പായും തലയിണയും ഉണ്ടെങ്കിലും കൊതുകു കടി അസാധ്യം; നിലത്തെ കിടപ്പും കഠിനം; ഒരാഴ്ചത്തെ ജയില്‍ വാസം ദിവ്യയെ മാനസികമായി തളര്‍ത്തി; എല്ലാം ഒരുക്കാന്‍ പുറത്ത് സഖാക്കളുണ്ടെങ്കിലും അകത്ത് നിറയുന്നത് നിരാശ; ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍ തീപാറും; ദിവ്യയ്ക്ക് ചൊവ്വാഴ്ച നല്ല ദിവസമാകുമോ?
തലശ്ശേരി: പായും തലയിണയും ഉണ്ടെങ്കിലും കൊതുകു കടി അസാധ്യമാണ്. കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ റിമാന്‍ഡിലായിട്ട് ഒരാഴ്ച. ഒക്ടോബര്‍ 29-നാണ് ദിവ്യ റിമാന്‍ഡിലായത്. ജയിലിന് പുറത്ത് സംവിധാനങ്ങള്‍ സിപിഎം ഒരുക്കിയിട്ടുണ്ടെങ്കിലും ഒരാഴ്ചത്തെ ജയില്‍ വാസം ദിവ്യയെ മാനസികമായി തളര്‍ത്തിയെന്നാണ് വിലയിരുത്തല്‍. ജയിലില്‍ സന്തോഷത്തോടെ കഴിയുന്നുവെന്ന തരത്തിലാണ് പെരുമാറ്റമെങ്കിലും മാനസിക വേദന താങ്ങാവുന്നതില്‍ അപ്പുറമാണ്. വിഐപി പരിഗണന നല്‍കുമ്പോഴും ജയിലില്‍ കട്ടില്‍ പോലും ദിവ്യയ്ക്ക് അനുവദിക്കാന്‍ കഴിഞ്ഞില്ല. എംഎല്‍എയോ എംപിയോ ആയാല്‍ മാത്രമേ അത്തരം പരിഗണനകള്‍ കിട്ടൂ. സിപിഎം സംഘടനാ നടപടി എടുക്കാത്തത് മാത്രമാണ് ദിവ്യയ്ക്ക് ആശ്വാസം.
ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മുന്‍പാകെ വാദം കേള്‍ക്കുന്നുണ്ട്. ജാമ്യാപേക്ഷയില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ വാദം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്‍കും. നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ദിവ്യയ്ക്കുവേണ്ടി ജാമ്യാപേക്ഷ നല്‍കിയ അഡ്വ. കെ. വിശ്വനും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോണ്‍ എസ്.റാല്‍ഫും ജാമ്യാപേക്ഷയില്‍ വാദം നടത്തും. ഒക്ടോബര്‍ 29-നാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്ക്കണ് അന്വേഷണസംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം ഒരു ദിവസം മണിക്കൂറുകള്‍ മാത്രം ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. എങ്കിലും അന്ന് തന്നെ തിരികെ ജയിലിലും ദിവ്യ എത്തി. സഹതടവുകാരോടെല്ലാം സ്‌നേഹത്തോടെയാണ് ദിവ്യയുടെ പെരുമാറ്റം.
റിമാന്‍ഡ് തടവുകാര്‍ക്കൊപ്പമല്ല ദിവ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. പരോള്‍ സാധ്യതയുള്ള കോടതി ശിക്ഷിച്ചവര്‍ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ആക്രമണ ഭീഷണിയോ മറ്റ് പ്രശ്‌നമോ ഒന്നും ദിവ്യയ്ക്ക് നേരിടേണ്ടി വന്നില്ല. ജാമ്യ ഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കി ഇന്ന് തന്നെ വിധിയുണ്ടാകുമെന്ന പ്രതീക്ഷ ദിവ്യയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അതിവേഗ വാദം ദിവ്യയുടെ അഭിഭാഷകന്‍ നടത്തും. പോലീസ് കസ്റ്റഡി അടക്കം നല്‍കിയതു കൊണ്ട് ഇനി ദിവ്യയെ റിമാന്‍ഡില്‍ വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് അഭിഭാഷകന്‍ വാദിച്ചേക്കും. അന്വേഷണവുമായി സഹകരിക്കുമെന്നും രാജ്യം വിട്ടു പോകില്ലെന്നും അറിയിക്കും. ഇതെല്ലാം മുഖവിലയ്‌ക്കെടുത്ത് ജാമ്യം നല്‍കുമെന്നാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ. എന്നാല്‍ നവീന്‍ ബാബു വിഷയത്തിലെ വിവാദം കണക്കിലെടുത്ത് ശക്തമായ വാദങ്ങള്‍ പ്രോസിക്യൂഷനും ഉയര്‍ത്തും. ഉപതിരഞ്ഞെടുപ്പിന് മുമ്പ് ദിവ്യയ്ക്ക് ജാമ്യം കിട്ടിയാല്‍ അത് പുതിയ രാഷ്ട്രീയ ചര്‍ച്ചയുമാകും. ഇതെല്ലാം പ്രോസിക്യൂഷനേയും സ്വാധിനിക്കും. അതുകൊണ്ട് തന്നെ കോടതിയില്‍ തീപാറും വാദങ്ങളുരും.
നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്ന് പിപി ദിവ്യ മൊഴി നല്‍കിയിരുന്നു. എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് ആരോപിച്ചിരുന്ന ടി വി പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും പെട്രോള്‍ പമ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ദിവ്യ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രശാന്തുമായി ഫോണ്‍വിളികള്‍ നടന്നിട്ടില്ല. പ്രശാന്ത് ജില്ലാ പഞ്ചായത്തിന്റെ ഹെല്‍പ്പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍ മാത്രമാണെന്നും ദിവ്യ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ദിവ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വനിതാ ജയിലിലേക്ക് മാറ്റിയത്.
ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മൊഴിയെടുക്കണമെന്നും ബിനാമി ഇടപാടുകള്‍, കളക്ടറുടെ മൊഴി തുടങ്ങി നിരവധി കാര്യങ്ങളില്‍ ദിവ്യയില്‍ നിന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി കോടതിയെ അറിയിച്ചിരുന്നു. അങ്ങനെയാണ് കസ്റ്റഡി അനുവദിച്ചത്. എന്നാല്‍, കീഴടങ്ങിയ ദിവസം ദിവ്യയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് മുഹമ്മലി ഷഹര്‍ഷാദ് അഞ്ച് മണി വരെ മാത്രം അന്ന് കസ്റ്റഡി അനുവദിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം നാലു മണിയോടെ പൊലീസ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി വനിതാ ജയിലിലെത്തിക്കുകയും ചെയ്തു.