വെള്ളാപ്പള്ളി കടുത്ത നിലപാടില്‍; ഹൈക്കോടതിയുടെ പരാമര്‍ശവും എതിര്; ആ പരാമര്‍ശം മാറ്റണമെന്ന അപേക്ഷയില്‍ ദേവസ്വം ബെഞ്ച് എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും; പ്രശാന്തിനെ ഒരു കൊല്ലത്തേക്ക് കൂടി പ്രസിഡന്റായി കാണാന്‍ മോഹിക്കുന്നത് പിണറായി; ശബരിമലയില്‍ 'ക്യാപ്ടന്‍' മാറുമോ?

Update: 2025-11-05 01:46 GMT

തിരുവനന്തപുരം: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലം കഴിയുംവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുനഃസംഘടന വേണ്ടെന്ന ധാരണയില്‍ സര്‍ക്കാര്‍ എത്തുന്നുവെങ്കിലും നിര്‍ണ്ണായകമാകുക ഹൈക്കോടതി നിലപാടുകള്‍. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയേക്കും. നവംബര്‍ പത്തിനാണ് കാലാവധി അവസാനിക്കുന്നത്. ഉടന്‍ തന്നെ ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കും. നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ ചില നിരീക്ഷണങ്ങള്‍ ഹൈക്കോടതി നടത്തിയിട്ടുണ്ട്. ഈ നിരീക്ഷണങ്ങള്‍ മാറ്റണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. അതിരൂക്ഷ വിമര്‍ശനം വീണ്ടും ഉണ്ടായാല്‍ സര്‍ക്കാര്‍ നീക്കം പ്രതിസന്ധിയിലാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രശാന്തിന് അനുകൂലമായ നിലപാട് എടുക്കുന്നത്.

ബോര്‍ഡിന് കാലാവധി നീട്ടിക്കൊടുക്കണമെന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐയ്ക്കും ഒരേ അഭിപ്രായമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രശാന്തിന് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം 16ന് ആരംഭിക്കാനിരിക്കെ തിരക്കിട്ടു ഭരണസമിതിയെ മാറ്റുന്നത് മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കഴിഞ്ഞ വര്‍ഷം പരാതികള്‍ ഇല്ലാതെ മികച്ച രീതിയില്‍ തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ ശബരിമലയില്‍ നടന്ന കൊള്ള പുറത്തു വന്നു. ആഗോള അയ്യപ്പ സംഗമം അടക്കം പ്രതിസന്ധിയിലായി. ഇതിനൊപ്പം എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും നിലവിലെ നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നും പ്രശാന്തിനും ദേവസ്വം ബോര്‍ഡിനും ആശ്വാസം ഉണ്ടായില്ലെങ്കില്‍ അത് കാലാവധി നീട്ടി നല്‍കുന്നതില്‍ പ്രശ്‌നമായി മാറുകയും ചെയ്യും. ഹൈക്കോടതിയുടെ സംശയ നിഴലിലുള്ള വ്യക്തികളെ ശബരിമലയിലേക്ക് വീണ്ടും നിയോഗിക്കുന്നതും ഇടതിന് തിരിച്ചടിയാകും.

ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ ഹൈക്കോടതി വിധിയില്‍ പരാമര്‍ശമുണ്ടായ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നീക്കണമെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. വിവാദം നിലനില്‍ക്കുമ്പോള്‍ പ്രസിഡന്റിനെ മാറ്റുന്നതു ഗുണകരമാകില്ലെന്ന നിലപാടിലാണ് സിപിഎം. അങ്ങനെ ചെയ്താല്‍ കുറ്റം സമ്മതിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് കുടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ ഇറങ്ങും. മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും.

2023ലാണ് പിഎസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റത്. പ്രസിഡന്റ് സ്ഥാനത്ത് കെ അനന്തഗോപന്റെ കാലാവധി കഴിഞ്ഞതോടെയാണ് പ്രശാന്ത് ചുമതലയേറ്റത്. കെ എസ് യുവിലൂടെ പൊതു രംഗത്തെത്തിയ പ്രശാന്ത്, കെ എസ് യു തിരുവനന്തപുരം ജില്ല പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു. 2021 ല്‍ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി. തെരഞ്ഞെടുപ്പ് പരാജയത്തിന് പലോട് രവിയുടെ നിസ്സഹകരണമാണെന്ന് കാണിച്ച് പ്രശാന്ത് കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ പുനഃസംഘടനയില്‍ പാലോട് രവിയെ ഡിസിസി പ്രസിഡന്റായി നിയമിച്ചതോടെയാണ് പിഎസ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത്.

Tags:    

Similar News