പറഞ്ഞുപറ്റിച്ചാല്‍ ഇനി പണി കിട്ടും! കാസര്‍കോട്ടിന് എയിംസ് സമ്മാനിച്ചാല്‍ ബിജെപി ജില്ലാ അദ്ധ്യക്ഷയ്ക്ക് സ്വര്‍ണ മോതിരമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി; എട്ടുവര്‍ഷം എംപിയായിട്ടും ഒന്നുംചെയ്യാത്ത 'രാജ്മോഹന്‍ ഉണ്ണിച്ചായ്ക്ക് ഒരു മുളംകയര്‍' ഞാന്‍ വാങ്ങി തരാമെന്ന് എം എല്‍ അശ്വിനി; വികസനമില്ലെങ്കില്‍ വോട്ടില്ലെന്ന് എയിംസ് കൂട്ടായ്മയും
കാസര്‍കോട്ട് എയിംസിനെ ചൊല്ലി വാക്‌പോര്
കാസര്‍കോട്: സംസ്ഥാനത്തിന് എയിംസ് അനുവദിച്ചാല്‍, എവിടെ സ്ഥാപിക്കണം? തര്‍ക്കം തുടങ്ങിയിട്ട് കുറെ നാളായി. കോഴിക്കോട്ടെ കിനാലൂരാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. എയിംസ് ആലപ്പുഴയിലാണ് വേണ്ടതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞതോടെ രാഷ്ട്രീയ വിവാദമായി. കേന്ദ്രത്തില്‍ നിന്നുള്ള രാഷ്ട്രീയ തീരുമാനമാണ് ഇനി വരേണ്ടത്. അതേസമയം, സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ആരോഗ്യസൗകര്യങ്ങളുമായി ബുദ്ധിമുട്ടുന്ന കാസര്‍കോട് ജില്ലയുടെ വികസനവും മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങളിലെ അഭാവവും വീണ്ടും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എയിംസ് കാസര്‍കോട്ട് വേണമെന്ന്ആവശ്യപ്പെട്ട്, രാഷ്ട്രീയ വാക്ക് പോര് രൂക്ഷമാകുന്നു.
എയിംസിനായി മുറവിളി
എയിംസ് കാസര്‍കോടിന് സമ്മാനിക്കാന്‍ കേന്ദ്രം തീരുമാനമെടുത്താല്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റിന് ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മോതിരം സമ്മാനിക്കും എന്ന് കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശത്തോടെ വാക് പോര് രൂക്ഷമായി.
ഇതിനെതിരെ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എം.എല്‍. അശ്വിനി കനത്ത ഭാഷയില്‍ പ്രതികരിച്ചു. 'എട്ടുവര്‍ഷം എംപി ആയിട്ടും ജില്ലയുടെ ആരോഗ്യ മേഖലയിലെ വികസനത്തില്‍ ഒറ്റ മുന്നേറ്റം പോലും ഉണ്ടായിട്ടില്ല. അതിനാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് ഞാന്‍ ഒരു മുളംകയര്‍ വാങ്ങി തരാം''.
ഉണ്ണിത്താന്‍, കാസര്‍കോടിന്റെ എംപി ആണെങ്കിലും അതിനോടൊന്നും താത്പര്യമില്ലെന്ന് ആരോപിച്ച അശ്വിനി, ''കേരളത്തിന് ലഭിക്കേണ്ട എയിംസ് കാസര്‍കോട് തന്നെ വേണം. അത് ജില്ലയിലെ ജനങ്ങളുടെ അവകാശമാണ്,'' എന്നും പറഞ്ഞു. കൂടാതെ, 'തന്നെ എത്ര അപമാനിച്ചാലും കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി ഞാന്‍ എല്ലാം സഹിക്കും. ജനങ്ങള്‍ എന്റെ കൂടെയുണ്ടാകും' എന്നും കൂട്ടിച്ചേര്‍ത്തു.
യാഥാര്‍ഥ്യം എന്ത്?
പ്രതീക്ഷകള്‍ ഉയരുന്നുണ്ടെങ്കിലും കാസര്‍കോട് ജില്ലക്ക് ഇന്ന് വരെ ആധുനിക വൈദ്യസൗകര്യങ്ങളോ, കൂടുതല്‍ സര്‍ക്കാര്‍് മെഡിക്കല്‍ സംവിധാനങ്ങളോ ലഭിച്ചിട്ടില്ല.
എയിംസ് പോലെ ഒരു സ്ഥാപനം ഇന്ന് ജില്ലയുടെ ആവശ്യം മാത്രമല്ല, അവകാശവുമാണ്. ഗുരുതര രോഗങ്ങള്‍ക്ക് മറ്റു ജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യം ഇന്നും തുടരുകയാണ്. മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാസര്‍കോട് ആരോഗ്യ മേഖലയില്‍ ഏറ്റവും പിന്നിലാണ്.
'വോട്ടിന് ശേഷം വികസന നിശ്ശബ്ദത വേണ്ട' - സലീം ചൗക്കിയുടെ ആഹ്വാനം
സാമൂഹിക പ്രവര്‍ത്തകനായ സലീം സന്ദേശം ചൗക്കി ചൂണ്ടിക്കാട്ടുന്നത് പോലെ, ''വോട്ടിന് ശേഷം വികസന നിശബ്ദത ( developmental silence) വീണ്ടും ആവര്‍ത്തിക്കരുത്. കാസര്‍കോടിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ യോഗ്യരായ നേതാക്കളെ തിരഞ്ഞെടുക്കാനുള്ള സമയമാണിത്.'' ''വാര്‍ത്തകളിലും ഫെയ്സ്ബുക്ക് പോസ്റ്റുകളിലും മാത്രം മുഴങ്ങി നില്‍ക്കാതെ, യാഥാര്‍ത്ഥ്യത്തിലുള്ള വികസന നീക്കങ്ങളിലായിരിക്കണം രാഷ്ട്രീയ മത്സരം,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് തമ്മിലടിക്കേണ്ട ഒരു വേദിയല്ല, ആരോഗ്യപരമായ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഒരു ഭൂമിയാകണം. പാര്‍ട്ടികളുടെ വാഗ്ദാനങ്ങളേക്കാള്‍ കൂടുതല്‍, ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന യഥാര്‍ത്ഥ വികസന നീക്കങ്ങള്‍ക്കാണ് കാസര്‍കോട് കാത്തിരിക്കുന്നത്. ഇത് അവഗണിച്ച് മുന്നേറുന്നവര്‍ക്ക് തിരിച്ചടി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് തന്നെയാണ് എയിംസ് കൂട്ടായ്മ പറയുന്നത്