ബുധനാഴ്ച കൊച്ചിയില്‍ വച്ച് അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു; പിന്നാലെ വ്യാഴാഴ്ച തിരുവനന്തപുരത്ത് ആക്കുളത്തെ വീട്ടിലെത്തി രാത്രിയോടെ അറസ്റ്റ്; പിടിച്ചെടുത്ത ഫോണിന്റെ സൈബര്‍ ഫോറന്‍സിക് ഫലം ലഭിച്ചില്ല; ഷാജഹാന്റെ പോസ്റ്റുകളില്‍ മെറ്റയില്‍ നിന്ന് വിവരം തേടിയെങ്കിലും നല്‍കിയില്ല; തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കും മുമ്പേ ആക്കുളത്തെ വീട്ടില്‍ എത്തിയുള്ള അറസ്റ്റ് ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമോ?

കെ എം ഷാജഹാന്റെ അറസ്റ്റ് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമോ?

Update: 2025-09-25 16:34 GMT

തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന കേസില്‍ എറണാകുളം റൂറല്‍ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് സൂചന. കെ.എം. ഷാജഹാനെ റൂറല്‍ ജില്ലാ സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്നെത്തിയ ഷാജഹാനെ കനത്ത സുരക്ഷയോടെയാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. അന്വേഷണ സംഘം ഷാജഹാനില്‍നിന്ന് വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്റ്റേഷനിലെത്തിയ ഷാജഹാനെ രാത്രി 7.18നാണ് വിട്ടയച്ചത്. എന്നാല്‍, ഇന്നുഷാജഹാന്റെ ആക്കുളത്തെ വീട്ടിലെത്തിയ അന്വേഷണ സംഘം അറസ്റ്റിലേക്ക് കടക്കുകയും കൊച്ചിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഷാജഹാന്‍ വനിതാ സിപിഎം നേതാവിനെ അപമാനിച്ചു എന്നതിന് തെളിവുകള്‍ കുറവാണെങ്കിലും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം വന്നതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

അതേസമയം, ഷാജഹാന്റെ പിടിച്ചെടുത്ത ഫോണുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധന ഫലം ഇനിയും ലഭിച്ചിട്ടില്ല

കേസിന്റെ അന്വേഷണ ഘട്ടത്തില്‍, ഷാജഹാന്‍ പങ്കുവെച്ചുവെന്ന് പറയുന്ന അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനായി പോലീസ് മെറ്റയോട് വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍, മെറ്റ വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചു. മെറ്റയില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്റര്‍പോള്‍ മുഖേന ഇടപെടാന്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടി. ഷാജഹാനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നതിന് മുമ്പേ അറസ്റ്റിലേക്ക് കടന്നതാണ് സംശയം ഉളവാക്കുന്നത്.

തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെ കെ ജെ ഷൈന്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ എം ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ഷാജഹാനെ ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

കെ എം ഷാജഹാനെ അര്‍ധരാത്രിയോടുകൂടി കൊച്ചിയിലെത്തിക്കും. നിലവില്‍ ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചെങ്ങമനാട് എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന സംഘമാണ് ഷാജഹാനെ ആകുളത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ഷൈനെതിരെ നടന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഷൈന്‍ നല്‍കിയ കേസില്‍ ഉള്‍പ്പെട്ട എഫ്.ഐ.ആറിനെക്കുറിച്ച് ഒരു സ്ത്രീയുടെ പേര് പരാമര്‍ശിച്ച് ഷാജഹാന്‍ വീഡിയോ ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെത്തുടര്‍ന്ന് ഷൈന്‍ വീണ്ടും പോലീസില്‍ പരാതി നല്‍കിയിരുന്നു. റൂറല്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷാജഹാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    

Similar News