പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണം; പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് അടക്കം വിദഗ്ധ ചികിത്സ ആവശ്യം; തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ടില്‍; സംരക്ഷണത്തിനായി ലെയ്‌സണ്‍ ഓഫീസായി വനിതാ എസ്‌ഐയെ ചുമതലപ്പെടുത്തി

പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണം

Update: 2025-01-12 10:36 GMT

പത്തനംതിട്ട: പത്തനംതിട്ടയിലെ പീഡനം കേരളത്തെ ശരിക്കും നടക്കുന്നതാണ്. നാല് വര്‍ഷത്തോളമായി പെണ്‍കുട്ടിയെ നിരവധി പേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന വാര്‍ത്ത കേട്ട് എല്ലാവരും നടുങ്ങുകയാണ്. കൂട്ടബലാത്സംഗത്തിന് അടക്കം ദളിത് പെണ്‍കുട്ടി ഇരയായി. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിക്ക് അടിയന്തരമായി സഹായം ആവശ്യമുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ തന്നെ ആവശ്യപ്പെട്ടു. ഡിഐജി അജിതാ ബീഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുട്ടിയുടെ സംരക്ഷണത്തിന് ലെയിസണ്‍ ഓഫീസറായി വനിതാ എസ്‌ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് കൗണ്‍സിലിങ് ഉള്‍പ്പടെ വിദഗ്ധ ചികിത്സ ആവശ്യമാണ്, കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ്‌ഐടിയില്‍ കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കായിക താരത്തെ പീഡിപ്പിച്ച കേസില്‍ ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. രണ്ടു പൊലീസ് സ്റ്റേഷനുകളിലായി 26 അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.

കായിക താരത്തെ പീഡിപ്പിച്ച കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടി നേരിട്ട മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് പുറത്തുവന്നത്. 62 പേര്‍ ലൈംഗികമായി ചൂഷണത്തിന് ഇരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ കുട്ടിയുടെ കായികാധ്യാപകരും സഹപാഠികളും അയല്‍വാസികളുമെല്ലാം ഉള്‍പ്പെടുന്നു. പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ എഴുതി വെച്ചിരുന്നു.

13 വയസ്സുമുതല്‍ പലതവണകളായി 62-ഓളം പേര്‍ പീഡിപ്പിച്ചെന്നായിരുന്നു കായികതാരം കൂടിയായ 18 വയസ്സുള്ള ദളിത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തിയത്. അടുപ്പം സ്ഥാപിച്ച സുബിന്‍ എന്നയാളാണ് പെണ്‍കുട്ടിയെ ആദ്യം ചൂഷണംചെയ്തത്. ഇയാള്‍ പെണ്‍കുട്ടിക്ക് നഗ്നദൃശ്യങ്ങളും അശ്ലീലസന്ദേശങ്ങളും അയച്ചിരുന്നു. പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങളും പ്രതി കൈക്കലാക്കി. പിന്നാലെ ഈ ദൃശ്യങ്ങള്‍ സുബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. തുടര്‍ന്ന് ദൃശ്യങ്ങള്‍ കിട്ടിയവര്‍ ഇത് പെണ്‍കുട്ടിക്ക് അയച്ചുനല്‍കി സമ്മര്‍ദത്തിലാക്കി. പിന്നാലെ ഇവരും പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു. സൂര്യനെല്ലി പീഡനക്കേസിനെ വെല്ലുന്നതാണ് പത്തനംതിട്ടയിലെ ക്രൂരതകള്‍. അതുകൊണ്ടാണ് അന്വേഷണത്തിന് പ്രത്യേക സംഘമെത്തുന്നത്.

അച്ഛന്റെ സ്മാര്‍ട്‌ഫോണ്‍ ആണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഈ ഫോണിലൂടെയായിരുന്നു പ്രതികളെല്ലാം കുട്ടിയെ ബന്ധപ്പെട്ടിരുന്നത്. ഈ ഫോണിലേക്ക് തന്നെയാണ് പ്രതികള്‍ നഗ്നദൃശ്യങ്ങളും അയച്ചുനല്‍കിയത്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലടക്കം വെച്ച് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പീഡന മാഫിയ പിടിമുറുക്കിയെന്ന സൂചനകളാണ് ഈ കേസ് നല്‍കുന്നത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍വെച്ചും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പലരും പെണ്‍കുട്ടിയെ മറ്റുവാഹനങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ചൂഷണംചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരുദിവസം തന്നെ നാലുപേര്‍ മാറിമാറി ബലാത്സംഗംചെയ്‌തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയെ കൈമാറിയവര്‍ പണം വാങ്ങിയിരുന്നുവെന്നും സൂചനകളുണ്ട്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

ഈ ഫോണിലേക്ക് രാത്രികാലങ്ങളില്‍വന്ന ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളില്‍ 32 പേരുടെ നമ്പരുകള്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ സേവ് ചെയ്തതായാണ് വിവരം. പെണ്‍കുട്ടിയുടെ അച്ഛന്റെ പേരിലാണ് സിം. എന്നാല്‍ അച്ഛന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അറിയില്ല. ഈ ഫോണ്‍ പെണ്‍കുട്ടിയാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നതെന്നും സൂചനകളുണ്ട്. ഇനി അധികം അറസ്റ്റ് ഉണ്ടാകും. എഫ് ഐ ആറുകളുടെ എണ്ണം 9 ആയി.

പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന ചില ആളുകള്‍ ജില്ലയ്ക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളില്‍ പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചുവെന്ന് പൊലീസ് കണ്ടെത്തി. വാട്‌സാപ്പില്‍ കിട്ടിയ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഉള്‍പ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.

അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. റാന്നി സ്വദേശികളായ 6 പേരും അറസ്റ്റിലായി. ഇതില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്. അറസ്റ്റിലായവരില്‍ സുബിന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടര്‍ന്ന് ഇയാല്‍ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചെന്ന് പൊലീസ് പറയുന്നു.

Tags:    

Similar News