോചനയിലാണ് സിപിഎം.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ ദിവ്യയെ പോലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്ന ഘട്ടത്തില്‍തന്നെയാണ് നവീന്‍ ബാബുവിന്റെ മരണത്തിനുശേഷം ഒന്‍പതാം ദിവസം മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം. ഇത് ജനവികാരം ശമിപ്പിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അതുറപ്പിക്കാനുള്ള നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, പോലീസിന് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ യെസ് ആണ് വേണ്ടത്. ഉപതിരഞ്ഞെടുപ്പു കാലത്തിനിടെ ദിവ്യയെ അറസ്റ്റു ചെയതാലും അത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. അല്ലാത്ത പക്ഷം, മറിച്ചാണ് കാര്യങ്ങളെങ്കില്‍ അതും വെല്ലുവിളിയാണ്.

അന്വേഷണത്തില്‍ ഒരുരീതിയിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് തിങ്കളാഴ്ച എല്‍.ഡി.എഫ്. യോഗത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നെങ്കിലും പോലീസ് ഇനിയും അനങ്ങിയിട്ടില്ല. ഒളിവില്‍ക്കഴിയുന്ന ദിവ്യയെ കണ്ടെത്താന്‍ ഒരുശ്രമവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 17-നാണ് ദിവ്യയുടെ പേരില്‍ കേസെടുത്തത്. 18-ന് രാവിലെ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് വാഹനത്തിലെത്തിയ ദിവ്യ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള കെ.വി. മുകുന്ദന് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് കൈമാറിയെങ്കിലും പോലീസ് അറിഞ്ഞ മട്ടു കാണിക്കുന്നില്ല.

അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ഒരുതവണ ദിവ്യയുടെ ഇരിണാവിലെ വീട്ടില്‍ പോയതൊഴിച്ചാല്‍ അവരെ കണ്ടെത്താന്‍ കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല. ദിവ്യ കണ്ണൂരില്‍ത്തന്നെ 'രഹസ്യകേന്ദ്രത്തില്‍' കഴിയുന്നുണ്ടെന്ന വിവരവും പോലീസിനുണ്ട്. ഇന്ന് ദിവ്യയുടെ മുന്‍കൂര്‍ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നത്. മുന്‍കൂര്‍ജാമ്യം കിട്ടാനുള്ള സാവകാശമൊരുക്കാനാണ് പോലീസ് കണ്ടില്ലെന്ന് നടിക്കുന്നതെന്നാണ് വിമര്‍ശം.

ഹര്‍ജി തള്ളിയാല്‍ പോലീസ് എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിര്‍ണായകം. പാര്‍ട്ടിയും സര്‍ക്കാരും കൈയൊഴിഞ്ഞുവെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടേതെങ്കില്‍ പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കേണ്ടിവരും. ജനവികാരത്തിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെയും സംഘടനകളുടെയും പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സംസ്ഥാന നേതൃത്വത്തിന്റെ ഉപദേശപ്രകാരം ദിവ്യയെ പെട്ടെന്ന് മാറ്റിയത്.

അതിനിടയിലും ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റിയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും വേറിട്ട നിലപാട് സ്വീകരിച്ചതോടെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് പാര്‍ട്ടി ആ കുടുംബത്തോടൊപ്പമാണെന്ന് പ്രഖ്യാപിച്ചു. എന്നിട്ടും കേസിന്റെ കാര്യത്തില്‍ പോലീസിന്റെ മെല്ലെപ്പോക്ക് മാറിയില്ല.

തലശ്ശേരിയിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച നടക്കുന്ന വാദം കേള്‍ക്കാന്‍ സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എത്തും. നവീന്‍ ബാബുവിന്റെ സഹോദരന്‍ കെ. പ്രവീണ്‍ ബാബുവും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നാണറിയുന്നത്.

അതേസമയം ആരോഗ്യവകുപ്പിന്റെ അന്വേഷണസംഘത്തിന് മുന്നില്‍ ടി വി പ്രശാന്ത് ഹാജറായിരുന്നു. എന്നാല്‍, മൊഴി നല്കിയത് വിചിത്രവാദമായിരുന്നു. പെട്രോള്‍ പമ്പിന് അപേക്ഷിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അനുമതി ആവശ്യമെന്ന് അറിയില്ലായിരുന്നുവെന്നാണ് വിശദീകരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ഇതര ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി മാറ്റുന്ന പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രശാന്തിനെതിരെ വകുപ്പുതല നടപടി ഉണ്ടാകാനാണ് സാധ്യത. കൈക്കൂലി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നു പ്രശാന്ത് മറുപടി നല്‍കിയതായാണ് സൂചന. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്, സൂപ്രണ്ട് എന്നിവരില്‍ നിന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി വിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണത്തിനായി അഡീഷണല്‍ ചീഫ് സെക്രട്ടറിയും, മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്‍ ഡയറക്ടറും അടങ്ങുന്ന സംഘമാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയത്.

ഇതിനിടെ, എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പിപി ദിവ്യ വിളിച്ചതില്‍ അസ്വാഭാവിക തോന്നിയില്ലെന്നും മറ്റ് ലക്ഷ്യങ്ങള്‍ അവര്‍ക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂര്‍ ജില്ലാ കളക്ടര്‍ മൊഴി നല്‍കി. പിപി ദിവ്യയെ പ്രതി ചേര്‍ത്ത് ഏഴാം ദിവസവും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസ് റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവര്‍ത്തിച്ച കളക്ടര്‍ അരുണ്‍ കെ വിജയന്‍, യോഗത്തിന് മുമ്പ് അവര്‍ ഫോണില്‍ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. പൊലീസിന് നല്‍കിയ മൊഴിയിലാണ് ആ ഫോണ്‍ കോളില്‍ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടര്‍ പറഞ്ഞത്. യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവര്‍ക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും കളക്ടര്‍ മൊഴി നല്‍കി. ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തില്‍ മാത്രമെന്നാണ് മൊഴി. ക്ഷണിക്കാതെ എഡിഎമ്മിനെ അധിക്ഷേപിക്കാന്‍ ആസൂത്രണം ചെയ്താണ് പിപി ദിവ്യ എത്തിയതെന്ന് തെളിയിക്കുന്നതാണ് കളക്ടറുടെ മൊഴിയും.

Tags:    

Similar News