ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യരക്ഷയ്ക്കായി ജീവന്‍ പണയം വെച്ച് പൊരുതിയവര്‍ക്ക് ആദരം; നാല് പേര്‍ക്ക് കീര്‍ത്തി ചക്രയും, 15 പേര്‍ക്ക് വീര്‍ ചക്രയും, 15 പേര്‍ക്ക് ശൗര്യചക്രയും; രണ്ട് പേര്‍ക്ക് സര്‍വോത്തം യുദ്ധസേവാ മെഡല്‍; മലയാളി നാവികസേനാ കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് നാവികസേനാ മെഡല്‍; വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദിന് യുദ്ധസേവ മെഡല്‍

രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു.

Update: 2025-08-14 15:07 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു.മൊത്തം 127 സൈനികര്‍ക്കാണ് മെഡലുകള്‍ ലഭിക്കുക. ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്കുവഹിച്ചവര്‍ക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നാല് പേര്‍ക്ക് കീര്‍ത്തി ചക്രയും, 15 പേര്‍ക്ക് വീര്‍ ചക്രയും, 15 പേര്‍ക്ക് ശൗര്യചക്രയും ലഭിക്കും. കൂടാതെ, 58 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലും, 26 പേര്‍ക്ക് വായുസേനാ മെഡലും, ഒമ്പത് പേര്‍ക്ക് യുദ്ധ സേവ മെഡലും നല്‍കും.

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത 9 വൈമാനികര്‍ക്ക് വീര്‍ ചക്ര

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത വ്യോമസേനയിലെ ഒന്‍പത് വൈമാനികര്‍ക്കാണ് വീര്‍ചക്ര ലഭിക്കുന്നത്. പാകിസ്ഥാനിലെ മുരിദ്കെ, ബഹാവല്‍പൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ വിജയകരമായി ആക്രമണം നടത്തിയ പൈലറ്റുമാരാണ് പുരസ്‌കാര പട്ടികയില്‍ ഇടം നേടിയത്. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ രഞ്ജിത് സിംഗ് സിദ്ധു, മനീഷ് അറോറ, അനിമേഷ് പട്‌നി, കുനാല്‍ കല്‍റ, വിങ് കമാന്‍ഡര്‍ ജോയ് ചന്ദ്ര, സ്‌ക്വാഡ്രണ്‍ ലീഡര്‍മാരായ സര്‍തക് കുമാര്‍, സിദ്ധാന്ത് സിംഗ്, റിസ്വാന്‍ മാലിക്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ആര്‍ഷ്വീര്‍ സിംഗ് താക്കൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ വൈമാനികര്‍.

യുദ്ധകാലത്ത് നല്‍കുന്ന മൂന്നാമത്തെ ഉയര്‍ന്ന ധീരതാ പുരസ്‌കാരമാണിത്. ആറ് പാക് പോര്‍വിമാനങ്ങളെ ഓപ്പറേഷനിടെ ഇന്ത്യന്‍ വ്യോമ സേന തകര്‍ത്തിരുന്നു. പാക് അതിര്‍ത്തിയില്‍ നിന്നും 300 കിലോ മീറ്ററോളം കടന്നായിരുന്നു ഇന്ത്യന്‍ വ്യോമ സേനയുടെ ആക്രമണം

മറ്റ് പുരസ്‌കാരങ്ങള്‍

കരസേനയില്‍ രണ്ട് പേര്‍ക്ക് സര്‍വോത്തം യുദ്ധസേവാ മെഡലും, നാല് പേര്‍ക്ക് കീര്‍ത്തിചക്ര പുരസ്‌കാരവും ലഭിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്കുവഹിച്ച വ്യോമസേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് യുദ്ധസേവ മെഡല്‍ ലഭിക്കും. എയര്‍ വൈസ് മാര്‍ഷല്‍ ജോസഫ് സ്വാരസ്, എ.വി.എം പ്രജ്വല്‍ സിംഗ്, എയര്‍ കമാന്‍ഡര്‍ അശോക് രാജ് താക്കൂര്‍ എന്നിവരാണ് ഈ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ഇവര്‍ക്ക് പുറമെ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത 13 വ്യോമസേന പൈലറ്റുമാര്‍ക്കും യുദ്ധ സേവ മെഡല്‍ നല്‍കും.

മലയാളികള്‍ക്ക് അംഗീകാരം

മലയാളിയായ നാവികസേനാ കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേനാ മെഡല്‍ സമ്മാനിക്കും. മലയാളി വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദിന് യുദ്ധസേവ മെഡലും ലഭിക്കും. ബി.എസ്.എഫിലെ രണ്ട് പേര്‍ക്ക് വീര്‍ചക്ര പുരസ്‌കാരം സമ്മാനിക്കും.

ഈ പുരസ്‌കാരങ്ങള്‍ രാജ്യരക്ഷയ്ക്കായി ജീവന്‍ പണയം വെച്ച് പോരാടുന്ന സൈനികരുടെ ധീരതയ്ക്കും ത്യാഗത്തിനും നല്‍കുന്ന വലിയ അംഗീകാരമാണ്.

https://www.pib.gov.in/PressReleasePage.aspx?PRID=2156515

Tags:    

Similar News