ജീവിതപങ്കാളിയുടെ നിലപാട് അനുസരിച്ചേ ഒരു സ്ത്രീ മിണ്ടാന്‍ പാടുള്ളോ; ഇങ്ങനെ ചിന്തിക്കുന്നവര്‍ ഏത് നൂറ്റാണ്ടില്‍ പാര്‍പ്പുറപ്പിച്ചവരാണ്! സ്ത്രീയുടെ ശബ്ദം വേറിട്ട് കേള്‍ക്കുമ്പോള്‍ വിറ വരും; ദിവ്യ എസ് അയ്യരെ പിന്തുണച്ച് കെ കെ രഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്
ജീവിതപങ്കാളിയുടെ നിലപാട് അനുസരിച്ചേ ഒരു സ്ത്രീ മിണ്ടാന്‍ പാടുള്ളോ
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ ദിവ്യക്കെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ് ഉണ്ടായത്. ഈ വിഷയത്തില്‍ പ്രതികരണവുമായി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് രംഗത്തുവന്നു. മുഖ്യമന്ത്രിക്ക് പാദസേവ ചെയ്യുകയാണെന്ന കെ മുരുളീധരന്റെ അടക്കം വിമര്‍ശനത്തോടാണ് പ്രിയയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും അതിന്റെ തലവനായ മുഖ്യമന്ത്രിയുടെ പാദസേവകരാണ് എന്നത് ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയ മാറാത്തവരുടെ ഭാഷയാണെന്ന് കെ.കെ. രാഗേഷിന്റെ ഭാര്യ പറഞ്ഞു. കെ.കെ. രാഗേഷിനെ അനുകൂലിച്ചുള്ള ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് ദിവ്യയെ പിന്തുണച്ച് പ്രിയ വര്‍ഗീസ് ഫെയ്‌സ്ബുക്ക് കുറിപ്പിട്ടത്. സഹപ്രവര്‍ത്തകരോട് ആധുനിക മനുഷ്യര്‍ കാണിക്കുന്ന എല്ലാ സുജന മര്യാദകളും അങ്ങനെയുള്ളവര്‍ പരസ്പരം കാണിക്കുകയും ചെയ്യും. അതേ ദിവ്യ എസ്. അയ്യരും ചെയ്തിട്ടുള്ളൂ. ഒരു സുഹൃത്ത്, സഹപ്രവര്‍ത്തക, കൂടെ ജോലി ചെയ്തിരുന്ന ഒരാള്‍ ആ ഓഫിസിലെ സേവനം മതിയാക്കി പോകുമ്പോള്‍ ഒരു അഭിപ്രായം പറഞ്ഞു. നമ്മളെല്ലാവരും സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം. പക്ഷേ ചിലര്‍ക്ക് അതും വിവാദമാണെന്നും പ്രിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ദിവ്യയുടെ ജീവിതപങ്കാളിയുടെ രാഷ്ട്രീയമാണ് വിമര്‍ശനങ്ങള്‍ക്ക് ഒരു കാരണം. ജീവിതപങ്കാളിയുടെ നിലപാടുകള്‍ക്ക് അനുസരിച്ചു മാത്രമേ ഒരു സ്ത്രീ മിണ്ടാനും കൂട്ടു കൂടാനും പാടുള്ളൂ എന്ന് ചിന്തിക്കുന്നവര്‍ ഏതു നൂറ്റാണ്ടില്‍ പാര്‍പ്പുറപ്പിച്ചവരാണ്. തന്റെ സര്‍വീസ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ഒരു കാര്യമേയല്ല ഐഎഎസ് ഓഫിസറായ ദിവ്യ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പിഎസ് എന്നത് സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു പദവി ആണല്ലോയെന്നും പ്രിയ ചോദിക്കുന്നു.
പ്രിയ വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'ചിമ്മാന്‍ഡ എന്‍ഗോസി അദീച്ചിയുടെ എത്രയും പ്രിയപ്പെട്ടവള്‍ക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ' എന്ന പുസ്തകത്തിന്റെ പരിഭാഷ വായിച്ചപ്പോഴാണ് ഡോ. ദിവ്യാ എസ്. അയ്യര്‍ എന്ന വ്യക്തിയോട് എനിക്ക് ആദ്യം ഇഷ്ടം തോന്നിയത്. ഉറച്ചവാക്കുകളില്‍ തെളിമയോടെ സംസാരിക്കുന്ന കരുത്തുറ്റ സ്ത്രീകളോടെല്ലാം തോന്നുന്ന സ്‌നേഹം അവരോട് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. സിഎംഒയില്‍ ഉണ്ടായിരുന്ന കാലത്തെ രാഗൂന്റെ പ്രവൃത്തി സമയം രാവിലെ 9 മണി മുതല്‍ രാത്രി ഏതാണ്ട് 11/12 മണി വരെ നീളുന്നതായിരുന്നു. നമ്മുടെ തൊഴിലിടം പലപ്പോഴും കുടുംബസൗഹൃദങ്ങളുടേത് കൂടിയാവാറുണ്ട്. എന്റെയും രാഗുവിന്റെയും തൊഴിലിടങ്ങള്‍ മുന്‍പ് പലപ്പോഴും അങ്ങനെ തന്നെയായിരുന്നു.
പക്ഷേ സിഎംഒയിലെ കാലം അങ്ങനെ സൗഹൃദങ്ങള്‍ക്കോ യാത്രകള്‍ക്കോ പോലുമുള്ള സാവകാശം തീരെ ഇല്ലാത്ത ഒന്നായിരുന്നു. അതിനിടയില്‍ വീണു കിട്ടിയ അപൂര്‍വം ചില അവസരങ്ങളില്‍ ഒന്നായിരുന്നു ദിവ്യ എസ്. അയ്യരുമായുള്ള സൗഹൃദം. ദിവ്യയുടെ അച്ഛനേയും അമ്മയേയും ചേച്ചിയേയുമൊക്കെയായി പരിചയപ്പെടാന്‍ ലഭിച്ച അവസരം ഏറെ ഹൃദ്യമായിരുന്നു. മതവും രാഷ്ട്രീയവും ഒന്നും നോക്കിയാവരുതല്ലോ മനുഷ്യര്‍ കൂട്ടു കൂടുന്നത്.
സിഎംഒയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരും അതിന്റെ തലവനായ മുഖ്യമന്ത്രിയുടെ പാദസേവകരാണ് എന്നത് ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയ മാറാത്തവരുടെ ഭാഷയാണ്. അവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസും കവടിയാര്‍ കൊട്ടാരവും തമ്മിലുള്ള വ്യത്യാസം ഇനിയും തിരിഞ്ഞു കിട്ടിയിട്ടില്ല. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍! പക്ഷേ ആധുനിക ബോധമുള്ളവര്‍ പറയുക ആ ഓഫിസില്‍ എല്ലാവരും മുഖ്യമന്ത്രിയുടെ സഹപ്രവര്‍ത്തകര്‍ ആണെന്നാണ്. സഹപ്രവര്‍ത്തകരോട് ആധുനിക മനുഷ്യര്‍ കാണിക്കുന്ന എല്ലാ സുജന മര്യാദകളും അങ്ങനെയുള്ളവര്‍ പരസ്പരം കാണിക്കുകയും ചെയ്യും. അതേ ഡോ. ദിവ്യാ എസ്. അയ്യരും ചെയ്തിട്ടുള്ളൂ. ഒരു സുഹൃത്ത്, സഹപ്രവര്‍ത്തക, കൂടെ ജോലി ചെയ്തിരുന്ന ഒരാള്‍ ആ ഓഫിസിലെ സേവനം മതിയാക്കി പോകുമ്പോള്‍ ഒരു അഭിപ്രായം പറഞ്ഞു. നമ്മളെല്ലാവരും സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം. പക്ഷേ ചിലര്‍ക്ക് അതും വിവാദമാണ്!
ദിവ്യയുടെ ജീവിതപങ്കാളിയുടെ രാഷ്ട്രീയമാണ് വിമര്‍ശനങ്ങള്‍ക്ക് ഒരു കാരണം. ജീവിതപങ്കാളിയുടെ നിലപാടുകള്‍ക്ക് അനുസരിച്ചു മാത്രമേ ഒരു സ്ത്രീ മിണ്ടാനും കൂട്ടു കൂടാനും ഒക്കെ പാടുള്ളൂ എന്ന് ചിന്തിക്കുന്നവര്‍ ഏത് നൂറ്റാണ്ടില്‍ പാര്‍പ്പുറപ്പിച്ചവരാണ്! തന്റെ സര്‍വീസ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ഒരു കാര്യമേയല്ല ഐഎഎസ് ഓഫിസറായ ദിവ്യ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പിഎസ് എന്നത് ഗവണ്മെന്റ് സര്‍വീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു പദവി ആണല്ലോ. ആ പദവിയില്‍ ഇരുന്ന ഒരാളെക്കുറിച്ച്, ആ പദവിയില്‍ ഇരുന്ന കാലയളവിനെക്കുറിച്ചാണല്ലോ ദിവ്യയുടെ അഭിപ്രായപ്രകടനം! മുന്‍പ് മുഖ്യമന്ത്രിയെക്കുറിച്ചും രാധാകൃഷ്ണന്‍ സഖാവിനെക്കുറിച്ചും ദിവ്യ എസ്.അയ്യര്‍ ഇത്തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയപ്പോഴും കേരളീയ പൊതുസമൂഹം ദര്‍ശിച്ച ഒരു പ്രവണത, ഒരു സ്ത്രീ എന്ന നിലയ്ക്ക് അതിനെ ചില പ്രത്യേക നോട്ടപ്പാടില്‍ അവതരിപ്പിക്കുക എന്നതായിരുന്നു.
വിഴിഞ്ഞം പോര്‍ട്ടിന്റെ ഉദ്ഘാടനവേളയില്‍ മറ്റു ചില ഐഎഎസ് ഉദ്യോഗസ്ഥന്മാരും അന്നത്തെ ചീഫ് സെക്രട്ടറി ശ്രീ. വേണു ഐഎഎസ് ഉള്‍പ്പടെ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പക്ഷേ ദിവ്യ എസ്. അയ്യരുടെ അഭിപ്രായപ്രകടനം മാത്രമാണ് ആക്രമണങ്ങള്‍ക്കു ശരവ്യമായത്. അതിനു പിന്നില്‍ നമ്മുടെ സമൂഹത്തില്‍ വേരുറച്ച ആണ്‍കോയ്മയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ ശബ്ദം വേറിട്ട് കേള്‍ക്കുമ്പോള്‍ ഇവിടെ ചിലര്‍ക്ക് വിറ വരും. ഈ രോഗം ചികിത്സിച്ചു മാറ്റാനുള്ള ഉത്തരവാദിത്തം ആധുനികരായ എല്ലാ മനുഷ്യര്‍ക്കും ഉണ്ട്. സുവചസ്സായ സ്‌നേഹശീലയായ കരുത്തയായ എന്റെ സുഹൃത്തിന് ഐക്യദാര്‍ഡ്യം.